തിരുവനന്തപുരം: തീവ്രവോട്ടര്‍പട്ടിക പരിഷ്‌ക്കരണം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ക്കാര്‍ നല്‍കിയ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ്, മുസ്‌ലീം ലീഗ് അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. ബീഹാര്‍ എസ്.ഐ.ആറും ഇതേ ബെഞ്ചാണ് പരിഗണിക്കുന്നത്. കേസില്‍ സംസ്ഥാന സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരാകും.
നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എസ്.ഐ.ആര്‍ മാറ്റിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനം കോടതിയെ സമീപിച്ചു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എസ്.ഐ.ആര്‍ മരവിപ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഒരേസമയം ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. മാത്രമല്ല ഉദ്യോഗസ്ഥരില്‍ വലിയ ജോലി സമ്മര്‍ദം ഉണ്ടാക്കുമെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടി.
എസ്.ഐ.ആറിന്റെ ഭരണഘടനാ സാധുതയെ തന്നെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും ഈ നടപടിക്രമം ‘രാജ്യത്തിന്റെ ജനാധിപത്യ രാഷ്ട്രീയത്തിന് അനുയോജ്യമല്ല’ എന്ന് വിശ്വസിക്കുന്നുവെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടി.
എസ്.ഐ.ആര്‍ തന്നെ ഭരണഘടന വിരുദ്ധം എന്ന വാദമാണ് മുസ്‌ലീം ലീഗ്, കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ ഉള്‍പ്പെടെ ഉന്നയിക്കുന്നത്. അതേസമയം നേരത്തെ ബീഹാറിലെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സ്റ്റേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.
Content Highlight: The Supreme Court will hear the petition filed by the state government today challenging the SIR