നവാഗതനായ പോള്‍ ജോര്‍ജിന്റെ സംവിധാനത്തില്‍ പെപ്പെ നായകനായെത്തുന്ന കാട്ടാളന്റെ ആദ്യ ടീസര്‍ പുറത്ത്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രത്തിന് അനൗണ്‍സ്‌മെന്റ് മുതലേ വന്‍ ഹൈപ്പുണ്ടായിരുന്നു.
കൊച്ചി വനിതാ വിനിത തിയേറ്ററിലായിരുന്നു ചിത്രത്തിന്റെ ടീസര്‍ ലോഞ്ച്. ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള ടീസറിന്റെ ആദ്യ സ്‌ക്രീനിങ്ങിന് ഗംഭീര പ്രതികരണമാണ് ആരാധകരില്‍ നിന്ന് ഉണ്ടായത്. മലയാളി പ്രേക്ഷകര്‍ ഇതുവരെ കാണാത്ത അമ്പരപ്പിക്കുന്ന സംഘട്ടന രംഗങ്ങളാകും ചിത്രത്തിന്റ ഹൈലൈറ്റെന്ന് ടീസര്‍ സൂചന നല്‍കുന്നുണ്ട്.
ടീസറില്‍ പെപ്പെ ആനയുമായി ഏറ്റുമുട്ടുന്ന രംഗങ്ങള്‍ ശ്രദ്ധേയമാണ്. വി.എഫ്.എക്‌സ് ഉപയോഗിക്കാതെ യഥാര്‍ത്ഥ ആനയെ ഉപയോഗിച്ചാണ് ഈ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് അണിയറപ്രവര്‍കര്‍ പറയുന്നുണ്ട്. 1 മിനിറ്റ് 1 സെക്കന്‍ഡ് വരുന്ന ടീസര്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
മാര്‍ക്കോയിലെ പോലെ തന്നെ ശക്തമായ വയലന്‍സും ആക്ഷനും കാട്ടാളനിമുണ്ടെന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്. ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വരികയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. കാട്ടാളന്‍ പെപ്പെയുടെ കരിയറിലെ ബെഞ്ച്മാര്‍ക്ക് ചിത്രം ആയിരിക്കുമെന്ന ഉറച്ച അഭിപ്രായത്തിലാണ് ആരാധകര്‍.
സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയ ഗായകന്‍ ഹനാന്‍ഷായും ചിത്രത്തില്‍ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ടീസറില്‍ ഹനാന്‍ ഷാ വരുന്ന ഭാഗത്തിനും പ്രേക്ഷകരില്‍ നിന്ന് മികച്ച റെസ്‌പോണ്‍സുണ്ട്. പെപ്പെയുടെ നായികയായെത്തുന്നത് ദുഷാര വിജയനാണ്.
ലോകപ്രശസ്ത തായ്ലന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചിത്രമായ ഓങ്-ബാക്ക്‌ന്റെ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാളന്‍ന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്.
ആദ്യ ചിത്രം കൊണ്ടുതന്നെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ ഒരു പ്രൊഡക്ഷന്‍ ടീമുമായാണ് കാട്ടാളന്‍ എത്തുന്നത്. ചിത്രം മെയ് 14ന് ലോകമമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
Content Highlight: The teaser of Antony Varghese Pepe’s Katalaan movie is out