| Thursday, 3rd September 2026, 11:27 am

65 മത്സരം: 60 വിജയം, 0 തോല്‍വി; ബാഴ്‌സയ്ക്ക് സന്തോഷവാര്‍ത്ത, ഇവനടിച്ചാല്‍ തോല്‍ക്കില്ല

ആദർശ് എം.കെ.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നും പുതിയ തട്ടകത്തിലേക്ക് ആഴ്‌സണലിന്റെ ബ്രസീലിയന്‍ മുന്നേറ്റ താരം ഗബ്രിയേല്‍ ജീസസ്. ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ അവസാന ദിവസം പത്ത് മില്യണ്‍ യൂറോയുടെ കരാറില്‍ താരം സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയ്‌ക്കൊപ്പം ചേരുകയായിരുന്നു. ഇനി ലാ ലിഗയാണ് ജീസസിന്റെ പുതിയ തട്ടകം.

അവിശ്വസനീയമായ ഒരു നേട്ടവുമായാണ് ജീസസ് കറ്റാലന്‍മാരുടെ പടകുടീരത്തിലെത്തുന്നത്. താന്‍ ഗോള്‍ നേടിയ മത്സരങ്ങളിലൊന്നും തന്റെ ടീം പരാജയപ്പെട്ടിട്ടില്ല എന്ന നേട്ടവുമായാണ് ജീസസിന്റെ യാത്ര.

പ്രീമിയര്‍ ലീഗില്‍ ഗണ്ണേഴ്‌സിന് പുറമെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടിയും ബൂട്ടുകെട്ടിയ താരം 65 മത്സരങ്ങളില്‍ ഗോള്‍ നേടിയിട്ടുണ്ട്. ഇതില്‍ 60ലും ടീം വിജയിച്ചപ്പോള്‍ അഞ്ച് മത്സരം സമനിലയിലും അവസാനിച്ചു.

ഇംഗ്ലണ്ടിലെ തന്റെ നീണ്ട കരിയറിനാണ് ഈ കൈമാറ്റത്തോടെ വിരാമമാകുന്നത്.

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ആഴ്‌സണലിനുമായി ആകെ 229 മത്സരങ്ങളിലാണ് താരം പന്തുതട്ടിയത്.

മാഞ്ചസ്റ്റര്‍ സിറ്റി: 159 മത്സരങ്ങള്‍  58 ഗോളുകള്‍.

ആഴ്‌സണല്‍: 70 മത്സരങ്ങള്‍  18 ഗോളുകള്‍.

പ്രീമിയര്‍ ലീഗ് റെക്കോഡ്: 229 മത്സരങ്ങള്‍  76 ഗോളുകള്‍.

അസിസ്റ്റുകള്‍: 40

പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ 5 (മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം 4, ആഴ്‌സണലിനൊപ്പം 1)

സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി ക്ലബ്ബ് വിട്ടതോടെ മുന്നേറ്റ നിരയിലേക്ക് ഒരു പരിചയസമ്പന്നനായ സ്‌ട്രൈക്കറെ തിരയുകയായിരുന്നു ബാഴ്‌സലോണ. ഈ യാത്ര അവസാനിച്ചതാകട്ടെ ജീസസിന് മുമ്പിലും.

ആഴ്‌സണലില്‍ പ്രധാന ഇലവനില്‍ അവസരങ്ങള്‍ കുറഞ്ഞതും പകരക്കാരനായി ഇറങ്ങേണ്ടി വന്ന സാഹചര്യവും ജീസസിനെ ടീം മാറ്റത്തിന് പ്രേരിപ്പിച്ചു.

വര്‍ക്ക് റേറ്റും പ്രസ്സിങ് ശൈലിയും കാരണം ഫ്‌ളിക്കിന്റെ ഫുട്‌ബോള്‍ ശൈലിക്ക് ജീസസ് അനുയോജ്യനാണ്. ബാഴ്‌സയിലും താരത്തിന് തിളങ്ങാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

അതേസമയം, ടൂര്‍ണമെന്റില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണ. കളിച്ച മൂന്ന് മത്സരത്തില്‍ മൂന്നിലും വിജയിച്ച് ഒമ്പത് പോയിന്റോടെയാണ് സ്റ്റാന്‍ഡിങ്‌സില്‍ കറ്റാലന്‍മാര്‍ ഒന്നാമത് തുടരുന്നത്.

സെപ്റ്റംബര്‍ ആറിനാണ് ബാഴ്‌സയുടെ അടുത്ത മത്സരം. മെസ്റ്റല്ല സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വലന്‍സിയയാണ് എതിരാളികള്‍.

Content Highlight: The team has not lost any Premier League match in which Gabriel Jesus has scored.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more