ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ തിരുത്താനാവാത്ത തന്ത്രപരമായ മാറ്റങ്ങൾ സംഭവിച്ചുകഴിഞ്ഞുവെന്നും, ഇത് ഒരിക്കലും പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തില്ലെന്നും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) നേവി വ്യക്തമാക്കി.
പ്രത്യേകിച്ച് അമേരിക്കയ്ക്കും ഇസ്രഈൽ ഭരണകൂടത്തിനും ഇനി പഴയത് പോലെയുള്ള സാഹചര്യം അവിടെ ഉണ്ടാകില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
കടലിടുക്കിലെ പാശ്ചാത്യ മേൽക്കോയ്മ ഇതോടുകൂടി അവസാനിച്ചെന്നും ഐ.ആർ.ജി.സി കമാന്റ് എക്‌സിൽ കുറിച്ചു.
സമീപകാല സംഭവവികാസങ്ങൾ ഇറാന്റെ കടലിൽ അമേരിക്ക നേതൃത്വം നൽകുന്ന ബാഹ്യ ശക്തികൾക്ക് നിബന്ധനകൾ നിർദേശിക്കാനോ നിയന്ത്രിക്കാനോ കഴിയാത്ത പുതിയ സാഹചര്യം ഉണ്ടാക്കിയെന്നും കമാന്റ് ഊന്നിപ്പറഞ്ഞു.
തങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനും, പേർഷ്യൻ ഗൾഫിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇറാൻ പ്രതിജ്ഞാബദ്ധമാണെന്ന് അവർ ആവർത്തിച്ചു.
മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥർ നേരത്തെ പ്രഖ്യാപിച്ച സമഗ്രമായ പദ്ധതിയുടെ അവസാന ഘട്ടത്തിലേക്ക് ഐ.ആർ.ജി.സി എത്തിയതായി പ്രസ്താവനയിൽ പറയുന്നു.
പേർഷ്യൻ ഗൾഫിൽ തദ്ദേശീയമായ ഒരു പുതിയ സുരക്ഷാ സംവിധാനം ഏർപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിദേശ ശക്തികളുടെ സാന്നിധ്യമില്ലാതെ മേഖലയിലെ സ്ഥിരതയും സുരക്ഷയും അവിടുത്തെ തീരദേശ രാജ്യങ്ങൾ തന്നെ ഉറപ്പാക്കണമെന്നതാന് ഈ പദ്ധതിയുടെ കാതൽ.
നാവികസേനയുടെ വിപുലമായ വിന്യാസം, അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ഈ തയ്യാറെടുപ്പുകളിൽ ഉൾപ്പെടുന്നു.
ഇറാന്റെ സമുദ്രാതിർത്തി സംരക്ഷിക്കുന്നതിനും കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനുമായാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അമേരിക്കയുടെയോ അവരുടെ സഖ്യ കക്ഷികളുടെയോ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു നീക്കത്തെയും ഇറാൻ പ്രതിരോധ സേന ശക്തമായി തിരിച്ചടിക്കുമെന്നും ഇറാനിയൻ സൈനിക ഉദ്യോഗസ്ഥർ ആവർത്തിച്ച് പറഞ്ഞു.
ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടർന്നാൽ ഇറാൻ നരകമായിരിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ഭീഷണി ആവർത്തിച്ചതിന് പിന്നാലെയാണ് ഐ.ആർ.ജി.സി നേവി കമന്റിന്റെ ഈ പ്രസ്താവന പുറത്തുവന്നത്.
ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും അമേരിക്ക തകർക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
Content Highlight: The Strait of Hormuz will never return to its old state, especially for the US and Israel; IRGC