ചെന്നൈ: തിരുപ്രംകുണ്ഡ്രം മേഖലയില്‍ ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍.
ബുധനാഴ്ച ക്ഷേത്രസന്ദര്‍ശനത്തിനും ശിലാസ്തംഭത്തില്‍ വിളക്ക് കൊളുത്തുന്നതിനും അനുവദിച്ചുള്ള കോടതി ഉത്തരവ് നടപ്പാക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് മധുരൈ കളക്ടര്‍ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഈ വിഷയത്തില്‍ അടിയന്തരവാദം കേള്‍ക്കാന്‍ ആവശ്യപ്പെടുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വൃത്തങ്ങള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാത്രി 10.50 വരെ ലഭ്യമായ സുപ്രീം കോടതിയുടെ കോസ് ലിസ്റ്റ് അനുസരിച്ച് വെള്ളിയാഴ്ച വാദം കേള്‍ക്കാന്‍ തീരുമാനിച്ചിട്ടില്ല.
തിരുപ്രംകുണ്ഡ്രം . Photo: Wikipedia
ഈ വിഷയം ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണെന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അഭിഭാഷകന്‍ പറഞ്ഞത്. വെള്ളിയാഴ്ച രാവിലെ 10.30 വരെ കാത്തിരിക്കാനും അദ്ദേഹം പറഞ്ഞിരുന്നു.
തിരുപ്രംകുണ്ഡ്രം ക്ഷേത്രപരിസരത്ത് സ്ഥിതി ചെയ്യുന്ന ബാദുഷ ദര്‍ഗയ്ക്ക് സമീപം കാര്‍ത്തിക ദീപം തെളിയിക്കാനുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
മധുരൈ ജില്ലാ കളക്ടര്‍, സിറ്റി പൊലീസ് കമ്മീഷണര്‍, ക്ഷേത്ര എക്‌സിക്യുട്ടീവ് ഓഫീസര്‍ എന്നിവര്‍ ചേര്‍ന്നാണ് അപ്പീല്‍ ഫയല്‍ ചെയ്തത്. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ഇത് തള്ളിയിരുന്നു. അപ്പീല്‍ ദുഷ്ടലാക്കോടെയുള്ളതാണെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.
കുന്നിന്‍മുകളിലെ ദർഗ. Photo: Tamil Nadu Tourism
പിന്നാലെ ദീപം തെളിയിക്കുന്ന ഭക്തര്‍ക്ക് സംരക്ഷണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
മധുരൈ തിരുപ്രംകുണ്ഡ്രം കുന്നിന്റെ അടിവാരത്ത് മുരുകക്ഷേത്രവും കുന്നിന്‍മുകളില്‍ ബാദുഷ ദര്‍ഗയും സ്ഥിതി ചെയ്യുന്നു. ഈ ദര്‍ഗയ്ക്ക് സമീപത്തുള്ള ദീപസ്തംഭത്തില്‍ വിളക്ക് കൊളുത്തണമെന്നാവശ്യപ്പെട്ട് രാമരവികുമാര്‍ എന്നയാള്‍ നല്‍കിയ ഹരജിക്ക് പിന്നാലെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. ഈ ആവശ്യമുന്നയിച്ച് ഹിന്ദുത്വ സംഘടനകളും നേരത്തെ രംഗത്തെത്തിയിരുന്നു.
ക്ഷേത്രവും ദര്‍ഗയും സ്ഥിതി ചെയ്യുന്ന ഈ കുന്നും പരിസരവും മതപരമായ ആചാരങ്ങളുടെയും ഭൂമിയുടെ അവകാശങ്ങളെയും ചൊല്ലി ഏറെ നാളുകളായി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശമാണ്.
മുരുകക്ഷേത്രത്തോട് സമീപത്തുള്ള ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തില്‍ മാത്രമായി ദീപം തെളിയിക്കാനുള്ള അധികൃതരുടെ ശ്രമം പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിയൊരുക്കി. ഇതിന് പിന്നാലെയാണ് കേസ് കോടതിയിലെത്തിയത്.
Content Highlight: Tamil Nadu government has moved the Supreme Court against the Madras High Court order allowing devotees to light lamps near the Thirupparankundram Dargah.