ന്യൂദല്‍ഹി: വിലകൂടിയ മരുന്നുകളുടെ പേരില്‍ രോഗികളെ ചൂഷണം ചെയ്യുന്നതിനെതിരെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. രാജ്യത്ത് മരുന്ന് വില കാരണം ജനങ്ങള്‍ കനത്ത സാമ്പത്തിക ബാധ്യത നേരിടുമ്പോഴും, പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അവഗണിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി ‘സഞ്ചിയുമെടുത്ത് മടങ്ങാനുള്ള സമയം അടുക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പരിഹസിച്ചു. ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും നടക്കുന്ന മരുന്ന് കൊള്ളയെക്കുറിച്ചുള്ള ഒരു മാധ്യമ റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു ജയറാം രമേശിന്റെ വിമര്‍ശനം. ഉത്തര്‍പ്രദേശില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനകളില്‍, മരുന്നുകളുടെ യഥാര്‍ത്ഥ വാങ്ങല്‍ വിലയും പാക്കറ്റില്‍ അച്ചടിച്ചിരിക്കുന്ന പരമാവധി വില്പന വിലയും തമ്മില്‍ ഭീമമായ വ്യത്യാസമുള്ളതായി കണ്ടെത്തിയിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ കാരണം രാജ്യത്ത് മരുന്ന് വില കുതിച്ചുയരുകയാണെന്നും ജനങ്ങളെ കൊള്ളയടിക്കുന്നത് ഏത് പരിധി വരെയാണെന്നുവെച്ചാല്‍, 74 രൂപ വിലയുള്ള ഒരു ഇഞ്ചെക്ഷന്‍ വില്‍ക്കുന്നത് 4,980 രൂപയ്ക്കാണ്.
ഉത്തര്‍പ്രദേശില്‍ ആരോഗ്യ സേവനങ്ങള്‍ക്കായി യഥാര്‍ത്ഥ ചെലവിനേക്കാള്‍ 67 മടങ്ങ് വരെ കൂടുതല്‍ തുക രോഗികളില്‍ നിന്ന് ഈടാക്കുന്നു,’ അദ്ദേഹം പറഞ്ഞു. ക്യാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങള്‍ക്കുള്ള ഒരു മരുന്നിന്റെ 21 ദിവസത്തെ കോഴ്സിന് മാത്രം 58,000 രൂപയോളം ചെലവ് വരുന്നുണ്ടെന്നും, ഇത് വര്‍ഷത്തില്‍ ഏകദേശം 10 ലക്ഷം രൂപയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പേറ്റന്റ് നിയമത്തിലെ സെക്ഷന്‍ 92, 100 എന്നിവ പ്രകാരം പൊതുജനതാത്പര്യം മുന്‍നിര്‍ത്തി ജീവന്‍രക്ഷാ മരുന്നുകള്‍ കുറഞ്ഞ നിരക്കില്‍ നിര്‍മിക്കാനോ വിതരണം ചെയ്യാനോ സര്‍ക്കാരിന് നിയമപരമായ അധികാരമുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
പേറ്റന്റുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ വാണിജ്യപരമല്ലാത്ത അടിസ്ഥാനത്തില്‍ നിര്‍മിച്ച് രോഗികള്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാരിന് സാധിക്കുമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയ കാര്യവും ജയറാം രമേശ് ചൂണ്ടിക്കാട്ടി.
നിയമത്തില്‍ വ്യക്തമായ വ്യവസ്ഥകളുണ്ടായിട്ടും 12 വര്‍ഷമായി അധികാരത്തിലിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കാന്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Content Highlight: The time to pack up and leave is drawing near: Congress takes a dig at the Prime Minister.