നീണ്ട ഇടവേളയ്ക്ക് ശേഷം രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത് ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.
മുന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്ക് കൂടുമാറിയതോടെ രോഹിത് തന്നെ ടീമിനെ നയിക്കുമെന്ന് സൂചനകളുണ്ടായിരുന്നു.
2024 സീസണിന് മുന്നോടിയായാണ് ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സിന്റെ നായകനായി നിയമിച്ചത്. ഇതോടെ 11 വര്‍ഷം ടീമിനെ നയിച്ച രോഹിത് ശര്‍മയുടെ നായകസ്ഥാനത്തിന് അവസാനമായിരുന്നു.
രോഹിത്തിനെ നായകസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാന്‍ മുംബൈ ഇന്ത്യന്‍സ് സമീപിച്ചെന്നും അദ്ദേഹം സമ്മതം അറിയിച്ചെന്നും നേരത്തേ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വെള്ളിയാഴ്ച ടീം സോഷ്യല്‍ മീഡിയയിലൂടെ ഇത് സ്ഥിരീകരിച്ചതോടെ മുംബൈ പഴയ പ്രതാപകാലത്തേക്ക് തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഇപ്പോഴിതാ മുന്‍ സീസണുകളിലെ ടീമിന്റെ പ്രകടനത്തെക്കുറിച്ച് തുറന്നുപറയുകയാണ് രോഹിത് ശര്‍മ. 2023 ഡിസംബറിലാണ് രോഹിത് ശര്‍മയെ നായകസ്ഥാനത്തുനിന്ന് മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനാക്കിയത്. എന്നാല്‍ ഈ തീരുമാനം ടീമിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ല. ഹാര്‍ദിക്കിന് കീഴില്‍ മൂന്ന് സീസണുകളിലായി കളിച്ച 42 മത്സരങ്ങളില്‍ 16 എണ്ണത്തില്‍ മാത്രമാണ് മുംബൈയ്ക്ക് വിജയിക്കാനായത്. 2024ല്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്ന ടീം 2025ല്‍ നാലാം സ്ഥാനത്തെത്തി. 2026ല്‍ വീണ്ടും ഒന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ടീമിന്റെ മോശം പ്രകടനം എല്ലാവരെയും നിരാശരാക്കിയിരുന്നുവെന്ന് രോഹിത് പറഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തന്റെ മടങ്ങിവരവിനെക്കുറിച്ചും പുതിയ സീസണിലെ പ്രതീക്ഷകളെക്കുറിച്ചും ജതിന് സപ്രുവുമായി സംസാരിക്കുകയായിരുന്നു രോഹിത്.
‘ഞങ്ങള്‍ക്കെല്ലാവര്‍ക്കും അതൊരു പ്രയാസകരമായ കാലഘട്ടമായിരുന്നു. എനിക്ക് മാത്രമല്ല, ടീമിലെ നിരവധി താരങ്ങള്‍ക്കും ഞങ്ങളുടെ പ്രകടനത്തില്‍ നിരാശയുണ്ടായിരുന്നു. ഒരു കായികതാരത്തെ സംബന്ധിച്ചിടത്തോളം അത് സ്വാഭാവികമാണ്. നിങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയാതിരിക്കുകയും ടീമും മോശം കളിക്കുകയും ചെയ്യുമ്പോള്‍ നിരാശ തോന്നും,’ രോഹിത് പറഞ്ഞു.
പഴയ മുംബൈ ഇന്ത്യന്‍സ് ടീമല്ല ഇപ്പോഴത്തേതെന്നും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തേണ്ടതുണ്ടെന്നും ഹിറ്റമാന് പറഞ്ഞു.
‘2022ല്‍ എന്റെ നായകത്വത്തിന് കീഴിലും പിന്നീട് 2024ലും 2026ലും മുംബൈ പോയിന്റ് പട്ടികയുടെ ഏറ്റവും താഴെയെത്തുന്നത് കാണുന്നത് വേദനാജനകമാണ്. അത് മുംബൈ ഇന്ത്യന്‍സ് അല്ല. ഈ ടീമിന്റെ യഥാര്‍ഥ മുഖവും അതല്ല,’ രോഹിത് വ്യക്തമാക്കി.
എതിരാളികളുടെ സമ്മര്‍ദത്തെ അതിജീവിക്കാന്‍ കഴിയാത്തതും ടീമിന്റെ തകര്‍ച്ചയ്ക്ക് കാരണമായെന്ന് രോഹിത് ചൂണ്ടിക്കാട്ടി.
‘തോല്‍വികള്‍ തുടര്‍ച്ചയാകുമ്പോള്‍ ടീമിന്റെ ആത്മവിശ്വാസവും മത്സരത്തിന്റെ ഗതിയും നഷ്ടപ്പെടും. എതിരാളികള്‍ മികച്ച പ്രകടനം നടത്തുകയും നമ്മുടെ ദൗര്‍ബല്യങ്ങള്‍ മുതലെടുത്ത് സമ്മര്‍ദത്തിലാക്കുകയും ചെയ്യും. എന്നാല്‍ ആ സമ്മര്‍ദത്തെ അതിജീവിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ഒന്നോ രണ്ടോ താരങ്ങളുടെ മാത്രം പരാജയമായിരുന്നില്ല അത്. മുംബൈ ഇന്ത്യന്‍സ് ടീം ഒന്നാകെയാണ് പരാജയപ്പെട്ടത്,’ അദ്ദേഹം പറഞ്ഞു.
പുതിയ സീസണില്‍ ആരാധകരുടെ വിശ്വാസം വീണ്ടെടുക്കുന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്നും രോഹിത് വ്യക്തമാക്കി. ടീമിന്റെ പ്രതിസന്ധി ഘട്ടത്തില്‍ ആരാധകര്‍ ഒപ്പം നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Content Highlight: The team went through a difficult phase: Rohit Sharma opens up about poor performances in previous seasons.