ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായത് വന്‍ സുരക്ഷാ വീഴ്ചയുടെ ഫലമായ ഭീകരാക്രമണമാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ. സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്നും ഉത്തരവാദികളായവരെ കണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും സി.പി.ഐ.എം പി.ബി പ്രസ്താവനയില്‍ പറഞ്ഞു.
കൊലയാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും സി.പി.ഐ.എം പറഞ്ഞു. പഹല്‍ഗാമിലെ ആക്രമണത്തില്‍ പ്രതിഷേധിച്ചും അപലപിച്ചും കശ്മീരിലെ ജനങ്ങള്‍ തന്നെ രംഗത്തെത്തിയത് എടുത്തുപറയേണ്ട ഒന്നാണെന്നും സി.പി.ഐ.എം പി.ബി ചൂണ്ടിക്കാട്ടി.
അതിര്‍ത്തി കടന്നുള്ള ഭീകരതയെ തടയുന്നതിനും ഒരു പ്രതിരോധമായി പ്രവര്‍ത്തിക്കുന്നതിനും സൈനിക പ്രതികരണം സഹായിക്കുമോ എന്ന് സര്‍ക്കാര്‍ ഗൗരവമായി വിലയിരുത്തണമെന്നും സി.പി.ഐ.എം പി.ബി പറഞ്ഞു.
താഴ്വര ഒരു അടച്ചുപൂട്ടലിനാണ് സാക്ഷ്യം വഹിച്ചത്. ജമ്മു കശ്മീരിലെ തീവ്രവാദ ഘടകങ്ങളെ ഒറ്റപ്പെടുത്താന്‍ ഈ ജനവികാരമാണ് കെട്ടിപ്പടുക്കേണ്ടതെന്നും സി.പി.ഐ.എം പി.ബി പറഞ്ഞു. നിരപരാധികളായ കുടുംബങ്ങളെയും സാധാരണക്കാരെയും ബാധിക്കുന്ന വിധത്തില്‍ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്നത് പോലുള്ള നടപടികള്‍ സ്വീകരിക്കരുതെന്നും സി.പി.ഐ.എം പ്രതികരിച്ചു.
മുസ്‌ലിങ്ങള്‍ക്കും കശ്മീരികള്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ പോളിറ്റ് ബ്യൂറോ അപലപിക്കുകയും ചെയ്തു. ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന തീവ്രവാദ ലക്ഷ്യത്തെയാണ് ഈ മതഭ്രാന്തന്മാര്‍ സഹായിക്കുന്നതെന്നും സി.പി.ഐ.എം പറഞ്ഞു.
ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് പോലെയുള്ള സംഘടനകള്‍ക്ക് മുന്നില്‍ വിഷയം അവതരിപ്പിച്ച് ഇടപെടല്‍ ഉണ്ടാകുമെന്ന് ഉറപ്പുവരുത്തണമെന്നും സി.പി.ഐ.എം പറഞ്ഞു.
അക്രമികളെ തിരിച്ചറിയുന്നതിനായി അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ സമര്‍പ്പിക്കുന്നതിനുള്ള ഒരു ഡോസിയര്‍ തയ്യാറാക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നും സി.പി.ഐ.എം നിര്‍ദേശിച്ചു.
നിലവിലെ വിവരങ്ങള്‍ അനുസരിച്ച് പാകിസ്ഥാനെതിരായ നിലപാട് ഇന്ത്യ കൂടുതല്‍ കടുപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം ചെനാബ് നദിയിലെ ബഗ്ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടറും ഝലം നദിയിലെ കിഷന്‍ഗംഗ അണക്കെട്ടിന്റെ ഷട്ടറും ഇന്ത്യ താഴ്ത്തിയിരുന്നു. പാക് അധീന കശ്മീരിലെ കാര്‍ഷിക മേഖല പ്രധാനമായും ആശ്രയിക്കുന്നത് ചെനാബ്, ഝലം എന്നീ നദികളിലെ ജലത്തെയാണ്.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 50 ലധികം എഞ്ചിനീയര്‍മാരാണ് കശ്മീരിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. സിന്ധു നദിയിലെ വെള്ളം ഇന്ത്യയില്‍ തന്നെ ഉപയോഗിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതിനായാണ് എഞ്ചിനീയര്‍മാരുടെ പര്യടനം.
Content Highlight: The terrorist attack in Pahalgam was the result of a security lapse; CPI(M) PB