| Friday, 16th January 2026, 9:55 pm

നിവിന്‍ വില്ലനോ? വയലന്‍സില്ലാത്ത ത്രില്ലര്‍ ലോഡിങ്, ബേബി ഗേളിന്റെ ട്രെയ്‌ലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അരുണ്‍ വര്‍മയുടെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തുന്ന ബേബി ഗേളിന്റെ ട്രെയ്‌ലര്‍ പുറത്ത്. ബോബി സഞ്ജയുടെ തിരക്കഥയില്‍ മാജിക് ഫ്രെയിമ്‌സിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രത്തിന് അനൗണ്‍സ്‌മെന്റ് മുതലേ ഹൈപ്പുണ്ടായിരുന്നു.

നിവിന്‍ പോളി Photo: ട്രെയ്‌ലറിലെ ഒരു രംഗത്തില്‍ നിന്നും/screengrab/ youtube.com

കഴിഞ്ഞ ദിവസം ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഒരുപാട് നിഗൂഢതകള്‍ ഒളിപ്പിക്കുന്ന ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്.

ഹോസ്പിറ്റല്‍ അറ്റന്‍ഡ് സനല്‍ മാത്യു എന്ന കഥാപാത്രമായാണ് നിവിന്‍ ചിത്രത്തില്‍ വേഷമിടുന്നത്. ഒരു പെണ്‍കുട്ടിയെ കാണാതായതിനെ ചുറ്റിപറ്റിയാണ് സിനിമയുടെ കഥ കിടക്കുന്നതെന്നാണ് ട്രെയ്‌ലര്‍ സൂചനകള്‍ നല്‍കുന്നത്. എന്നാല്‍ കൃത്യമായി കഥ എങ്ങനെയായിരിക്കുമെന്ന് വ്യക്തമല്ല.

ട്രെയ്‌ലറില്‍ കാണിക്കുന്ന ഹോസ്പിറ്റല്‍ സീനുകളും മറ്റും ബോബി സഞ്ജയുടെ തിരക്കഥയില്‍ വന്ന ട്രാഫിക് എന്ന സിനിമയെ ഓര്‍മപ്പെടുത്തുന്നുണ്ട്.

ട്രെയ്‌ലര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കഴിഞ്ഞു. ട്രെയ്‌ലറിന് അവസാനഭാഗത്ത് നിവിന്‍ പോളിയുടെ ഒരു നോട്ടം ഹൈലൈറ്റ് ചെയ്ത് കാണിക്കുന്നുണ്ട്. ഇതില്‍ നിന്നും പടത്തിലെ വില്ലന്‍ നിവിന്‍ പോളിയാണോ എന്ന ചോദ്യം ആരാധകരുടെ ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്.

സര്‍വ്വം മായക്ക് ശേഷം നിവിന്‍ ട്രാക്കിലേക്ക് കയറിയെന്നും ബേബി ഗേള്‍ മികച്ച വിജയം സ്വന്തമാക്കുമെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. നിവിന്‍ പോളിയുടെ അടുത്ത ഹിറ്റ് ലോഡിങ്, 2026 നിവിന്‍ തൂക്കും, പ്രോമിസിങ് ട്രെയ്‌ലര്‍ എന്നീ കമന്റുകളും സോഷ്യല്‍ മീഡിയയില്‍ കാണാം.

ട്രാഫിക്, നോട്ട് ബുക്ക്, അയാളും ഞാനും തമ്മില്‍ പോലുള്ള ചിത്രത്തിന്റെ തിരക്കഥാകൃത്തായ ബോബി സഞ്ജയ് തിരക്കഥ നിര്‍വഹിക്കുന്ന സിനിമ എന്നതും പ്രേക്ഷകരില്‍ ആകാംഷ വര്‍ധിപ്പിക്കുന്നുണ്ട്. സുരേഷ് ഗോപി നായകനായെത്തിയ ഹിറ്റ് ചിത്രം ഗരുഡന് ശേഷം അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ബേബി ഗേള്‍.

ചിത്രത്തില്‍ നിവിന്‍ പോളിക്ക് പുറമെ ലിജോമോള്‍, സംഗീത് പ്രതാപ്, അഭിമന്യു തിലകന്‍, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാല്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമ ജനുവരി 23ന് തിയേറ്ററുകളിലെത്തും.

ഫയസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ഷൈജിത്ത് കുമാറാണ്. സുരേഷ് ഗോപി നായകനായെത്തിയ ഗരുഡന്‍ എന്ന ചിത്രത്തിന് ശേഷം അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബേബി ഗേള്‍.

Content Highlight: The trailer of Baby Girl starring Nivin Pauly is out 

We use cookies to give you the best possible experience. Learn more