| Tuesday, 22nd September 2026, 1:59 pm

വന്ദേമാതരത്തിന്റെ ആറ് ഈരടികള്‍ പാടുന്നത് തടഞ്ഞാല്‍ ശിക്ഷിക്കുന്ന നിയമം; കേന്ദ്രത്തോട് സുപ്രീംകോടതി വിശദീകരണം തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വന്ദേമാതരത്തിന്റെ ആറ് ഈരടികള്‍ ആലപിക്കുന്നത് തടയുന്നത് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കുന്ന നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതിയുടെ വിശദീകരണം തേടി. സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് കേന്ദ്രത്തിന്റെ വിശദീകരണം തേടിയത്.

വന്ദേമാതരം ആലപിക്കുന്നത് മനപൂര്‍വ്വം തടയുകയോ അത് ആലപിക്കുന്ന സദസ്സിനെ തടസപ്പെടുത്തുകയോ ചെയ്യുന്നത് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കുന്ന തരത്തില്‍ ദേശീയ ബഹുമതികളെ അവഹേളിക്കുന്നത് തടയല്‍ നിയമം 2026ല്‍ ഭേദഗതി വരുത്തിയിരുന്നു. ഈ ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടാണ് ടി.എം. കൃഷ്ണയുടെ ഹരജി. ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കക മറുപടി നല്‍കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

ദേശീയ ഗാനം ആലപിച്ചപ്പോള്‍ മതപരമായ വിശ്വാസം കാരണം യഹോവ സാക്ഷി സമുദായക്കാരായ വിദ്യാര്‍ത്ഥികള്‍ എഴുന്നേറ്റ് നില്‍ക്കാത്തുമായി ബന്ധപ്പെട്ട ‘ബിജോ ഇമ്മാനുവല്‍ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ കേസിനെയും കോടതി ഉദ്ധരിച്ചു. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് നിര്‍ബന്ധമല്ലെന്ന ആ കേസിലെ സുപ്രീം കോടതിയുടെ മുന്‍കാല വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി.

ആ വിധി പ്രകാരം മനസാക്ഷിയുടെ അടിസ്ഥാനത്തില്‍ വന്ദേമാതരത്തിന്റെ വരികളോ മുഴുവന്‍ ഭാഗമോ ചൊല്ലാത്ത ഒരാള്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടതില്ലെന്ന് ജഡ്ജി സൂചിപ്പിച്ചു. ‘ബിജോയ് ഇമ്മാനുവല്‍ കേസില്‍ ഈ കോടതി പ്രഖ്യാപിച്ച നിയമം തന്നെയായിരിക്കും ഈ നിയമനടപടികള്‍ക്കും ബാധകമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ബിജോയ് ഇമ്മാനുവല്‍ കേസിലെ നിയമപ്രഖ്യാപനം ഇതുവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല,’ ജഡ്ജി ചൂണ്ടിക്കാട്ടി.

1971-ലെ ‘ദേശീയ ബഹുമതികളെ അവഹേളിക്കുന്നത് തടയല്‍ നിയമ’ത്തിലെ വകുപ്പ് മൂന്നിലാണ് ഈ വര്‍ഷം ഭേദഗതി വരുത്തിയത്. വന്ദേമാതരം ആലപിക്കുന്നത് മനപൂര്‍വ്വം തടയുകയോ, അത് ആലപിക്കുന്ന സദസ്സിന് തടസ്സം സൃഷ്ടിക്കുകയോ ചെയ്യുന്നത് മൂന്ന് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണെന്ന് ഭേദഗതി ചെയ്ത നിയമം വ്യവസ്ഥ ചെയ്യുന്നു.

സര്‍ക്കാര്‍ ചടങ്ങുകളിലും ഔദ്യോഗിക സാംസ്‌കാരിക ചടങ്ങുകളിലും വന്ദേമാതരത്തിന്റെ ആറ് വരികളും പൂര്‍ണമായി ആലപിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളെയും ടി.എം കൃഷ്ണയുടെ ഹരജിയില്‍ ചോദ്യം ചെയ്യുന്നു.

പ്രോട്ടോക്കോള്‍ ക്രമീകരിക്കുന്നതിനപ്പുറമാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍. അവസാന നാല് വരികള്‍ ആലപിക്കുന്നതില്‍ പങ്കെടുക്കാന്‍ പൗരന്മാരെ നിര്‍ബന്ധിതരാക്കുന്നതാണ് ഈ ഭേദഗതിയെന്നും കൃഷ്ണ വാദിച്ചു.

Content Highlight: The Supreme Court Seeks Response of the Union government on plea on Vandemataram Amendment

We use cookies to give you the best possible experience. Learn more