| Friday, 22nd August 2025, 8:17 am

ഗവര്‍ണര്‍ ബില്ലില്‍ അടയിരിക്കുമ്പോള്‍ മിണ്ടാതിരിക്കണോ; കേന്ദ്രത്തോട് കടുപ്പിച്ച് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗവര്‍ണര്‍ വര്‍ഷങ്ങളോളം ബില്ലുകള്‍ തടഞ്ഞ് വെച്ച് നിയമനിര്‍മാണ സഭയെ പ്രവര്‍ത്തനരഹിതമാക്കുമ്പോള്‍ തങ്ങള്‍ മിണ്ടാതിരിക്കണോയെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ റഫറന്‍സില്‍ വാദം കേള്‍ക്കവെയാണ് ജസ്റ്റിസ് ആര്‍. ഗവായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.

തര്‍ക്കമുണ്ടാകുമ്പോള്‍ കോടതികള്‍ ഇടപെടുന്നതും നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതും ഒഴിവാക്കണമെന്നുമായിരുന്നു കേന്ദ്രത്തിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. ഇത്തരം പ്രതിസന്ധികളില്‍ കോടതികളെ സമീപിക്കാതെ സംസ്ഥാനങ്ങള്‍ രാഷ്ട്രീയ പരിഹാരങ്ങള്‍ക്ക് വേണ്ടി ശ്രമിക്കണമെന്നും അദ്ദേഹം മൂന്നാം ദിവസം വാദിച്ചു. ഇതിന് മറുപടിയായാണ് കോടതിയുടെ ഈ പരാമര്‍ശം.

‘ആര്‍ട്ടിക്കിള്‍ 200 പ്രകാരമുള്ള ഗവര്‍ണര്‍ തന്റെ ചുമതല നിര്‍വഹിക്കാതിരുന്നാല്‍ അത് നിയമസഭയെ ഫലത്തില്‍ നിശ്ചലമാകും. അപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ സ്ഥിതിയെന്താകും.

ബന്ധപ്പെട്ട അധികാരികള്‍ നടപടി എടുക്കാത്ത സാഹചര്യങ്ങളില്‍ ജുഡീഷ്യല്‍ റിവ്യൂവിന് കോടതിക്ക് അധികാരമില്ലെന്ന് എങ്ങനെ പറയാനാകും? ഒരു നിയമം പാസാകുമ്പോള്‍ ഗവര്‍ണര്‍ അതില്‍ അടയിരിക്കുമ്പോള്‍ പിന്നെ എന്താണ് ചെയ്യേണ്ടത്?,’ സുപ്രീം കോടതി പറഞ്ഞു.

ഇത്തരമൊരു സാഹചര്യത്തില്‍ കോടതികള്‍ ഒരു മാതൃക വെക്കരുതെന്നും ഇതില്‍ രാഷ്ട്രീയ പരിഹാരം മതിയെന്നും മേത്ത വാദത്തിനിടെ പറഞ്ഞു. ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ ഒപ്പിടുന്നത് വൈകിയാല്‍ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയോടോ രാഷ്ട്രപതിയോടോ അഭ്യര്‍ഥന നടത്താം.

ഇവര്‍ക്ക് യോഗം ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തിയും പരിഹാരം കാണാം. നിയമസഭ പാസാക്കിയ ബില്ലുകളില്‍ രാഷ്ട്രപതിയും ഗവര്‍ണറും നടപടിയെടുക്കേണ്ട സമയപരിധി കോടതിയ്ക്ക് നിശ്ചയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു.

വ്യാഴാഴ്ച കേന്ദ്രസര്‍ക്കാര്‍ വാദം പൂര്‍ത്തിയാക്കി. 26ന് വീണ്ടും കേസില്‍ വാദം കേള്‍ക്കല്‍ തുടരും.

Content Highlight: The Supreme Court asked the central government whether the court should remain silent while the governor stalls bills for years

We use cookies to give you the best possible experience. Learn more