തിരുവനന്തപുരം: വന്യജീവി പ്രശ്‌നം പരിഹരിക്കാന്‍ നായാട്ട് വേണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് യോജിച്ച് സംസ്ഥാന വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍.
മുഖ്യമന്ത്രി പറഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായമാണെന്നും യു.ഡി.എഫ് ഈ വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണെന്നും എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. മനോരമ ന്യൂസിനോട് സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചതെന്നും മറ്റ് രാജ്യങ്ങളില്‍ നടക്കുന്നതുപോലെയുള്ള നടപടികള്‍ ഇവിടെ ഉണ്ടാകില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
നിയമത്തിന്റെ പരിധിയില്‍ നിന്ന് മാത്രമേ കേരളത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂവെന്നും മന്ത്രി പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ മുതലെടുപ്പിനെ ആ രീതിയില്‍ തന്നെ കാണണമെന്നും എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
ഇന്നലെ (ചൊവ്വ) കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് വന്യജീവി പ്രശ്‌നം പരിഹരിക്കാന്‍ നായാട്ടിന് അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
ഈ ആവശ്യത്തിന് കേന്ദ്രസര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും രാജ്യത്ത് ഇത്തരം നടപടികള്‍ നിരോധിച്ചിരിക്കുകയാണെന്നും നിലവില്‍ വന്യമൃഗങ്ങളെ തൊടാന്‍ പാടില്ലെന്ന നിലയിലാണ് നിയമമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ ഉന്നയിക്കേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. കേന്ദ്ര നിയമത്തില്‍ മാറ്റം വരുത്തണമെന്നും മുഖ്യമന്ത്രി ആവര്‍ത്തിക്കുകയുണ്ടായി.
കേരളത്തില്‍ തുടര്‍ച്ചയായി കാട്ടാന, കടുവ, പുലി എന്നീ വന്യജീവികളുടെ ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ആവശ്യം മുന്നോട്ടുവെച്ചത്.
Content Highlight: The state government also want that permission for hunting is required; Forest Minister follows the Chief Minister