| Friday, 31st July 2026, 5:01 pm

ടാസ്മാക് അഴിമതിക്കേസ്: ഡി.എം.കെ നേതാവ് സെന്തില്‍ ബാലാജിക്ക് ഇടക്കാല ആശ്വാസം; അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ആദർശ് എം.കെ.

ന്യൂദല്‍ഹി: ടാസ്മാക് (TASMAC) മദ്യക്കച്ചവട അഴിമതിക്കേസില്‍ തമിഴ്നാട് മുന്‍ മന്ത്രിയും ഡി.എം.കെ നേതാവുമായ വി. സെന്തില്‍ ബാലാജിക്ക് വന്‍ ആശ്വാസം. ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ (DVAC) എടുത്ത പുതിയ കേസില്‍ സെന്തില്‍ ബാലാജിയുടെ അറസ്റ്റ് സുപ്രീം കോടതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ബാലാജിയുടെ അറസ്റ്റ് സ്റ്റേ ചെയ്ത് ഉത്തരവിട്ടത്.

അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുക, യാത്രാരേഖകള്‍/പാസ്പോര്‍ട്ട് കെട്ടിവെക്കുക, സാക്ഷികളെ സ്വാധീനിക്കുകയോ തെളിവുകളില്‍ തിരിമറി നടത്തുകയോ ചെയ്യരുത് എന്നീ കര്‍ശന ഉപാധികളോടെയാണ് ഉത്തരവ്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ സ്‌റ്റേ റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി.

2021നും 2025നും ഇടയില്‍ ടാസ്മാക്കിലെ മദ്യസംഭരണം, ബാര്‍ ലൈസന്‍സ് വിതരണം, ടെന്‍ഡറുകളിലെ ക്രമക്കേട്, വ്യാജ നിരക്ക് വര്‍ധനവ് എന്നിവയിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്നാണ് ഡി.വി.എ.സി എഫ്.ഐ.ആറില്‍ ആരോപിക്കുന്നത്.

മദ്രാസ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ബാലാജി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കസ്റ്റഡി ചോദ്യം ചെയ്യല്‍ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചെങ്കിലും, സ്വതന്ത്രമായ അന്വേഷണത്തിന് മുന്‍ഗണന നല്‍കി മുന്‍കൂര്‍ ആശ്വാസം അനുവദിക്കുകയാണ് സുപ്രീം കോടതി ചെയ്തത്.

തമിഴ്നാട്ടില്‍ ഭരണമാറ്റം ഉണ്ടായതിനെത്തുടര്‍ന്ന് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കേസ് എടുത്തതെന്ന് ബാലാജി വാദിച്ചു.

അതേസമയം, ഇത് കോടിക്കണക്കിന് രൂപയുടെ വലിയ അഴിമതിയാണെന്നും സെന്തില്‍ ബാലാജിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും തമിഴ്നാട് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു.

എന്നാല്‍ ബാലാജി ഒളിവില്‍ പോകാന്‍ സാധ്യതയില്ലെന്നും അന്വേഷണം സ്വതന്ത്രമായി നടക്കട്ടെ എന്നും കോടതി നിരീക്ഷിക്കുകയായിരുന്നു.

സെന്തില്‍ ബാലാജിക്ക് പുറമെ ടാസ്മാക് മുന്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. വിസാകന്‍, ബാലാജിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഭാസ്‌കര്‍ തുടങ്ങി മറ്റ് ആറ് പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ബാലാജിയുടെ വസതിയടക്കം 40-ഓളം സ്ഥലങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു.

Content Highlight: The Supreme Court stayed the arrest of Senthil Balaji in the TASMAC corruption case.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more