| Sunday, 1st March 2026, 10:06 pm

ലക്ഷ്യം ഗള്‍ഫ് സഹോദരങ്ങളല്ല, അമേരിക്ക; ഹോര്‍മുസ് കടലിടുക്ക് അടയ്ക്കില്ല: അരാഗ്ചി

രാഗേന്ദു. പി.ആര്‍

ടെഹ്റാന്‍: സ്വയം പ്രതിരോധിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഉദ്ദേശമില്ലെന്നും അരാഗ്ചി പറഞ്ഞു.

ഈ ഘട്ടത്തില്‍ ഹോര്‍മുസിലൂടെയുള്ള നാവിഗേഷന്‍ തടസപ്പെടുത്താന്‍ പദ്ധതിയില്ലെന്നും ഇറാന്‍ മന്ത്രി വ്യക്തമാക്കി.

തങ്ങളുടേത് സ്വയം പ്രതിരോധമാണ്. അമേരിക്കന്‍ ആക്രമണത്തോടുള്ള പ്രതികാരമാണ്. ഇറാന്റെ സ്വയം പ്രതിരോധത്തിന് നിയന്ത്രണങ്ങളോ പരിധികളോ ഇല്ല. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളോട് ഇറാന് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും അരാഗ്ചി പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളിലെ സഹോദരങ്ങളെയല്ല, അമേരിക്കന്‍ കേന്ദ്രങ്ങളെയാണ് ആക്രമിക്കുന്നതെന്നും അരാഗ്ചി വ്യക്തമാക്കി.

ഇറാനില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭരണഘടനാ നടപടികളും നിലവിലുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് ഉണ്ടാകും. രാജ്യത്ത് ട്രാന്‍സിഷന്‍ കൗണ്‍സില്‍ സ്ഥാപിതമായി. ഇറാന് എപ്പോഴും നയതന്ത്രത്തോട് തുറന്ന സമീപനമാണെന്നും അരാഗ്ചി വ്യക്തമാക്കി.

ആയത്തുല്ല അലി ഖാംനഇയുടെ കൊലപാതകം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമെന്നും അരാഗ്ചി പറഞ്ഞു. ഖാംനഇയുടെ വധം ഇസ്രഈലുമായുള്ള ഏറ്റുമുട്ടലിനെ കൂടുതല്‍ സങ്കീര്‍ണവും അപകടകരവുമാക്കുമെന്നും അരാഗ്ചി ചൂണ്ടിക്കാട്ടി.

ഇന്നലെയുണ്ടായ ഇസ്രഈല്‍ ആക്രമണത്തിലാണ് ഖാംനഇ കൊല്ലപ്പെട്ടത്. ഔദ്യോഗിക വസതിയില്‍ വെച്ചാണ് ഖാംനഇ കൊല്ലപ്പെട്ടതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഖാംനഇയുടെ കൊട്ടാരം ബോംബിട്ട് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്രഈല്‍ പുറത്തുവിട്ടിരുന്നു.

ഖാംനഇയുടെ കൊലപാതകത്തിന് പിന്നാലെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ആയത്തുല്ല അറാഫിയെ താത്കാലികമായി നിയമിച്ചു. അടുത്ത പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ നിയമപ്രകാരം ഭരിക്കാന്‍ കഴിയുന്ന മൂന്നംഗ താത്കാലിക കൗണ്‍സില്‍ അംഗമായാണ് അറാഫിയെ നിയമിച്ചത്.

അറാഫിയ്ക്ക് പുറമെ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഘോലം ഹൊസൈന്‍ മൊഹ്സെനി എജെയ്‌യുമാണ് കൗണ്‍സിലിലെ മറ്റു അംഗങ്ങള്‍.

Content Highlight: The target is not the Gulf brothers, but America; Strait of Hormuz will not be closed: Araghchi

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more