തമിഴ് സിനിമയില്‍ വലിയ ആരാധക പിന്തുണയുള്ള വിജയ് സിനിമാ ജീവിതം അവസാനിപ്പിച്ച് തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിയുമായി രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്തതോടെ ഒട്ടനവധി സംഭവവികാസങ്ങള്‍ക്കാണ് തമിഴ്‌നാട് സാക്ഷ്യം വഹിച്ചത്. താരത്തിന്റെ അവസാന ചിത്രമായ ജനനായകന്‍ റിലീസ് ചെയ്യാനാകാതെ പ്രതിസന്ധിയിലായതും കരൂര്‍ ദുരന്തവും വിജയ്‌യുടെ ഭാര്യ നല്‍കിയ വിവാഹമോചന ഹരജിയും അടക്കം വലിയ വിവാദങ്ങളെയാണ് താരത്തിന് നേരിടേണ്ടി വന്നത്.
ഏപ്രില്‍ 23ന് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിജയ്ക്ക് വലിയ വെല്ലുവിളിയായി എത്തിയിരിക്കുകയാണ് ഉമാപതി എസ് രാമയ്യ സംവിധാനം ചെയ്യുന്ന ടി.എന്‍ 2026 എന്ന സിനിമ. പൊളിറ്റിക്കല്‍ സറ്റയറായെത്തുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് തമിഴ് രാഷ്ട്രീയവും സിനിമാ ലോകവും സാക്ഷ്യം വഹിക്കുന്നത്.
ടി.എന്‍2026, ജനനാകന്‍. Photo: The Hawk
സിനിമയില്‍ സൂപ്പര്‍താരമായ കഥാപാത്രം സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുന്നതാണ് ഇന്നലെ (വ്യാഴം) ടീസര്‍ പുറത്തുവന്ന ടി.എന്‍2026 എന്ന ചിത്രത്തിന്റെ ഇതിവൃത്തം. എന്നാല്‍ ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന വിഷ്വലുകളും ഡയലോഗുകളുമെല്ലാം വിജയ്‌യെ സൂചിപ്പിക്കുന്നതാണെന്നാണ് താരത്തിന്റെ ആരാധകരുടെ വാദം. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ പതാകയും മറ്റും ടി.വി.കെയുമായി സാമ്യമുണ്ടെന്നും ഇലക്ഷന് മുമ്പ് വിജയ്‌ക്കെതിരെയുള്ള ഡി.എം.കെ സര്‍ക്കാരിന്റെ മറ്റൊരു നീക്കമാണ് ചിത്രമെന്നും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
ജനുവരി 9ന് റിലീസ് ചെയ്യാനിരുന്ന ജനനായകന് റിലീസ് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ വിജയ്‌യെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയെയും പരാമര്‍ശിക്കുന്ന ടി.എന്‍2026ന് എങ്ങനെയാണ് ഏപ്രില്‍ 10 ന് തിയേറ്ററുകളിലേക്കെത്താന്‍ കഴിയുന്നതെന്നാണ് താരത്തിന്റെ ആരാധകര്‍ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന വിജയ്‌ക്കെതിരെയുള്ള അജണ്ടയാണ് ചിത്രമെന്നും ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കണമെന്നും ഇതിനോടകം ആവശ്യമുയര്‍ന്നിട്ടുണ്ട്.
നാട്യ നടരാജ് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ വിജയ്‌യുടെതിന് സമാനമായ വേഷവിധാനവും മാനറിസങ്ങളുമാണ് കഥാപാത്രത്തിന് നല്‍കിയിരിക്കുന്നത്. വെള്ള ഷര്‍ട്ടും പാന്റും ധരിച്ച് രാഷ്ട്രീയ പരിപാടികളില്‍ പ്രത്യക്ഷപ്പെടുന്ന താരത്തെ അനുസ്മരിപ്പിക്കുന്നതാണ് ടീസറിലെ ചില രംഗങ്ങള്‍. സി.ബി.ഐയുടെ ചോദ്യം ചെയ്യലിന് ശേഷം കാണികളെ അഭിവാദ്യം ചെയ്ത വിജയ് യുടെ റിയല്‍ സംഭവങ്ങളെ ഓര്‍മിപ്പിക്കുന്ന വിധം കോടതിയില്‍ നിന്നും നായകന്‍ ഇറങ്ങിവന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്ന രംഗമടക്കം വിജയ്‌യെ പരോക്ഷമായി സൂചിപ്പിക്കുന്നതാണെന്നാണ് വിലയിരുത്തല്‍.
ടി.എന്‍2026 ടീസറില്‍ നിന്നും. Photo: screen grab/ Kannan ravi groups/ Youtube.com
തമിഴിലെ ഒരു മുന്‍നിര നായികയുമായുള്ള ബന്ധം ആരോപിച്ച് വിജയ് യുടെ ഭാര്യ വിവാഹമോചന ഹരജി നല്‍കിയതിന് പിന്നാലെ വലിയ പ്രതിസന്ധിയിലായ താരത്തിനെ വീണ്ടും വിവാദത്തിലാക്കാന്‍ ചിത്രത്തിന് കഴിയുമോ എന്ന് ഉറ്റുനോക്കുകയാണ് സിനിമാ ലോകം. കണ്ണന്‍ രവി ഗ്രൂപ്പ് നിര്‍മിക്കുന്ന ചിത്രത്തില്‍ നാട്യ നടരാജിന് പുറമെ തമ്പി രാമയ്യ, എം.എസ് ഭാസ്‌കര്‍, റെഡ്ഡിന്‍ കിങ്സ്ലി, യാഷിക ആനന്ദ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.
Content Highlight: The teaser of TN Movie triggers Controversy in Tamilnadu politics