| Wednesday, 25th November 2026, 4:25 pm

ഉമറിന്റെയും ഷര്‍ജീലിന്റെയും ജാമ്യാപേക്ഷ പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു; ദല്‍ഹി പോലീസിന് നോട്ടീസ്

റെന്വര്‍ പി

ന്യൂദല്‍ഹി: യു.എ.പി.എ കേസില്‍ ആറ് വര്‍ഷമായി വിചാരണത്തടവില്‍ കഴിയുന്ന വിദ്യാര്‍ത്ഥി നേതാക്കളായ ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഇരുവരുടെയും ജാമ്യാപേക്ഷകളില്‍ ദല്‍ഹി പോലീസിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.

ദല്‍ഹി ഹൈക്കോടതി ഇവരുടെ ജാമ്യാപേക്ഷ അടുത്തിടെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച് ഇവരുടെ ഇടക്കാല ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാന്‍ വിസമ്മതിക്കുകയായിരുന്നെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

ഉമര്‍ ഖാലിദ് ആറ് വര്‍ഷത്തിലേറെയായി കസ്റ്റഡിയിലാണെന്നും അതിനാല്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു. ഷര്‍ജീല്‍ ഇമാമിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ദാവെയും സമാനമായ ആവശ്യം ഉന്നയിച്ചു. എന്നാല്‍, ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്‍പ് എതിര്‍കക്ഷിയായ ദല്‍ഹി പൊലീസിന്റെ വാദം കേള്‍ക്കണമെന്ന് ബെഞ്ച് വ്യക്തമാക്കി.

2026 ജനുവരി അഞ്ചിന്, ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് എന്‍.വി. അഞ്ചാരിയ എന്നിവരടങ്ങിയ ബെഞ്ച്, ഇമാമിനും ഖാലിദിനും ജാമ്യം നിഷേധിച്ചിരുന്നു. ഒപ്പം പ്രൊട്ടക്ടഡ് സാക്ഷികളുടെ വിചാരണ തീരന്നത് വരെയോ ഒരു വര്‍ഷത്തേക്കോ ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും കോടതി വിധിച്ചിരുന്നു.

എന്നാല്‍ ഈ വര്‍ഷം മെയ് 22ന് സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് ഈ കേസില്‍ ഉണ്ടായ നിരീക്ഷണങ്ങളും, കെ.എ. നജീബ് കേസില്‍ ഉണ്ടായ വിധിയും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ അന്ന് ബെഞ്ച് റെഫറന്‍സ് ഓര്‍ഡര്‍ പുറപ്പെടുവിച്ചിരുന്നു. ഈ റെഫറന്‍സ് ഓര്‍ഡറിന്റെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ മൂന്നംഗ ബെഞ്ച് രൂപീകരിക്കുന്നതിനായി വിഷയം അഡ്മിനിസ്‌ട്രേറ്റീവ് തലത്തില്‍ ചീഫ് ജസ്റ്റിസിന് വിടാന്‍ ഇന്ന് കോടതി നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

തസ്‌ലീം അഹമ്മദ് വേഴ്‌സസ് സ്റ്റേറ്റ് കേസില്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍, ഈ വിഷയം മൂന്നംഗ ബെഞ്ച് രൂപീകരിക്കുന്നതിനായി ചീഫ് ജസ്റ്റിസിന് മുന്നില്‍ അഡ്മിനിസ്ട്രേറ്റീവ് തലത്തില്‍ സമര്‍പ്പിക്കാന്‍ രജിസ്ട്രിയോട് നിര്‍ദ്ദേശിക്കുന്നതായി കോടതി ഉത്തരവില്‍ പറയുന്നു.

അതേസമയം, ഖാലിദിനും ഇമാമിനും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, ഈ കേസില്‍ 900 സാക്ഷികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ‘തസ് ലീം അഹമ്മദ്’ കേസില്‍ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

‘ഇതിലെ സൂചന വ്യക്തമാണ്. ഒരു യു.എ.പി.എ കേസില്‍ ഇടക്കാല ജാമ്യം അനുവദിക്കാമെങ്കില്‍, എന്തുകൊണ്ട് ഈ കേസില്‍ പാടില്ല? നടപടികളിലെ കാലതാമസവും സാക്ഷികളുടെ എണ്ണക്കൂടുതലും അവിടെ പരിഗണിക്കാമെങ്കില്‍, ഇവിടെ എന്തുകൊണ്ട് പരിഗണിച്ചുകൂടാ?’ അദ്ദേഹം കോടതിയില്‍ ചോദിച്ചു.

ഈ വാദങ്ങള്‍ കേട്ട ചീഫ് ജസ്റ്റിസ്, വിഷയത്തിലുള്ള വൈരുദ്ധ്യം അംഗീകരിച്ചു. സിബല്‍ ഇടക്കാല ആശ്വാസത്തിനായി വീണ്ടും ആവശ്യപ്പെട്ടെങ്കിലും, കോടതി ഇക്കാര്യം പരിശോധിക്കാമെന്ന് പറയുക മാത്രമാണ് ചെയ്തതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: The Supreme Court refused to consider the bail pleas of Umar and Sharjeel.

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more