കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് വോട്ടര്‍മാരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും മറ്റുള്ളവര്‍ക്കും പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് സുപ്രീം കോടതി.
വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ (എസ്.ഐ.ആര്‍) സമയത്ത് നീക്കം ചെയ്ത വോട്ടുകളുടെ എണ്ണത്തേക്കാള്‍ കുറവാണ് പല മണ്ഡലങ്ങളിലെയും വിജയ ഭൂരിപക്ഷം എന്ന പരാതിയിലാണ് കോടതിയുടെ നിര്‍ദേശം.
തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചും വോട്ടുകള്‍ നീക്കം ചെയ്തതിനെക്കുറിച്ചും ഉന്നയിക്കാനുള്ള കാര്യങ്ങള്‍ സ്വതന്ത്രമായ ഇടക്കാല അപേക്ഷകളായി സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി വ്യക്തമാക്കി. ഇത്തരത്തില്‍ 31 സീറ്റുകളില്‍ ക്രമക്കേട് നടന്നതായാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി 862 വോട്ടുകള്‍ക്ക് പരാജയപ്പെട്ടപ്പോള്‍ അവിടെ 5,550 വോട്ടുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും മുതിര്‍ന്ന അഭിഭാഷകനുമായ കല്യാണ്‍ ബാനര്‍ജി കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.
അതേസമയം, ഈ പരാതികളെ എതിര്‍ക്കുന്ന നിലപാടാണ് തെരഞേഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ടിരിക്കുന്നത്.
ഇത്തരം വിഷയങ്ങളില്‍ ഇലക്ഷന്‍ പെറ്റീഷന്‍ ആണ് ശരിയായ പോംവഴിയെന്ന് കമ്മീഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഡി.എസ്. നായിഡു വാദിച്ചു. വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട അപ്പീലുകളില്‍ മാത്രമേ കമ്മീഷന് ഉത്തരവാദിത്തമുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കിയതിനെതിരെയുള്ള അപ്പീലുകള്‍ തീര്‍പ്പാക്കാന്‍ നാല് വര്‍ഷത്തോളം സമയമെടുത്തേക്കാം എന്ന ആശങ്ക മുതിര്‍ന്ന അഭിഭാഷക മേനക ഗുരുസ്വാമി പങ്കുവെച്ചു.
അപ്പീലുകള്‍ തീര്‍പ്പാക്കുന്നതില്‍ എന്തെങ്കിലും പുരോഗതി വരുത്താന്‍ സാധിക്കുമോ എന്ന് പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
ഇക്കഴിഞ്ഞ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 294 അംഗ നിയമസഭയില്‍ ബി.ജെ.പി 207 സീറ്റുകള്‍ നേടി അധികാരത്തിലേറിയിരുന്നു. ചരിത്രിത്തിലാദ്യമായാണ് ബി.ജെ.പി ബംഗാള്‍ ഭരിക്കുന്നത്.
സംസ്ഥാനത്ത് 90 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 15 വര്‍ഷം അധികാരത്തിലിരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് 80 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട 60 ലക്ഷത്തോളം പരാതികളും അവകാശവാദങ്ങളും കൈകാര്യം ചെയ്യാന്‍ പശ്ചിമ ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നായി ഏകദേശം 700 ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയോഗിച്ചിരുന്നു.
പരാതികള്‍ തീര്‍പ്പാക്കുന്നതിനായി മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നേതൃത്വത്തില്‍ 19 ട്രൈബ്യൂണലുകളും രൂപീകരിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഹരജികള്‍ പരിഗണിച്ചത്.
വോട്ടര്‍ പട്ടികയില്‍ തുടരാനുള്ള വോട്ടര്‍മാരുടെ അവകാശത്തെക്കുറിച്ച് പിന്നീട് വിശദമായി പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Content Highlight: The Supreme Court asked Mamata Banerjee to file fresh petitions, citing that the margin of victory was less than the SIR repeal.