| Saturday, 1st November 2025, 9:33 pm

സ്‌ക്രീനിന് പിന്നിലല്ല, ഇനി നായകന്‍; ലോകേഷ് കനകരാജ് ചിത്രം 'ഡിസി'യുടെ ടൈറ്റില്‍ ടീസര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിക്രം, കൈതി, ലിയോ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ലോകേഷ് കനകരാജ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നു. ലോകേഷ് പ്രധാനവേഷത്തിലെത്തുന്ന ‘ഡിസി’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസറാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്.

റോക്കി, സാന്നി കായിധം എന്നീ സിനിമകളുടെ സംവിധായകനായ അരുണ്‍ മാതേശ്വരനാണ് ഡിസി സംവിധാനം ചെയ്യുന്നത്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് വാമിക ഗബ്ബിയാണ്. ഗോദ എന്ന മലയാള ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് വാമിഖ.
ഇരുവരും ജോഡികളായെത്തുന്ന ഈ ടീസര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ടീസറില്‍ നീണ്ട മുടിയും കട്ടിയുള്ള താടിയുമായി ഒരു പരുക്കന്‍ ലുക്കിലാണ് ലോകേഷ് പ്രത്യക്ഷപ്പെടുന്നത്. ദേവദാസ് എന്ന കഥാപാത്രമായാണ് ലോകേഷ് വേഷമിടുന്നത്. അണിയറക്ക് പുറത്തുള്ള ലോകേഷ് മാജിക്ക് കാണാനിരിക്കുകയാണ് ആരാധകര്‍. അതേസമയം ഇതുവരെ കാണാത്ത ഒരു ലുക്കിലാണ് വാമിഖ ടീസറില്‍ എത്തിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം നല്‍കിയിരിക്കുന്നത്.

തമിഴ് സിനിമയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകള്‍ നല്‍കിയിട്ടുള്ള സംവിധായകനാണ് ലോകേഷ്. . 2017ല്‍ റിലീസായ മാനഗരം എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ അദ്ദേഹം പിന്നീട് കൈതി, വിക്രം തുടങ്ങി ഹിറ്റുകള്‍ സമ്മാനിച്ചു. ലോകേഷിന്റെ പ്രകടനം വലിയ സ്‌ക്രീനില്‍ കാണാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Content highlight: The title teaser of the film ‘DC’, starring Lokesh kanakaraj  in the lead role, has now been released

We use cookies to give you the best possible experience. Learn more