വെല്ലൂര്‍: തമിഴ്‌നാട്ടില്‍ അഴിമതിക്കെതിരെ മുഖ്യമന്ത്രി വിജയ് നടത്തുന്ന പോരാട്ടത്തിന് ജനങ്ങള്‍ പിന്തുണ നല്‍കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വിഐടി) സര്‍വകലാശാലയുടെ 25-ാമത് വാര്‍ഷിക ഓണാഘോഷമായ ‘തനിമ’യില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാട്ടിലെ അഴിമതിവിരുദ്ധ നീക്കങ്ങള്‍ക്ക് വിജയ് നേതൃത്വം നല്‍കുന്നതിനെ ചെന്നിത്തല പ്രശംസിച്ചു. ഇതിന് പിന്തുണ തേടുന്നതിനായി വിജയുമായി കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. നടന്‍ മോഹന്‍ലാലിനൊപ്പം കൊച്ചിയിലെത്തി കേരളത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ വിജയ് സമ്മതിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ചെന്നിത്തല അറിയിച്ചു.
കേരളത്തിന്റെ വികസനത്തില്‍ വിദ്യാഭ്യാസം വഹിച്ച പ്രധാന പങ്കും ചെന്നിത്തല ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി കേരളം കൈവരിച്ച വികസനത്തിന്റെ പ്രധാന അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയുടെയും നൈപുണ്യ വികസനത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞ് യുവാക്കള്‍ രാജ്യത്തിന്റെ പുരോഗതിക്കായി അറിവ് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു.
ഓപ്പറേഷന്‍ തൂഫാന്‍; 11,085 അറസ്റ്റ്, 10,256 കേസുകള്‍
പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ പ്രശംസിച്ച കേരളത്തിന്റെ ലഹരിവിരുദ്ധ ദൗത്യമായ ഓപ്പറേഷന്‍ തൂഫാന്റെ നേട്ടങ്ങളും ചെന്നിത്തല വിശദീകരിച്ചു. ഇതിന്റെ ഭാഗമായി കേരള പൊലീസ് ഇതുവരെ 11,085 പേരെ അറസ്റ്റ് ചെയ്യുകയും 10,256 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
ലഹരിവസ്തുക്കളുടെ വില്‍പ്പനയും വിതരണവും തടയുന്നതിനുള്ള നിയമനടപടികള്‍ക്കൊപ്പം ബോധവത്കരണവും ലഹരിക്ക് അടിമപ്പെട്ടവരുടെ പുനരധിവാസവും പദ്ധതിയുടെ ഭാഗമാണ്. ലഹരിവസ്തുക്കള്‍ വില്‍ക്കുന്നവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനൊപ്പം, ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും ചികിത്സയിലൂടെ ലഹരിയില്‍ നിന്ന് മോചിതരാകുന്നവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഇതുവരെ 170 പേര്‍ ചികിത്സ പൂര്‍ത്തിയാക്കി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയതായും ചെന്നിത്തല വ്യക്തമാക്കി.
ചടങ്ങില്‍ ചെന്നിത്തലയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് വിവിധ സാംസ്‌കാരിക പരിപാടികളും നടന്നു. 3,000-ത്തിലധികം വിദ്യാര്‍ഥികള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.
വിഐടി ചാന്‍സലര്‍ ഡോ. ജി. വിശ്വനാഥന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്തെ വൈസ് ചാന്‍സലര്‍മാരുടെ ഒഴിവുകള്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധികളും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ 22 സര്‍വകലാശാലകളില്‍ 17-ലും കേരളത്തിലെ 13 സര്‍വകലാശാലകളില്‍ 12-ലും മുഴുവന്‍സമയ വൈസ് ചാന്‍സലര്‍മാരില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍മാരും സംസ്ഥാന സര്‍ക്കാരുകളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ച് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാരോ രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.