| Monday, 5th October 2026, 5:32 pm

ഫോം ആറിലെ മാറ്റങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചിട്ടില്ല; ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

അഞ്ജു ചന്ദ്രന്‍

ന്യൂദല്‍ഹി: വോട്ടര്‍ പട്ടികയില്‍ പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്തുന്നതിനുള്ള ഫോം ആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഫോം ആറില്‍ ‘നിയമവിരുദ്ധമായും ഏകപക്ഷീയമായും’ മാറ്റിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഫോമിലെ മാറ്റങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

സെപ്റ്റംബര്‍ 26ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ എസ്.ഐ.ആറിനായി ഫോമിനൊപ്പം ചേര്‍ത്ത അധിക പ്രഖ്യാപനം സുപ്രീം കോടതി അംഗീകരിച്ചതായി പറഞ്ഞിരുന്നു.

എന്നാല്‍ തിങ്കളാഴ്ച നടന്ന വാദത്തിനിടെ ‘മാറ്റം വരുത്തിയ ഫോം ആറ് സുപ്രീം കോടതി അംഗീകരിച്ചിട്ടില്ല. ആരാണ് മാറ്റം വരുത്തിയതെന്ന് രേഖകള്‍ ലഭിക്കുമ്പോള്‍ പരിശോധിക്കും,’ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഫോം ആറില്‍ ഏകപക്ഷീയമായി മാറ്റിയത് ഗ്യാനേഷ് കുമാറാണെന്നും ഇത് ബി.ജെ.പിയെ സഹായിക്കുന്നതിനായി അധികാരം ദുരുപയോഗം ചെയ്തതിന്റെ മറ്റൊരു തെളിവാണെന്നും രാഹുല്‍ പറഞ്ഞു.

വിഷയത്തില്‍ ഉത്തരവാദികളായ എല്ലാവരെയും നിയമപരമായി ഉത്തരവാദികളാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്.ഐ.ആര്‍ നടപടിക്കിടെ ഫോം ആറില്‍ അധികമായി ഉള്‍പ്പെടുത്തിയ പ്രഖ്യാപനമാണ് വിവാദത്തിന് കാരണം. അപേക്ഷകന്റെയോ മാതാപിതാക്കളുടെയോ മുത്തച്ഛന്‍/മുത്തശ്ശിയുടെയോ പേര് മുന്‍ എസ്.ഐ.ആര്‍ കാലത്തെ വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നോ എന്നതടക്കമുള്ള വിവരങ്ങളാണ് ഇതിലൂടെ ആവശ്യപ്പെട്ടിരുന്നത്.

ഈ മാറ്റത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും എതിര്‍പ്പ് ഉന്നയിച്ചിരുന്നു.

Content Highlights: The Supreme Court has not approved the changes to Form 6; Rahul Gandhi levels sharp criticism against Gyanesh Kumar.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more