| Tuesday, 27th October 2026, 3:11 pm

'അടുത്ത മോഹൻലാൽ ആഘോഷത്തിന് നേരമായി'; അതിമനോഹരത്തിന്റെ ഫൈനൽ എഡിറ്റ് ലോക്ക് ചെയ്തുവെന്ന് തരുൺ മൂർത്തി

അനുപമ കെ. സീത

‘വരൂ, നമുക്ക് വീണ്ടുമൊരിക്കൽ കൂടി ലാൽ സാറിനെ ആഘോഷിക്കാം’ എന്ന തരുൺ മൂർത്തിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സിനിമാ പ്രേമികളും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം. തുടരും എന്ന ബ്ലോക്ബസ്റ്റർ സിനിമക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ സഹ സംവിധാനം നിർവഹിക്കുന്നത് ബിനു പപ്പുവാണ്.

മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ആക്ഷൻ-കോമഡി-ഡ്രാമ ഴോണറിലുള്ള ചിത്രമാണ് അതിമനോഹരം. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ആദ്യ മോഹൻലാൽ ചിത്രം കൂടിയാണിത്. സിനിമയിൽ ടി.എസ്. ലവലജൻ എന്ന പൊലീസ് ഇൻസ്‌പെക്ടറുടെ വേഷമാണ് മോഹൻലാലിന്റേത്. മീര ജാസ്മിനാണ് നായിക വേഷത്തിലെത്തുന്നത്. നീണ്ട ഇടവേളക്ക് ശേഷം മോഹൻലാലും മീര ജാസ്മിനും ഒന്നിച്ചഭിനയിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

അതിമനോഹരം.Photo. Screen Grab/Facebook.com

ജഗദീഷ്, ലാലു അലക്സ്, സിദ്ദിഖ്, മനോജ് കെ. ജയൻ, ഭാമ അരുൺ, ബിനു പപ്പു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ചിത്രത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നത് ജെക്സ് ബിജോയാണ്. നരൻ, ബാബ കല്യാണി, പുലിമുരുകൻ, ഒടിയൻ, തുടരും എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച ഷാജി കുമാറാണ് ചിത്രത്തിൽ ഛായാഗ്രഹണം ചെയ്യുന്നത്. ഇഷ്‌ക്, അടി, ആലപ്പുഴ ജിംഖാന എന്നീ സിനിമകൾക്ക് തിരക്കഥ ഒരുക്കിയ രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

മലക്ക് പോകുന്ന സ്വാമിമാർക്കിടയിൽ പൊലീസ് വേഷത്തിൽ നിൽക്കുന്ന മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സിനിമാ പ്രേക്ഷകരും ആരാധകരും ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. സിനിമയുടെ പ്രഖ്യാപനം മുതൽ തന്നെ സിനിമയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡിസംബർ 24 ന് തിയേറ്ററുകളിൽ എത്തുമെന്നാണ് തരുൺ മൂർത്തി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്ക് വെച്ചത്.

Content Highlight: ‘The time has come for the next Mohanlal celebration’; Tarun Moorthy said that the final edit of Athimanoharam had been locked.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more