കുറച്ച് നാള് മുമ്പ് ഫുട്പാത്തിലൂടെ വന്ന സ്‌കൂട്ടര്‍ യാത്രികനെ തടഞ്ഞു നിര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ പ്രഭാവതിയമ്മയെ ആരും മറന്ന് കാണില്ല. അന്ന് പ്രഭാവതിയമ്മ സമൂഹത്തോട് പറയാന്‍ ശ്രമിച്ചത് തന്നെയാണ് ജൂണ് പത്തൊമ്പതിന് പുറത്ത് വന്ന വിധിയില്‍ സുപ്രീം കോടതിയും പറഞ്ഞ് വെച്ചത്.
പ്രഭാവതിയമ്മ
അതായത് റോഡില്‍ വാഹനങ്ങളെക്കാള്‍ പ്രധാന്യം കാല്‍നടയാത്രക്കാര്‍ക്ക് തന്നെയാണെന്നും സുരക്ഷിതമായി ഫുട്പാത്തിലൂടെ നടക്കുകയെന്നത് പൗരന്റെ ജീവിക്കാനുളള അവകാശമാണെന്നും കോടതി വിധിയില്‍ പറയുന്നു.
‘ഫുട്പാത്തിലൂടെ വണ്ടിയോടിക്കുന്നതും പാര്‍ക്ക് ചെയ്യുന്നതും മൗലികാവകാശത്തിന് മേലുള്ള കടന്ന് കയറ്റമാണ്. റോഡുകള്‍ വാഹനങ്ങള്‍ക്ക് മാത്രമായി കുത്തകയാക്കി വെക്കാന്‍ കഴിയില്ല,’ സുപ്രീം കോടതി വ്യക്തമാക്കി.
വാഹനങ്ങള്‍ കാല്‍നടയാത്രക്കാരെ ശത്രുക്കളെ പോലെ കാണുന്നത് നിര്‍ത്തണമെന്നതായിരുന്നു സുപ്രീം കോടതിയുടെ ഏറ്റവും വലിയ നിരീക്ഷണം. പ്രഭാവതിയമ്മ സ്‌കൂട്ടര്‍ തടഞ്ഞത് നിയമപരമായും ഭരണഘടനാപരമായും പൂര്‍ണമായും ശരിവെക്കുന്നതാണ് കോടതി വിധി.
സുപ്രീം കോടതി
അതേസമയം നാട്ടിലെല്ലാവരും പ്രഭാവതിയമ്മയായി മാറേണ്ട കാലം കഴിഞ്ഞുവെന്നതാണ് നിരത്തിലെ സാഹചര്യം. സീബ്രാ ലൈനുകള്‍ സ്ഥാപിച്ചിരിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ വേണ്ടിയാണെന്നും സീബ്രാ ലൈനില്‍ ഒരാളെ കണ്ടാല്‍ വണ്ടി നിര്‍ത്തികൊടുക്കേണ്ടത് നിയമമാണെന്നുമിരിക്കെ തങ്ങളെന്തോ ഔദാര്യം ചെയ്യുന്നത് പോലെയാണ് പല ഡ്രൈവര്‍മാരും വണ്ടിയൊന്ന് നിര്‍ത്തുന്നത് തന്നെ. പലയിടത്തും സ്‌കൂള്‍ കുട്ടികളെയടക്കം റോഡ് കടത്തികൊടുക്കാന്‍ പൊലീസുകാര്‍ നില്‍ക്കേണ്ടി വരുന്നതും ഇതൊക്കെ കൊണ്ട് തന്നെയാണ്.
ഇന്ത്യയില്‍ കാല്‍നടയാത്രക്കാരും ഫുട്പാത്ത് ഉപയോഗിക്കുന്നവരുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളുടെ കണക്കുകള്‍ പോലും ഏറെ ആശങ്കാജനകമാണ്.
റോഡപകടം
ഇന്ത്യയില്‍ പ്രതിവര്‍ഷം ശരാശരി 30500 ലധികം കാല്‍നടയാത്രക്കാര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നതായാണ് കണക്ക്. 2019നും 2024നും ഇടയിലുള്ള 5 വര്‍ഷത്തിടയില്‍ മാത്രം 1.8 ലക്ഷത്തിലധികം കാല്‍നടയാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
സീബ്രാലൈന്‍ വഴി റോഡ് മുറിച്ച് കടക്കുന്നവരുടെയും സ്ഥിതി വ്യത്യസ്ഥമല്ല. കേരളത്തില്‍ മാത്രം പ്രതിവര്‍ഷം 800 ലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. നിയമപ്രകാരം സീബ്രാലൈനുകള്‍ക്ക് സമീപമെത്തുമ്പോള്‍ വാഹനങ്ങള്‍ വേഗത കുറയ്ക്കുകയും മൂന്ന് മീറ്റര്‍ മുമ്പ് നിര്‍ത്തി കൊടുക്കുകയും വേണം.
പക്ഷേ നേരെ തിരിച്ച് കാല്‍നടയാത്രക്കാരെ കാണുമ്പോള്‍ മുഖം ചുളിച്ച് ഹോണ്‍ അടിച്ച് പിടിച്ച് ആളുകളെ പേടിപ്പിച്ച് ചീറിപാഞ്ഞ് പോവാറാണ് വാഹനങ്ങളുടെ പതിവ്. എന്നാല്‍ ഇതിനെല്ലാം മാതൃകയാക്കേണ്ടത് വിദേശ രാജ്യങ്ങളെയാണെന്ന് കണ്ണും പൂട്ടി പറയാം.
അവിടങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്കാണ് റോഡുകളുടെ പരമാധികാരം. സീബ്രാലൈനില്‍ ഒരാളെ കണ്ടാല്‍ തന്നെ വണ്ടി നിര്‍ത്തികൊടുത്തിരിക്കണം. അതിനായി പല രാജ്യങ്ങളും പലതരത്തിലുള്ള നിയമങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നുണ്ട്.
ത്രീ ഡി സീബ്രാലൈനുകള്‍, സ്മാര്‍ട്ട് എല്‍.ഇ.ഡി ക്രോസിങ്ങുകള്‍, അഡ്വാന്‍സ്ഡ് ക്യാമറാ സിസ്റ്റം, എന്നിവയൊക്കെയാണ് അവയില്‍ ചിലത്. റോഡുകളുടെ ഡിസൈനുകള്‍ പോലും കാല്‍നടയാത്രക്കരുടെ സൗകര്യത്തിനനുസരിച്ചുളളതാണ്.
ചുരുക്കി പറഞ്ഞാല്‍ പ്രഭാവതിയമ്മ പറഞ്ഞത് പോലെ ഫൂട്പാത്തിലൂടെ പോവാന്‍ പറ്റില്ലായെന്ന് നിരത്തിലെ വാഹനങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. സുപ്രീം കോടതി വിധിയെ എങ്കിലും മാനിച്ച് കാല്‍നടയാത്രക്കാര്‍ ശത്രുക്കളാണെന്നുള്ള മനോഭാവം മാറ്റിവെച്ച് വണ്ടിയോടിച്ചാല്‍ മാത്രമേ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയുള്ളു.
ഇനിയെങ്കിലും ഒരു കാല്‍നടയാത്രക്കാരന്റെയും മൗലികാവകാശത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കരുതെന്ന് മാത്രമേ ഓരോ ഡ്രൈവര്‍മാരോടും പ്രഭാവതിയമ്മയെ പോലെയുള്ള അനവധി കാല്‍നടയാത്രക്കാര്‍ക്ക് പറയാനുള്ളൂ.
Content Highlight: The resistance put up by Prabhavathi Amma; the fundamental right declared by the Supreme Court!