ലെബനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കുന്നതിനായി സി.പി.ഐ.എം പ്രതിനിധി സംഘം സെപ്റ്റംബര്‍ 15 ന് ലെബനന്‍ സന്ദര്‍ശിച്ചിരുന്നു. പോളിറ്റ് ബ്യൂറോ അംഗം നിലോത്പാല്‍ ബസു, പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗമായ ശാന്തനു ദേ, സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗമായ വി.പി. സാനു എന്നിവരായിരുന്നു പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്.
സെമിനാറില്‍ സി.പി.ഐ.എമ്മിനെ പ്രതിനിധീകരിച്ച് നിലോത്പാല്‍ ബസു നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം
ഈ സെമിനാറിന് ആതിഥേയത്വം വഹിച്ച ലെബനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആദ്യമായി ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.
ജനങ്ങളുടെ പോരാട്ടവും അന്താരാഷ്ട്ര ഐക്യദാര്‍ഢ്യവും’ എന്ന ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇതിലും ഉചിതമായ മറ്റൊരു സമയമില്ല. ഈ പരിപാടിക്ക് ബെയ്‌റൂട്ടിനേക്കാള്‍ മികച്ച ഒരു വേദി ഉണ്ടാവുകയുമില്ല.
കുടിയേറ്റ കോളനി രാജ്യമായ ഇസ്രഈലില്‍ നിന്നുള്ള ഫലസ്തീന്‍ ജനതയുടെ മോചനത്തിനും സ്വന്തം പരമാധികാരത്തിന് വേണ്ടി പോരാടുന്ന ലെബനീസ് ജനതയോടുമുള്ള ഞങ്ങളുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത്രയും വര്‍ഷത്തെ അവരുടെ ത്യാഗത്തിനും പോരാട്ടത്തിനും ചരിത്രം സാക്ഷിയാണ്.
ലെബനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കുന്ന സി.പി.ഐ.എം പ്രതിനിധികള്‍
കുടിയേറ്റ കോളനി രാജ്യമായ ഇസ്രഈല്‍ ഭീകരമായ വംശഹത്യയാണ് തുടരുന്നത് എന്നത് ഇതിനോടകം വ്യക്തമാണ്. ഇസ്രഈലിന്റെ നിയന്ത്രണത്തിന് കീഴിലുള്ള പ്രദേശങ്ങളില്‍ കഴിയുന്ന ഫലസ്തീനികള്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നത് ലോകം തത്സമയം കണ്ടുകൊണ്ടിരിക്കുകയാണ്.
ഭൂരിപക്ഷം വരുന്ന ഇസ്രഈല്‍ ജനത ഇതിനെ പരസ്യമായി പ്രോത്സാഹിപ്പിക്കുകയും ആക്രമണം കൂടുതല്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമ്പോള്‍ വംശഹത്യയും അധിനിവേശവും വര്‍ണ്ണവിവേചനവും ഭീതിതമായി അരങ്ങേറുകയാണ്.
കഴിഞ്ഞ 23 മാസമായി തുടരുന്ന ഈ ക്രൂരത യാദൃശ്ചികമല്ല. പതിറ്റാണ്ടുകളായി വംശീയ ഉന്മൂലനത്തിലൂടെയും ഭൂമി കൈവശപ്പെടുത്തലിലൂടെയും ഫലസ്തീന്‍ ജനതയെ അവരുടെ മണ്ണില്‍ നിന്നും കുടിയൊഴിപ്പിക്കാനുള്ള നയങ്ങളുടെ പാരമ്യമാണത്. ഇതിലൂടെ ഫലസ്തീന്‍ ജനതയുടെ സ്വത്വത്തെ തന്നെ ഇല്ലാതാക്കുകയാണ്.
ഈ അവസ്ഥയിലും ബ്രസ്സല്‍സ് മുതല്‍ ന്യൂയോര്‍ക്ക് വരെയുള്ള രാഷ്ട്രീയ വേദികളില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുന്നത് യുക്തിക്ക് നിരക്കുന്നതല്ല. അത് അപ്രധാനമായതുകൊണ്ടല്ല, മറിച്ച് കഴിഞ്ഞ 35 വര്‍ഷമായി പല രാഷ്ട്രങ്ങളും ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവിയെന്ന അംഗീകാരം നല്‍കുന്നത് വൈകിപ്പിക്കുകയും പലരും അതിനെ നിഷേധിക്കുകയും ചെയ്തിട്ടുണ്ട് എന്നതുകൊണ്ടുകൂടിയാണ്.
രാഷ്ട്രീയ വിഷയമായ ഫലസ്തീന്‍ പ്രശ്‌നം മാനുഷിക പ്രതിസന്ധിയായി മാത്രം കൈകാര്യം ചെയ്യപ്പെടേണ്ട ഒന്നായി രാഷ്ട്രീയ ചര്‍ച്ചകള്‍ ചുരുക്കിക്കളഞ്ഞു. അധിനിവേശം, വര്‍ണ്ണവിവേചനം, വംശഹത്യ എന്നിവ എത്രയും വേഗം അവസാനിപ്പിക്കുക. ഇതാണ് അടിസ്ഥാനപരമായി നടപ്പിലാക്കേണ്ടത്. ഇതില്‍ പരാജയപ്പെട്ടത് നിയമമല്ല, മറിച്ച് അടിസ്ഥാനപരമായ ചോദ്യങ്ങള്‍ ചോദിക്കേണ്ടതില്ലെന്ന് തീരുമാനിച്ച ചിലരുടെ രാഷ്ട്രീയദുഷ്ടലാക്കാണ്.
1948ല്‍ ഇസ്രഈല്‍ രാഷ്ട്രം സ്ഥാപിക്കപ്പെട്ടത് ബ്രിട്ടനും മറ്റ് പാശ്ചാത്യ ശക്തികളും ഉള്‍പ്പെട്ട ഒരു വലിയ സാമ്രാജ്യത്വ പദ്ധതിയുടെ ഭാഗമായിരുന്നു എന്നതാണ് ഫലസ്തീന്‍ പ്രശ്‌നത്തിന്റെ അടിസ്ഥാന വിഷയം. ഫലസ്തീനികളുടെ വിധി നിര്‍ണ്ണയിച്ച ഈ പ്രക്രിയയില്‍ അവരെ ഒഴിവാക്കുകയും അരികുവല്‍ക്കരിക്കുകയും ചെയ്തു.
കഴിഞ്ഞ എട്ട് പതിറ്റാണ്ടുകളായി, വംശീയ ഉന്മൂലനത്തിലൂടെയും പ്രദേശങ്ങള്‍ കൈവശപ്പെടുത്തുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്തതിലൂടെ ഇസ്രായേലിനെക്കുറിച്ചുള്ള ഭയങ്ങള്‍ യാഥാര്‍ത്ഥ്യമായി. പാശ്ചാത്യ രാജ്യങ്ങളുടെ തുടര്‍ച്ചയായ പ്രീണനം ദ്വരാഷ്ട്രമെന്ന പരിഹാരം ഒരു വിദൂര സാധ്യത മാത്രമായി കാണുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെയെത്തിച്ചു.
സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിക്കുമ്പോഴും, ഫലസ്തീന്‍ രാഷ്ട്രത്തെക്കുറിച്ച് ചോദ്യമേ വേണ്ടെന്നും മുഴുവന്‍ ഭൂമിയും ഇസ്രഈലിന് അവകാശപ്പെട്ടതാണെന്നുമാണ് നെതന്യാഹുവിന്റെ അഹങ്കാരത്തോടെയുള്ള പ്രതികരണം.
അധികാര ധാര്‍ഷ്ട്യത്തിന്റെ സ്വരം വ്യക്തമാണ്. യു.എസ് സാമ്രാജ്യത്വത്തിന്റെ ഒത്താശ മാത്രമല്ല, ഒരു സംയുക്ത പദ്ധതിയായി ഇതിനെ യാഥാര്‍ത്ഥ്യമാക്കാന്‍ അവര്‍ നീങ്ങുകയാണ്. യു.എസില്‍ നിന്നുള്ള സാമ്പത്തിക, സൈനിക പിന്തുണയില്ലാതെ ഇത് ഒരിക്കലും ഇസ്രഈലിന് സാധ്യമാവില്ല. ഫലസ്തീനിലെ അതിക്രമങ്ങള്‍ തടയുന്നതിനുള്ള യു.എന്‍ രക്ഷാസമിതി പ്രമേയങ്ങള്‍ വീണ്ടും വീണ്ടും വീറ്റോ ചെയ്തത് ഇതിന് ഉദാഹരണമാണ്.
ഇസ്രഈലിന്റെ ആക്രമണവും അവര്‍ ആഗ്രഹിക്കുന്ന പ്രാദേശിക മേധാവിത്വവും യു.എസ്. മിലിട്ടറി-ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സിന് അവരുടെ ലാഭം വര്‍ദ്ധിപ്പിക്കാന്‍ അനുയോജ്യമായ സാഹചര്യമാണ് ഒരുക്കുന്നത്.
രാഷ്ട്രീയ തലത്തില്‍ ഇസ്രഈലിനോടുള്ള തുടര്‍ച്ചയായ ഈ പ്രീണനം മുമ്പുണ്ടായ നാസികളോടുള്ള സമാനമായ കീഴടങ്ങലിനെയും അതിന്റെ ഫലമായി ലോകത്തെ മുഴുവന്‍ വിഴുങ്ങാന്‍ പോന്ന രൂപത്തിലെത്തിയ ഭീകരമായ അവസ്ഥയേയുമാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
ഇസ്രഈലിന്റെ നീണ്ട അധിനിവേശം വംശീയ വേര്‍തിരിവിനും വര്‍ണ്ണവിവേചനത്തിനും തുല്യമാണെന്ന് സ്ഥിരീകരിച്ച അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ 2024 ജൂലൈയിലെ നിരീക്ഷണം ഉള്‍ക്കൊള്ളാനുള്ള കടമ എല്ലാ രാജ്യങ്ങള്‍ക്കുമുണ്ട്. യു.എന്‍ ജനറല്‍ അസംബ്ലി ഈ അഭിപ്രായം അംഗീകരിക്കുകയും ചെയ്തു. ഈ കണ്ടെത്തലുകള്‍ തന്നെ ഇസ്രഈലിനെതിരെ നടപടിയെടുക്കാന്‍ പര്യാപ്തമാണ്.
യുദ്ധക്കുറ്റങ്ങള്‍, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, വംശഹത്യ എന്നിവയില്‍ കുറ്റാരോപിതമായിരിക്കുന്നത് ഇസ്രഈല്‍ എന്ന രാഷ്ട്രമാണ്. അതിനാല്‍ ആ രാഷ്ട്രമാണ് അവരുടെ തെറ്റുകള്‍ക്ക് ഉത്തരവാദി.
വംശഹത്യയുടെ ഭീകരതയും പ്രത്യേകിച്ച് 2023 ഒക്ടോബര്‍ 7-ന് ശേഷമുള്ള ഇസ്രഈലിന്റെ പ്രതികരണവും ലോകം കണ്ടതാണ്. നിസ്സഹായരായ ആളുകളെ കൊലപ്പെടുത്തിയും സ്‌കൂളുകളും ആശുപത്രികളും തകര്‍ത്തും ഭക്ഷണവും മാനുഷിക സഹായത്തിനുള്ള പ്രവേശനവും നിഷേധിച്ചും
പട്ടിണി മരണങ്ങള്‍ സൃഷ്ടിച്ചും ഇസ്രഈല്‍ ക്രൂരത തുടര്‍ന്നു. ഇതെല്ലാം തത്സമയം വീടുകളില്‍ സംപ്രേക്ഷണം ചെയ്യപ്പെട്ടപ്പോള്‍ ഇസ്രഈലിന്റെ ഈ നീക്കത്തെ അപലപിച്ചുകൊണ്ട് ദശലക്ഷക്കണക്കിന് വരുന്ന ആളുകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങി.
ഇസ്രഈലിന്റെ ദീര്‍ഘകാല അധിനിവേശ സമ്പദ്വ്യവസ്ഥ വംശഹത്യയുടെ സമ്പദ്വ്യവസ്ഥയിലേക്ക് മാറുന്നതിന്റെ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇസ്രഈലിന്റെ ഈ ഹാനികരമായ നയങ്ങളില്‍ നിന്ന് ആഗോള കോര്‍പ്പറേറ്റുകള്‍ വന്‍ ലാഭം ഉറപ്പാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.
എന്നാല്‍ ഇന്ന് ഒരു പുതിയ കാറ്റ് വീശുന്നുണ്ട്. ഇസ്രഈല്‍ കാലാകാലമായി വിളിച്ചു പറയുന്ന ‘സ്വയം പ്രതിരോധത്തിനുള്ള അവകാശത്തില്‍’ നിന്ന് മാറി പതിറ്റാണ്ടുകളായി നീതി നിഷേധിക്കപ്പെട്ട ഫലസ്തീനികളുടെ സ്വയം നിര്‍ണ്ണയാവകാശത്തിലേക്ക് ആഖ്യാനം മാറുകയാണ്.
ഫലസ്തീന്റെ ചെറുത്തുനില്‍പ്പിനെ ‘ഭീകരതയുടെ ചട്ടക്കൂട്’ ഉപയോഗിച്ച് മനുഷ്യത്വരഹിതമായി ചിത്രീകരിക്കുന്നതും ഫലസ്തീന്റെ വാക്കുകള്‍ക്കെതിരെ പ്രയോഗിക്കുന്ന സെമിറ്റിക് വിരുദ്ധതയെന്ന ആയുധവും ഇല്ലാതാവുകയാണ്.
തെരുവുകള്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയിരിക്കുന്നു, ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ക്ക് പ്രതികൂല തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഉണ്ടാകുന്നു
അതോടൊപ്പം സിറിയ, ലെബനന്‍, ഇറാന്‍, യെമന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ കൂടി ആക്രമണങ്ങള്‍ നടത്തി ഈ സംഘര്‍ഷം വികസിക്കുന്നതിലൂടെ അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എന്‍ ചാര്‍ട്ടറിന്റെയും എല്ലാ മാനദണ്ഡങ്ങള്‍ക്കും മുകളിലാണ് തങ്ങളെന്ന് ഇസ്രായേല്‍ പ്രഖ്യാപിക്കുകയാണ്.
ഇന്ത്യന്‍ ജനതയും നമ്മുടെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവും, സാമ്രാജ്യത്വ ശക്തികള്‍ക്കും കുടിയേറ്റ കോളനി രാജ്യമായ ഇസ്രഈലിനുമെതിരായ ഫലസ്തീന്‍ ജനതയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ജനതയുടെയും സ്വതന്ത്ര ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെയും നിലപാട് യാദൃച്ഛികമായിരുന്നില്ല. അത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സ്വന്തം പോരാട്ടത്തിന്റെയും കോളനി വാഴ്ചയില്ലാതാക്കാനുള്ള ശ്രമങ്ങളുടെയും തീച്ചൂളയില്‍ നിന്നുണ്ടായതാണ്. അതുകൊണ്ട് തന്നെ ഇസ്രഈലിനെ നയതന്ത്രപരമായി അംഗീകരിച്ച അവസാന രാജ്യങ്ങളില്‍ ഒന്ന് കൂടിയായിരുന്നു ഇന്ത്യ.
എന്നാല്‍ ഇപ്പോള്‍ നമുക്ക് തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യമാണുള്ളത്. ഇപ്പോഴത്തെ അതിതീവ്ര വലതുപക്ഷ സര്‍ക്കാരിന് വ്യക്തമായ യു.എസ് പക്ഷപാതിത്വം ഉണ്ട്. ഇസ്രഈലുമായി അടുത്ത സൈനിക, സുരക്ഷാ, സാമ്പത്തിക ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലേക്ക് രാജ്യം മാറിയിട്ടുണ്ട്.
ഇന്ത്യയുടെ രണ്ടാമത്തെ വലിയ ആയുധ വിതരണക്കാരായി ഇസ്രഈല്‍ മാറി. വംശഹത്യയുടെ വ്യക്തമായ തെളിവുകളുണ്ടായിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ ഇസ്രഈലിനെ അപലപിക്കാന്‍ തയ്യാറായില്ല.
അടുത്തിടെ ട്രംപിന്റെ താരിഫ് ഭീഷണിയില്‍ കുടുങ്ങിയപ്പോള്‍ മാത്രമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ യു.എസിനെതിരെ പതിയെയാണെങ്കിലും ചിലത് ശബ്ദിച്ചത്. ഇന്ത്യ ബ്രിക്‌സിലും ഷാങ്ഹായ് സഹകരണ സംഘടനയിലും കൂടുതല്‍ സജീവമായിരിക്കുന്നു.
ഫലസ്തീനുമായി ബന്ധപ്പെട്ട ടിയാന്‍ജിന്‍ പ്രമേയവുമായും ഇന്ത്യ സഹകരിച്ചു. എന്നാല്‍ ടിയാന്‍ജിന് തൊട്ടുപിന്നാലെ, വെസ്റ്റ് ബാങ്കിലെ ഭൂമി കൈവശപ്പെടുത്തുന്നതിനെക്കുറിച്ചുള്ള നിലപാട് കാരണം പാശ്ചാത്യ രാജ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഇസ്രഈലി ധനമന്ത്രി ബെസലെല്‍ സ്‌മോട്രിച്ചിന് ഇന്ത്യന്‍ സര്‍ക്കാര്‍ ആതിഥേയത്വം നല്‍കി. ഇരു രാജ്യങ്ങളുമായി കരാറില്‍ ഒപ്പിടുന്നതിനാണ് ഈ സന്ദര്‍ശനം എന്ന് പറയപ്പെടുന്നു. ഇത് ചാഞ്ചാട്ടത്തിന്റെ വ്യക്തമായ സൂചനയാണ്.
അതിനാല്‍, രാജ്യത്തെ ഐക്യദാര്‍ഢ്യ പ്രസ്ഥാനത്തില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ നമ്മിലേക്ക് വരികയാണ്. ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്.
ഇന്ത്യന്‍ ജനതയില്‍ നിന്ന് കൂടുതല്‍ ശക്തമായ പ്രതികരണവും ഞങ്ങള്‍ കാണുന്നു. യു.എസ്.-ഇസ്രഈല്‍ അച്ചുതണ്ടിനെ നേരിടാനും, സ്വാതന്ത്ര്യത്തിനായുള്ള പലസ്തീന്‍ ജനതയുടെ പോരാട്ടത്തെ പിന്തുണയ്ക്കാനും, മേഖലയുടെ പരമാധികാരവും നീതിയുക്തമായ സമാധാനവും ഉയര്‍ത്തിപ്പിടിക്കാനും അന്താരാഷ്ട്ര ഐക്യദാര്‍ഢ്യം വളര്‍ത്തിക്കൊണ്ട് ജനകീയ പോരാട്ടത്തില്‍ കൂടുതല്‍ വലിയ തോതില്‍ അണിചേരേണ്ട സമയം ഇതാണ്.
Content Highlight: The Struggle of Peoples and International Solidarti, seminar organised by the Lebanese Communist PartyNilotpal Basu Full Speech