ജെറുസലേം: ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ല ഗസാ തീരമണയാൻ മണിക്കൂറുകള്‍ മാത്രം. നിലവില്‍ സുമുദ് ഫ്‌ലോട്ടില്ലയുള്ളത് ഗസയില്‍ നിന്ന് 160 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണ്. ഇസ്രഈലിന്റെ ‘ഹൈ റിസ്‌ക് ഏരിയ’യില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് കപ്പലുകള്‍ നിലയുറച്ചിരിക്കുന്നത്.
തങ്ങള്‍ കൂടുതല്‍ അപകടസാധ്യതയുള്ള മേഖലയിലേക്ക് പ്രവേശിക്കുകയാണെന്ന് ഫ്‌ലോട്ടില്ല പ്രതിനിധികള്‍ അറിയിച്ചു. ഫ്‌ലോട്ടില്ലയെ തത്സമയം ട്രാക്ക് ചെയ്തുകൊണ്ട് തങ്ങളുടെ ഗസാ ദൗത്യത്തെ പിന്തുണക്കണമെന്നും പ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചു.
സെപ്റ്റംബര്‍ 28ന് ഇസ്രഈല്‍ നിയന്ത്രണത്തിലുള്ള അപകടമേഖലയിലേക്ക് സുമുദ് ഫ്‌ലോട്ടില്ല പ്രവേശിച്ചിരുന്നു. ഇപ്പോള്‍ കൂടുതല്‍ നിയന്ത്രണമുള്ള മേഖലയിലേക്കാണ് ഫ്‌ലോട്ടില്ല കപ്പലുകള്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നത്.
ഫ്‌ലോട്ടില്ല കപ്പലുകള്‍ ഗസയില്‍ നിന്ന് 150 നോട്ടിക്കല്‍ മൈല്‍ ദൂരത്തെത്തിയാല്‍ മുന്നോട്ടുള്ള യാത്ര തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പ്രതികരിച്ചു. എന്ത് വില കൊടുത്തും സുമുദ് ഫ്‌ലോട്ടില്ലയെ തടയുമെന്നാണ് ഇസ്രഈലിന്റെ നിലപാട്.
എന്നാല്‍ ഫ്‌ലോട്ടില്ലയെ തടഞ്ഞാല്‍ ഇസ്രഈല്‍ കനത്ത പ്രത്യാഘാതം നേരിടുമെന്ന് സ്പെയ്ന്‍, ഇറ്റലി എന്നീ രാജ്യങ്ങളുടെ മുന്നറിയിപ്പുണ്ട്. നേരത്തെ ഗ്രീസിന്റെ സമുദ്രാതിര്‍ത്തിയില്‍ വെച്ച് ഫ്‌ലോട്ടില്ല കപ്പലുകളെ ലക്ഷ്യമിട്ട് ഇസ്രഈല്‍ ഡ്രോണാക്രമണം നടത്തിയിരുന്നു.
15ഓളം ഡ്രോണുകളാണ് ഫ്ളോട്ടില്ലയുടെ ബോട്ടുകള്‍ക്ക് മേല്‍ പതിച്ചത്. പിന്നാലെ സുമുദ് ഫ്‌ലോട്ടില്ലയെ സഹായിക്കാന്‍ ഇറ്റലി യുദ്ധക്കപ്പല്‍ അയച്ചിരുന്നു.
സഞ്ചാര സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, അന്താരാഷ്ട്ര നിയമം എന്നിവ ലംഘിക്കുന്ന ഓരോ നടപടികള്‍ക്കും മറുപടി നല്‍കുമെന്ന് സ്പാനിഷ് വിദേശകാര്യമന്ത്രി ജോസ് മാനുവേല്‍ അല്‍ബാരസിന്റെ മുന്നറിയിപ്പുമുണ്ടായിരുന്നു.
ഗസയിലെ ഇസ്രഈലിന്റെ നിയമവിരുദ്ധമായ ഉപരോധം അവസാനിപ്പിക്കുക, മാനുഷിക സഹായം എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഗ്ലോബല്‍ സുമുദ് ഫ്ളോട്ടില്ല സ്പെയ്നിലെ ബാഴ്സലോണയില്‍ നിന്നും യാത്ര ആരംഭിച്ചത്.
ആക്ടിവിസ്റ്റ് ഗ്രെറ്റ തുംബെര്‍ഗ് ഉള്‍പ്പടെയുള്ളവരാണ് യാത്രയിലുള്ളത്. 44 രാജ്യങ്ങളില്‍ നിന്നുള്ള അമ്പതിലധികം ചെറുകപ്പലുകളുടെ കൂട്ടമാണ് ഫ്ളോട്ടില്ല. നേരത്തെ ടുണീഷ്യന്‍ തീരത്ത് വെച്ചും ഫ്ളോട്ടില്ലയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായിരുന്നു.
നിലവില്‍ ഫ്രീഡം ഫ്‌ലോട്ടില്ലയുടെ കപ്പല്‍ ആക്രമിക്കപ്പെട്ട മേഖലയിലേക്ക് സുമുദ് ഫ്‌ലോട്ടില്ലയും എത്തിയതായാണ് വിവരം. ഫ്രീഡം ഫ്‌ലോട്ടില്ലയെ തടഞ്ഞ ഇസ്രഈല്‍ സേന കപ്പലിലുണ്ടായിരുന്ന തെന്‍ബര്‍ഗ് അടക്കമുള്ള 12 പേരെ നാടുകടത്തിയിരുന്നു.
Content Highlight: The Sumud flotilla is currently 160 nautical miles from Gaza