| Wednesday, 17th September 2025, 7:46 pm

അനുനയശ്രമം ഫലം കണ്ടു; പാകിസ്ഥാനും യു.എ.ഇയുമായുള്ള മത്സരം ഒമ്പത് മണിക്ക് നടക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ ഇന്ന് നടക്കാനിരുന്ന നിര്‍ണായകമായ സൂപ്പര്‍ ഫോര്‍ മത്സരം ഒമ്പത് മണിക്ക്. നേരത്തെ യു.എ.യുമായുള്ള മത്സരത്തില്‍ നിന്ന് പാകിസ്ഥാന്‍ പിന്‍മാറിയേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മാച്ച് റഫറിയായ ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പാകിസ്ഥാന്റെ ആവശ്യം ഐ.സി.സി അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറുമെന്ന് പറഞ്ഞതും ഹോട്ടലില്‍ തന്നെ തുടര്‍ന്നതും.

നിലവില്‍ ടീം സ്‌റ്റേഡിയത്തിലേക്ക് തിരിച്ചതായാണ് വിവരം ലഭിക്കുന്നത്. മാത്രമല്ല കാര്യങ്ങള്‍ പത്രസമ്മേളനത്തില്‍ പറയുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് മൊഹസിന്‍ നഖ്‌വി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയുടെ ആവശ്യപ്രകാരം ഇരു ക്യാപ്റ്റന്‍മാരും ഹസ്തദാനം നല്‍കേണ്ടതില്ലെന്ന് അമ്പയറായ ആന്‍ഡി പൈക്രോഫ്റ്റ് പറഞ്ഞിരുന്നു. ഇതോടെ പാകിസ്ഥാന്‍ ഐ.സി.സിയില്‍ മാച്ച് റഫറിയെ മാറ്റണമെന്ന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് നടക്കുന്ന മത്സരത്തിലും ആന്‍ഡി പൈക്രോഫ്റ്റ് ഫീല്‍ഡ് അമ്പയറായി എത്തിയതാണ് പാകിസ്ഥാനെ പ്രകോപിപ്പിച്ചത്.

സെപ്റ്റംബര്‍ 14ന് പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ നടന്ന മത്സരത്തില്‍ പാക് താരങ്ങള്‍ക്ക് ഇന്ത്യന്‍ താരങ്ങള്‍ ഹസ്തദാനം നല്‍കിയിരുന്നില്ല. ടോസ് സമയത്തും രണ്ട് ക്യാപ്റ്റന്മാരും പരസ്പരം കൈകൊടുത്തിരുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലെ പതിവ് രീതിയായ ഹസ്തദാനം നല്‍കാത്തതില്‍ പാകിസ്ഥാന്‍ പ്രതിഷേധം അറിയിച്ചിരുന്നു.

പിന്നാലെ, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനും ഐ.സി.സിയ്ക്കും പരാതി നല്‍കിയിരുന്നു. ടോസ് സമയത്ത് പൈക്രോഫ്റ്റ് പാക് നായകന്‍ സല്‍മാന്‍ അലി ആഘയോട് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് കൈ കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.

ഈ പെരുമാറ്റം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് എതിരാണെന്നും അതിനാല്‍ മാച്ച് റഫറിക്ക് എതിരെ നടപടി വേണമെന്നുമായിരുന്നു പി.സി.ബിയുടെ ആവശ്യം. ഇന്ത്യക്കൊപ്പം നിന്ന മാച്ച് റഫറിയെ ടൂര്‍ണമെന്റിന്റെ പാനലില്‍ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.

നടപടി സ്വീകരിച്ചില്ലെങ്കില്‍ പാക് ടീം ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും പി.സി.ബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി മുന്നറിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഈ ഭീഷണി മുഖവിലക്കെടുക്കാതെ കഴിഞ്ഞ ദിവസം പൈക്രോഫ്റ്റിന് ഈ വിവാദങ്ങളില്‍ പങ്കില്ലെന്ന് വിലയിരുത്തി ഈ ആവശ്യം തള്ളിയിരുന്നു. അതിന് പിന്നാലെ, യു.എ.ഇക്കെതിരെയായ മത്സരത്തിന്റെ പ്രസ് മീറ്റില്‍ നിന്ന് പാകിസ്ഥാന്‍ വിട്ടുനിന്നിരുന്നു.

അതേസമയം, ഇന്ന് യു.എ.ഇക്കെതിരെ പാകിസ്ഥാന്‍ നിര്‍ണായക മത്സരത്തിനാണ് ഇറങ്ങുന്നത്. സൂപ്പര്‍ ഫോറിലേക്ക് മുന്നേറാന്‍ ടീമിന് വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ ഒമാനെ തോല്‍പ്പിച്ച് തുടങ്ങിയ പാക് സംഘം ഇന്ത്യയ്ക്ക് മുന്നില്‍ വെല്ലുവിളികള്‍ ഉയര്‍ത്താതെ തകര്‍ന്നടിഞ്ഞിരുന്നു.

Content Highlight: The Super Four match between Pakistan and UAE will be played at 9 am today

We use cookies to give you the best possible experience. Learn more