| Saturday, 27th December 2025, 6:40 pm

സൽമാൻ ഖാന്റെ 60-ാം പിറന്നാൾ ദിനത്തിൽ ‘ബാറ്റിൽ ഓഫ് ഗാൽവാൻ’ ടീസർ പുറത്തിറക്കി

നന്ദന എം.സി

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ഇന്ന് (ഡിസംബർ 27) ആരാധകർക്ക് വലിയ സമ്മാനം നൽകിയാണ് തന്റെ 60-ാം പിറന്നാൾ ആഘോഷിച്ചത്. അദ്ദേഹത്തിന്റെ ‘ബാറ്റിൽ ഓഫ് ഗാൽവാൻ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയായിരുന്നു ആഘോഷം. സൽമാൻ ഖാൻ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം അപൂർവ ലഖിയയാണ് സംവിധാനം നിർവഹിച്ചത്.

സൽമാൻ ഖാൻ, Photo: YouTube/Screen grab

സൽമാൻ ഖാൻ തന്റെ ജന്മദിനത്തിൽ ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. ടീസറിന്റെ ദൃശ്യമികവ്, ഒരു സൈനിക ഉദ്യോഗസ്ഥനായി സൽമാന്റെ ശക്തമായ പ്രകടനം, ഹിമേഷ് രേഷാമിയയുടെ സംഗീതം, സ്റ്റെബിൻ ബെന്നിന്റെ ആലാപനം എന്നിവ ഉൾക്കൊള്ളുന്ന ഈ ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ഓളമുണ്ടാക്കി. ടീസറിൽ, സൽമാൻ ഖാന്റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരിക്കുമെന്ന പ്രതീക്ഷയും കൂട്ടുന്നു.

കുറച്ച് ഡയലോഗുകളും ശക്തമായ മുഖഭാവങ്ങളും കൊണ്ട് തന്നെ കഥാപാത്രത്തിന്റെ ധൈര്യവും ദൃഢനിശ്ചയവും ടീസർ വ്യക്തമാക്കുന്നു. യുദ്ധ സിനിമ എന്നതിലുപരി, പോരാട്ടത്തിന്റെ യഥാർത്ഥ വിലയും രാജ്യത്തെ സംരക്ഷിക്കുന്നവരുടെ ധൈര്യവും ബാറ്റിൽ ഓഫ് ഗാൽവാനിൽ അടങ്ങിയിരിക്കുന്നു.

ഉയർന്ന മലനിരകളിൽ നടക്കുന്ന പോരാട്ട ദൃശ്യങ്ങളാണ് ടീസറിന്റെ പ്രധാന ആകർഷണം. യുദ്ധത്തിന്റെ കഠിനതയും സൈനികരുടെ ത്യാഗവും യാഥാർത്ഥ്യമായി അവതരിപ്പിക്കുന്ന ദൃശ്യങ്ങൾ കാണികളെ പിടിച്ചിരുത്തുന്നു.

2026 ന്റെ ആദ്യ പകുതിയിൽ പുറത്തിറങ്ങാനിരിക്കു ചിത്രത്തിൽ സൽമാൻ ഖാനൊപ്പം ചിത്രാംഗദ സിംഗും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ധൈര്യത്തിന്റെയും ദേശസ്നേഹത്തിന്റെയും കഥ പറയുന്ന ‘ബാറ്റിൽ ഓഫ് ഗാൽവാൻ’ വലിയ പ്രതീക്ഷകളോടെയാണ് മുന്നോട്ട് പോകുന്നത്.

Content Highlight: The teaser of Salman Khan’s new film has been released.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more