കുനിഷിഗെ കമാമോട്ടോ നിര്യാതനായ വാര്‍ത്ത വളരെ വൈകിയാണ് അറിയുന്നത്. ആരായിരുന്നു കമാമോട്ടോ? ജാപ്പനീസ് ഫുട്‌ബോളിലെ സാമുറായ്. രാഷ്ട്രാന്തരീയ ഫുട്‌ബോളില്‍ ഒരു മത്സരത്തില്‍ 0.99 എന്ന റെക്കോഡ് ഗോള്‍ ശരാശരി സൂക്ഷിക്കുന്ന കളിക്കാരന്‍. പുഷ്‌കാസ് അല്ലാതെ മറ്റൊരു ഫുട്‌ബോളറും കമാമോട്ടോക്ക് ഒപ്പമോ മുകളിലോ ഇക്കണക്കില്‍ ഇല്ല. ഇന്നും ജാപ്പാന്‍ ദേശീയ ടീമിന്റെ ടോപ് സ്‌കോറര്‍.
പെലെ തെരഞ്ഞെടുത്ത ലോകത്തെ ഏറ്റവും മികവേറിയ 40 കളിക്കാരുടെ പട്ടികയിലും അദ്ദേഹമുണ്ട്. 1968 മെക്‌സിക്കോ ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ജാപ്പാന്‍ മെഡല്‍ നേടുമ്പോള്‍ കമാമോട്ടോ ആയിരുന്നു ടോപ് സ്‌കോറര്‍. ഒരു ഏഷ്യന്‍ രാജ്യം ഒളിമ്പിക്‌സ് ഫുട്‌ബോള്‍ മെഡല്‍ നേടുന്നത് അന്ന് ആദ്യമായായിരുന്നു. അക്കാലത്ത് ഒളിമ്പിക്‌സ് ഫുട്‌ബോള്‍ ‘പിള്ളേര് കളി’ ആയിരുന്നില്ലല്ലോ.
kunishige kamamoto
2005ല്‍ ജാപ്പാന്‍ ഗവണ്‍മെന്റ് കമാമോട്ടോയെ ഹാള്‍ ഓഫ് ഫെയിം ബഹുമതി നല്‍കി ആദരിച്ചു. ജാപ്പാന്‍ ഫുട്‌ബോളിനെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയെടുക്കുന്നതില്‍ അസോസിയേഷന്‍ ഭാരവാഹി എന്ന നിലയിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഏഷ്യന്‍ ഭൂഖണ്ഡം ജന്മംനല്‍കിയ ഏറ്റവും മികച്ച പന്താട്ടക്കാരില്‍ ഒരാളായി 1960-70 കളില്‍ കളിച്ച കമാമോട്ടോ പരിഗണിക്കപ്പെടുന്നു. ഈ ഗോളടിക്കാരനെ മനസിലിട്ട് കശക്കുമ്പോള്‍ വന്നുവീഴുന്ന ചീട്ട് ഒരു ഇന്ത്യന്‍ ഡിഫണ്ടറുടേതാണ്. ആ ആളെ പിടിക്കാന്‍ നമുക്ക് ആദ്യം ബംഗാളിലേക്ക് പോവണം.
2008ലെ കാളിപൂജ ദിനത്തില്‍ കൊല്‍ക്കത്തയിലെ പത്രപ്രവര്‍ത്തകരായ കാശിരാജ്, കൃഷാനു എന്നിവര്‍ക്കൊപ്പം ഹൂഗ്ലി ജില്ലയിലെ ഹിഷ്റയിലേക്ക് പുറപ്പെട്ടു. മുകളില്‍ പരാമര്‍ശിച്ച കളിക്കാരനെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടു, സംസാരിക്കുകയായിരുന്നു ലക്ഷ്യ. സ്ഥലത്ത് ഉണ്ടായിരുന്നിട്ടും അദ്ദേഹം കാണാന്‍ കൂട്ടാക്കിയില്ല. ‘സഹോദരിയെ കാണാന്‍ പോയി, നാളെയെ തിരിച്ചുവരൂ’ എന്ന് ഭാര്യയെ കൊണ്ട് പറയിപ്പിച്ചു.
കളിച്ച കാലത്ത് നക്ഷത്രങ്ങളായി തിളങ്ങിയവരെങ്കിലും ജീവിത സായാഹ്നത്തില്‍ ഒരാളുടെയും പൊക്കിപ്പറയലിന്റെ മെഴുകുതിരി വെട്ടം പോലും വേണ്ടെന്ന് തീരുമാനിച്ച എത്രയോ ധീരരായ കളിക്കാരെ അറിയാം. നേതാജി എക്‌സ്പ്രസില്‍ തിരിച്ചു പോരുമ്പോള്‍ സത്യത്തില്‍ സന്തോഷമാണ് തോന്നിയത്. കാരണം, ബംഗാളി ഭാഷയില്‍ ഒരു ചൊല്ലുണ്ട്. അത് ഏകദേശം ഇങ്ങനെ വിവര്‍ത്തനം ചെയ്യാം, ‘ പറഞ്ഞു പറ്റിക്കപ്പെട്ടവരേക്കാള്‍ ഭാഗ്യവാന്മാര്‍ അകറ്റിനിര്‍ത്തപ്പെട്ടവരാണ്’ എന്ന്.
ഇനി നമുക്ക് പോവേണ്ടത് ബാങ്കോക്കിലേക്ക്. 1970 ഏഷ്യന്‍ ഗെയിംസ് വേദി. ഇസ്ലാമാബാദ് അവസാന നിമിഷം പിന്മാറിയതിനാല്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഏഷ്യന്‍ ഗെയിംസ് ബാങ്കോക്കില്‍ നടക്കുന്നു.
ഫുട്‌ബോളില്‍ സ്വര്‍ണം പ്രതീക്ഷിച്ചെത്തിയ ഇന്ത്യ വെങ്കല മെഡലിനായി മത്സരിക്കുന്നു. എതിരാളികള്‍ ജാപ്പാന്‍. അന്നും ഇന്നും ഏഷ്യന്‍ ഫുട്‌ബോളിലെ കരുത്തര്‍.
പരിശീലകരായ ഗുലാം മുഹമ്മദ് ബാഷയും പി കെ ബാനര്‍ജിയും തലപുകയ്കുന്നു. എന്താണ് പ്രശ്‌നം?
എക്കാലത്തെയും മികച്ച ആക്രമണനിരയാണ് ഇന്ത്യക്കായി ബൂട്ടണിയുന്നത്. ഇന്ദര്‍ സിങ് പരിക്ക് പറ്റി ടീമിനൊപ്പമില്ല. സുഭാഷ് ഭൗമിക്ക്, മുഹമ്മദ് ഹബീബ്, മഗന്‍ സിങ്, ശ്യാം ഥാപ്പ, അമര്‍ ബഹദൂര്‍, മഞ്ജിത്ത് സിങ്, കല്യാണ്‍ ഘോഷ്. ജീരക മിഠായി കവര്‍ പൊട്ടിച്ച് എറിയുന്നപോലെ ഗോളടിക്കാന്‍ കാലും കരുത്തും മികവും ഉണ്ടായിരുന്ന കളിക്കാര്‍.
പക്ഷെ, കോച്ചുമാരുടെ ശങ്ക പ്രതിരോധത്തിലായിരുന്നു. നായകന്‍ നഈമുദ്ധീനൊപ്പം സെന്‍ട്രല്‍ ഡിഫന്‍സ് കൈകാര്യം ചെയ്യേണ്ട സി പ്രസാദ് എന്ന ചന്ദ്രേശ്വര്‍ പ്രസാദ് മാനസികമായി തളര്‍ന്നു നില്‍ക്കുന്നു. കമാമോട്ടോയെ നേരിടാന്‍ വയ്യ, പിടിക്കാന്‍ പറ്റില്ല, മാനം കെടാന്‍ വയ്യ.
ഫൈനല്‍ ദിവസം രാവിലെ പ്രാക്ടീസ് കഴിഞ്ഞ് കോച്ച് പി കെ ബാനര്‍ജി കളിക്കാര്‍ പ്രാതല്‍ കഴിക്കുന്ന കാന്റീനിലേക്ക് കയറിവന്നു. ആദ്യമായി ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഉള്‍പ്പെട്ട 19 വയസുകാരന്‍ പയ്യനെ അടുത്തേക്ക് വിളിച്ചു. ഇരുതോളിലും കൈവച്ച് അദ്ദേഹം പറഞ്ഞു ‘നീ ഇന്ന് സ്റ്റോപ്പര്‍ സ്ഥാനത്ത് കളിക്കണം’.
നിര്‍ണായകമായ വെങ്കല മെഡല്‍ മത്സരത്തിന് ഇന്ത്യയും ജാപ്പാനും ഇറങ്ങുമ്പോള്‍ കമാമോട്ടോയെ പിടിക്കാന്‍ ഏല്‍പ്പിച്ച ഇന്ത്യന്‍ ഡിഫണ്ടറെ കുറിച്ച് മീഡിയ ബോക്‌സില്‍ നിന്ന് കേട്ടത് – ‘ ഹൂഗ്ലിയിലെ ചണമില്ലില്‍ പണിയെടുക്കുന്ന നീളവും ആരോഗ്യവും ഇല്ലാത്ത ഏതോ ഒരു പയ്യന്‍’ എന്ന്.
എലിക്ക് പുലിയെയാണ് പി കെ ബാനര്‍ജി ഏല്‍പ്പിച്ചു നല്‍കിയത്. കമാമോട്ടോക്ക് ഒരു പന്ത് പോലും ആ 19 കാരനെ മറികടന്ന് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചില്ല. മാത്രമല്ല, സഹതാരങ്ങളില്‍ നിന്ന് ലഭിക്കുന്ന ഒരു പാസും സ്വീകരിക്കാന്‍ അവന്‍ കമാമോട്ടോയെ അനുവദിച്ചതുമില്ല.
Sudhir Karmarkar
മഞ്ജിത്ത് സിംഗിന്റെ ഒരു ഗോളിന് കളി ജയിച്ച് ഇന്ത്യ വെങ്കല മെഡല്‍ നേടുമ്പോള്‍ മത്സരം കാണാന്‍ ഗ്യാലറിയില്‍ ഉണ്ടായിരുന്ന ഫിഫ പ്രസിഡണ്ട് സ്റ്റാന്‍ലി റോസ് ഒരു പ്രഖ്യാപനം നടത്തി. കമാമോട്ടോയെ കൃത്യമായി മാര്‍ക്ക് ചെയ്ത ഇന്ത്യന്‍ പയ്യന്‍ സുധീര്‍ കര്‍മാക്കര്‍ ഏഷ്യയിലെ ഏറ്റവും മികച്ച ഡിഫണ്ടറാണ് എന്ന്.
ബാങ്കോക്ക് പോസ്റ്റ് എന്ന തായ് പത്രം പിറ്റേന്ന് കര്‍മാക്കാറിനെ ‘ Slight in stature, giant in presence ‘ എന്ന് വാഴ്ത്തി. പിന്നീട് എത്രയോ കാലം ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധത്തില്‍ പതറാതെ പൊരുതുന്ന കര്‍മാക്കറിനെ നാം കണ്ടു.
ആദരാഞ്ജലികള്‍ കമാമോട്ടോ
Content Highlight: The story of Sudhir Karmakar, the Indian boy who accurately marked legendary football player Kunishige Kamamoto