ഹാരി കെയ്ന്‍ 2026-ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കി ദിവസങ്ങള്‍ക്കകം, ബയേണ്‍ മ്യൂണിക്കില്‍ നിന്ന് ഈ പുരസ്‌കാരം നേടുന്ന അടുത്ത താരം മൈക്കിള്‍ ഒലീസെ ആയിരിക്കുമെന്ന് ക്ലബ്ബ് സി.ഇ.ഒ ജാന്‍-ക്രിസ്റ്റ്യന്‍ ഡ്രീസെന്‍. ഒലീസെയെ ദീര്‍ഘകാലം ക്ലബ്ബില്‍ നിലനിര്‍ത്താനാണ് ബയേണ്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌പോര്‍ട് ബില്‍ഡിന്’ നല്‍കിയ അഭിമുഖത്തിലാണ് ഡ്രീസെന്‍ ഈ കാര്യങ്ങള്‍ പറഞ്ഞത്.
‘മൈക്കിള്‍ മികച്ച കഴിവുള്ള ഒരു ഫുട്‌ബോളറാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭാവിയില്‍ അദ്ദേഹം ബാലണ്‍ ഡി ഓര്‍ നേടുമോ എന്ന് ആരെങ്കിലും ചോദിച്ചാല്‍, ‘എന്തുകൊണ്ട് നേടിക്കൂടാ’ എന്ന് മാത്രമേ ഞാന്‍ പറയൂ. തീര്‍ച്ചയായും അദ്ദേഹത്തിന് ചുറ്റും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടീം ആവശ്യമാണ്. അത് ഇവിടെ ഞങ്ങളോടൊപ്പം അദ്ദേഹത്തിനുണ്ട്, അദ്ദേഹം അത് തിരിച്ചറിയുകയും ചെയ്യുന്നുണ്ട്’ ഡ്രീസെന്‍ പറഞ്ഞു.
24 വയസുകാരന്‍ ഫ്രഞ്ച് അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ഒലീസെയെ 2024 ജൂലൈയില്‍ 53 ദശലക്ഷം യൂറോയ്ക്കാണ് ക്രിസ്റ്റല്‍ പാലസില്‍ നിന്ന് ബയേണ്‍ സ്വന്തമാക്കിയത്. നിലവില്‍ 2029 ജൂണ്‍ 30 വരെ കരാറുള്ള ഒലീസെയെ കൂടുതല്‍ കാലം ടീമിനൊപ്പം നിലനിര്‍ത്താനാണ് ബവാരിയന്‍സ് താത്പര്യപ്പെടുന്നത്.
‘ഉചിതമായ സമയത്ത് ഭാവി കാര്യങ്ങളെക്കുറിച്ച് അദ്ദേഹവുമായി ചര്‍ച്ച ചെയ്യും’ ഡ്രീസെന്‍ വ്യക്തമാക്കി. താരത്തിന്റെ കരാര്‍ നേരത്തെ തന്നെ ദീര്‍ഘിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കാനിരിക്കുകയാണെന്ന് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ മാക്‌സ് എബെര്‍ലും അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ലണ്ടന്‍ പല്ലാഡിയത്തില്‍ നടന്ന ചടങ്ങിലാണ് ഹാരി കെയ്ന്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. 2001ല്‍ മൈക്കിള്‍ ഓവന് ശേഷം ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇംഗ്ലീഷ് താരമാണ് കെയ്ന്‍.
സീസണില്‍ ക്ലബ്ബിനും രാജ്യത്തിനുമായി കളിച്ച 65 മത്സരങ്ങളില്‍ നിന്ന് 73 ഗോളുകള്‍ അദ്ദേഹം നേടി. ഇതില്‍ ബയേണിനായി കളിച്ച 51 മത്സരങ്ങളില്‍ നിന്ന് നേടിയ 61 ഗോളുകളും ഉള്‍പ്പെടുന്നു. കിലിയന്‍ എംബാപ്പെ, ലാമിന്‍ യമാല്‍ എന്നിവരെ മറികടന്നാണ് കെയ്ന്‍ പുരസ്‌കാരം സ്വന്തമാക്കിയത്.
കെയ്നിന്റെ നിലവിലെ കരാര്‍ ഈ സീസണ്‍ അവസാനത്തോടെ അവസാനിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കരാര്‍ 2029 വരെ ദീര്‍ഘിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അത് പോസിറ്റീവായി മുന്നോട്ടുപോകുന്നുണ്ടെന്നും ഡ്രീസെന്‍ വെളിപ്പെടുത്തി.
ബാലണ്‍ ഡി ഓര്‍ റാങ്കിങ്ങില്‍ ഒലീസെ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2025-26 സീസണിലെ ബുണ്ടസ് ലിഗ പ്ലെയര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരം ഒലീസെ നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ ബയേണിനും ഫ്രാന്‍സിനുമായി കളിച്ച 69 മത്സരങ്ങളില്‍ നിന്ന് 27 ഗോളുകളും 35 അസിസ്റ്റുകളും താരം നേടിയിരുന്നു.
Content highlight: The team CEO stated that Michael Olise is the most likely candidate from Bayern Munich to win the next Ballon d’Or.