| Tuesday, 4th November 2025, 6:38 pm

ഈ സ്റ്റോറി ആര്‍ക്കും വായിക്കാന്‍ വേണ്ട, പ്രൊപ്പഗണ്ടയുമായി വന്ന് ബോക്‌സ് ഓഫീസില്‍ മൂക്കും കുത്തി വീണ് ദി താജ് സ്റ്റോറി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിവെച്ച ചിത്രമായിരുന്നു ദി താജ് സ്റ്റോറി. താജ് മഹലിന്റെ മകുടത്തില്‍ നിന്ന് ശിവലിംഗം ഉയര്‍ന്നുവരുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി. ബോളിവുഡില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി കണ്ടുവരുന്ന പ്രൊപ്പഗണ്ട സിനിമകളുടെ ലിസ്റ്റിലെ അടുത്ത എന്‍ട്രിയായി പലരും താജ് സ്റ്റോറിയെ കണക്കാക്കി.

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ ബോക്‌സ് ഓഫീസില്‍ കിതക്കുകയാണ് ചിത്രം. ഏഴ് ദിവസം കൊണ്ട് വെറും ഏഴ് കോടി മാത്രമാണ് ചിത്രം സ്വന്തമാക്കിയത്. പലയിടത്തും ആളില്ലാത്തതിനാല്‍ പ്രദര്‍ശനം പോലുമില്ലെന്നാണ് സമൂഹമാധ്യമമായ എക്‌സില്‍ പലരും കുറിച്ചത്. സംഘപരിവാറിന്റെ പ്രൊപ്പഗണ്ട തന്ത്രം ഇത്തവണ ഏറ്റില്ലെന്നാണ് ഇതിന് പിന്നാലെ പലരും അഭിപ്രായപ്പെട്ടത്.

‘സംഘപരിവാര്‍ അനുകൂലികള്‍ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന വാട്ട്‌സാപ്പ് ഫോര്‍വേര്‍ഡ് മെസ്സേജ് എടുത്ത് രണ്ടര മണിക്കൂര്‍ സിനിമയാക്കിയാല്‍ ഇങ്ങനെയുണ്ടാകും’ എന്നാണ് താജ് സ്റ്റോറിയെക്കുറിച്ച് ഒരാള്‍ എക്‌സില്‍ കുറിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രോത്സാഹനത്തോടുകൂടി കേരള സ്‌റ്റോറി, കശ്മീര്‍ ഫയല്‍സ് എന്നീ പ്രൊപ്പഗണ്ട സിനിമകള്‍ ഇന്ത്യയില്‍ വലിയ വിജയം നേടിയിരുന്നു.

അതേ രീതി തന്നെയാണ് താജ് സ്‌റ്റോറിയും പിന്തുടര്‍ന്നത്. താജ് മഹലിലെ ടൂറിസ്റ്റ് ഗൈഡായ വിഷ്ണു ദാസ് താജ് മഹലിനെതിരെ കോടതിയെ സമീപിക്കുന്നതാണ് ചിത്രത്തിന്റെ കഥ. താജ് മഹല്‍ മുസ്‌ലിം നിര്‍മിതിയല്ലെന്നും അവിടെ മുമ്പ് ക്ഷേത്രമായിരുന്നെന്നുമുള്ള നുണപ്രചരണത്തെ ശക്തിപ്പെടുത്താനുള്ള ശ്രമമായിട്ടാണ് ചിത്രമൊരുങ്ങുന്നതെന്ന് ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ വിമര്‍ശനമുയര്‍ന്നിരുന്നു.

ട്രെയ്‌ലറില്‍ ‘Anti National’ എന്നതിന് പകരം ‘Aunty National’ എന്നെഴുതിയ പ്ലക്കാര്‍ഡും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറി. 2014ല്‍ താജ് മഹലിനെതിരെ സംഘപരിവാര്‍ രംഗത്തെത്തിയപ്പോള്‍ അതിനെ വിമര്‍ശിച്ച പരേഷ് റാവലിന്റെ പഴയ ട്വീറ്റും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരുന്നു. എന്നിരുന്നാലും അടുത്ത വര്‍ഷത്തെ ദേശീയ അവാര്‍ഡില്‍ താജ് സ്റ്റോറിയെ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്നും പരിഹാസങ്ങളുണ്ട്.

താജ് സ്റ്റോറിക്ക് മുമ്പ് പുറത്തിറങ്ങിയ ദി ബംഗാള്‍ ഫയല്‍സ് എന്ന പ്രൊപ്പഗണ്ട ചിത്രവും ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി ഒരുക്കിയ ചിത്രം ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ പരാജയപ്പെട്ടു. 35 കോടിക്ക് ഒരുങ്ങിയ ചിത്രം നാല് കോടി മാത്രമാണ് നേടിയത്.

Content Highlight: The Taj Story movie just collected seven crores from Box Office

We use cookies to give you the best possible experience. Learn more