മലയാള സിനിമയിലെ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കാന്‍ പോകുന്ന ഒരു ഔട്ട് ആന്‍ഡ് ഔട്ട് മാസ് കമേഴ്‌സ്യല്‍ ചിത്രമായാണ് ഖലീഫയെ ആരാധകര്‍ വിലയിരുത്തുന്നത്.
ചിത്രത്തിന്റെ റിലീസിന് മുന്നേ തന്നെ സോഷ്യല്‍ മീഡിയയെ ആവേശത്തിലാഴ്ത്തുന്നത് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ‘മാമ്പറക്കല്‍ അഹമ്മദാലി’ എന്ന കഥാപാത്രമാണ്.
സിനിമയുടെ ആദ്യ ഘട്ടത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ പൂര്‍ണ്ണമായും സസ്‌പെന്‍സില്‍ നിര്‍ത്താനായിരുന്നു തീരുമാനമെന്നും എന്നാല്‍ ലണ്ടന്‍ ഷെഡ്യൂളിലെ ചില രംഗങ്ങള്‍ കണ്ടപ്പോഴുണ്ടായ ആത്മവിശ്വാസമാണ് ഈ കഥാപാത്രത്തെ ആദ്യ ഭാഗത്തില്‍ തന്നെ അവതരിപ്പിക്കാന്‍ പ്രേരണയായതെന്നും പറയുകയാണ് പൃഥ്വിരാജ്.
2017-ല്‍ താനും തിരക്കഥാകൃത്ത് ജിനുവും നേരിട്ട് പരിചയപ്പെട്ട ഒരാളുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘ഖലീഫ’യുടെ കഥ രൂപപ്പെടുത്തിയിരിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.
‘ഖലീഫ ഒരു ഔട്ട് ആന്‍ഡ് ഔട്ട് മാസ് കമേര്‍ഷ്യല്‍ സിനിമയാണ്. എന്നെ അതിലേക്ക് ആകര്‍ഷിച്ചത് ആ കഥയും അതിലെ കഥാപാത്രവും തന്നെയാണ്.
2017ല്‍ ജിനുവും ഞാനും നേരിട്ട് പരിചയപ്പെട്ട ഒരാളുടെ ലൈഫില്‍ നിന്ന് ഇന്‍സ്പയര്‍ ചെയ്യപ്പെട്ടതാണ് ഖലീഫയുടെ കഥ. അദ്ദേഹം ഇപ്പോഴും ഉണ്ട്. അന്ന് അദ്ദേഹത്തെ പരിചയപ്പെട്ടപ്പോള്‍ തന്നെ ഇത് സിനിമ ആക്കാനുള്ള കഥയുണ്ടല്ലോ എന്ന് എനിക്ക് തോന്നി.
2022ലാണ് അതൊരു തിരക്കഥയായി എഴുതുന്നതും ജിനു എന്നോടത് പറയുന്നതും. അന്നത് ആര് സംവിധാനം ചെയ്യുന്നു എന്നുള്ളത് നമ്മള്‍ തീരുമാനിച്ചിട്ടില്ല. അന്ന് എനിക്ക് തിരക്കഥ കേട്ടപ്പോള്‍ ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഇതൊരു കിടിലന്‍ കമേര്‍ഷ്യല്‍ പടം ആകാന്‍ സാധ്യത ഉണ്ടെന്ന് തോന്നി.
അന്ന് നമ്മള്‍ വിചാരിച്ചു എന്നാല്‍ പിന്നെ ഇതൊരു മാസ് കമേര്‍ഷ്യല്‍ സിനിമയുടെ ഫ്‌ലേവര്‍ നന്നായിട്ട് മനസ്സിലാക്കിയിട്ടുള്ള ഒരു ഡയറക്ടരെ കൊണ്ട് ചെയ്യിപ്പിക്കാമെന്ന്. അങ്ങനെ വൈശാഖ് ചെയ്താല്‍ ഉഗ്രനായിരിക്കും എന്ന് പറഞ്ഞു. 2022ല്‍ ആദ്യം തന്നെ ഈ സ്‌ക്രീന്‍ പ്ലേ വായിക്കുമ്പോള്‍ ഇതിനകകത്ത് ഒരു അപ്പൂപ്പന്‍ എന്ന് പറയുന്ന കഥാപാത്രമുണ്ട്.
മാമ്പറക്കല്‍ അഹമ്മദാലി എന്ന് പറയുന്ന ഒരാളുടെ ഒരു കഥ ഇതിന്റെ പിന്നില്‍ ഉണ്ട് എന്നുള്ളത് നമുക്കറിയാം. പക്ഷെ അന്ന് ഞങ്ങള്‍ വിചാരിച്ചു ഇത് കേറി ഇപ്പോഴേ ഒന്നും പറയണ്ട, സിനിമ ഇറങ്ങി ഇത് നന്നാവുകയാണെങ്കില്‍ അന്ന് നമുക്ക് ചിന്തിക്കാം.
അതൊരു സീക്വല്‍ പ്രീക്വല്‍ പോലെ ആലോചിക്കാമെന്ന് കരുതി. 2025 ല്‍ ഞങ്ങള്‍ ലണ്ടനില്‍ പോയിട്ട് ഇതിന്റെ യു.കെ പോര്‍ഷന്‍സ് ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോള്‍, ആ പോര്‍ഷന്‍സ് കണ്ടപ്പോഴൊക്കെ ഞങ്ങള്‍ക്ക് വന്ന ഒരു സന്തോഷവും ഒരു കോണ്‍ഫിഡന്‍സും ഉണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നമ്മള്‍ തീരുമാനിക്കുന്നത്.
എന്നാല്‍ പിന്നെ ഇനിയിപ്പോള്‍ ഈ അഹമ്മദാലിയെ നമ്മള്‍ ഫ്‌ലോട്ടിങ് ആയിട്ട് നിര്‍ത്തണ്ട, നമുക്കത് ആക്ച്വല്‍ കോണ്‍ക്രീറ്റ് ആയിട്ട് സ്‌ക്രീന്‍ പ്ലേയില്‍ ഇന്‍ട്രൊഡ്യൂസ് ചെയ്യാമെന്ന് തീരുമാനിച്ചു.
അപ്പൊള്‍ പിന്നെ ഇത് ആര് ചെയ്യുമെന്ന ചോദ്യമായി. എല്ലാവരുടെയും മനസ്സില്‍ ലാലേട്ടന്‍ എന്ന പേരു വന്നു. അങ്ങനെ നമ്മള്‍ ലാലേട്ടനെ വിളിക്കുന്നു, മൂപ്പര്‍ പിന്നെന്താ മോനെ എന്ന് പറയുന്നു വരുന്നു, ചെയ്യുന്നു. അങ്ങനെ സംഭവിച്ചതാണ്.
തുടക്കത്തില്‍ അഹമ്മദാലിയുടെ കഥാപാത്രത്തെ ഈ സിനിമയില്‍ ഇപ്പോള്‍ കാണിക്കണ്ട, ഈ സിനിമ നന്നാവുകയാണെങ്കില്‍ തുടര്‍ച്ചയായി ചെയ്യാമെന്നാണ് കരുതിയത്. സിനിമയുടെ ആദ്യത്തെ പോര്‍ഷന്‍സ് ഷൂട്ട് ചെയ്ത് കണ്ടതില്‍ നിന്നുണ്ടായ കോണ്‍ഫിഡന്‍സിലാണ് നമ്മള്‍ ഇങ്ങനെ പരിപാടി ചെയ്യാമെന്ന് ആലോചിക്കുന്നത്.
അതുകൊണ്ട് തന്നെ നമ്മള്‍ സ്‌പെസിഫിക് ആയിട്ട് ലാലേട്ടന്റെ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട് ഖലീഫ പാര്‍ട്ട് വണ്‍ ദി ഇന്‍ട്രോ എന്ന്. ഈ കഥാപാത്രത്തിന്റെ ഇന്‍ട്രോ മാത്രമാണ് ഖലീഫ പാര്‍ട്ട് വണ്‍. കൃത്യമായ ഒരു കഥയുണ്ട് അഹമ്മദാലിക്ക്. ആ കഥ എന്താണ് എന്നുള്ളതിന്റെ സൂചനകള്‍ നമ്മള്‍ പാര്‍ട്ട് വണ്ണില്‍ പറയുന്നുണ്ട് എന്നേയുള്ളൂ. ആ കഥ പക്ഷെ അടുത്ത സിനിമയാണെന്ന് മാത്രം,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: The story of Khalifa is inspired by someone we met in 2017, and he is still alive today: Prithviraj