| Thursday, 22nd May 2025, 3:39 pm

മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യണമെന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് ശരിയല്ല; ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറാവണം: എം.എ. ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: ചത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് വേട്ടയില്‍ ആശങ്ക പ്രകടിപ്പിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി. മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യണമെന്ന അമിത് ഷായുടെ നിലപാട് ശരിയല്ലെന്നും മാവോയിസ്റ്റുകളോട് ചര്‍ച്ച നടത്താന്‍ കേന്ദ്രം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ചത്തീസ്ഗഡില്‍ ഇന്നലെ നടന്ന ഏറ്റുമുട്ടല്‍ പോളിറ്റ്ബ്യൂറോ ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധികള്‍ ഒന്നിലേറെ തവണ തങ്ങള്‍ ആയുധം ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ അമിത് ഷായും ചത്തീസ്ഗഡ് മുഖ്യമന്ത്രിയും പറയുന്നത് അവരെ തുടച്ചുനീക്കുമെന്നാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് ഒരു ജനാധിപത്യ സമൂഹത്തില്‍ അത്യന്തം അപലപനീയവും ദുഃഖകരമാണ്. അതിനാല്‍ ചര്‍ച്ചയ്ക്കുള്ള മാവോയിസ്റ്റുകളുടെ സന്നദ്ധത ഉപയോഗപ്പെടുത്തിക്കൊണ്ട് അവശേഷിക്കുന്ന മാവോയിസ്റ്റുകളുമായി സംസാരിച്ച് സമാധാനത്തിന്റെ പാതയിലൂടെ പ്രശ്‌ന പരിഹാരം കാണണമെന്ന് സി.പി.ഐ.എം ശക്തമായി ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളെ വധിച്ചതിനെ സി.പി.ഐ.എം പോളിറ്റ്ബ്യൂറോയും അപലപിച്ചു. മാവോയിസ്റ്റുകള്‍ നിരന്തരം നടത്തുന്ന ചര്‍ച്ചകള്‍ക്കായുള്ള അഭ്യര്‍ത്ഥനകള്‍ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മനുഷ്യത്വരഹിതമായ നയമാണ് പിന്തുടരുന്നതെന്നും പോളിറ്റ്ബ്യൂറോ വ്യക്തമാക്കി.

ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളുടെ ജനറല്‍ സെക്രട്ടറി നമ്പാല കേശവറാവു ഉള്‍പ്പെടെ 27 പേരെയാണ് വധിച്ചത്. നമ്പാല കേശവറാവുവിന് അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്നു.

സുരക്ഷ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി വിജയ് ശര്‍മ അറിയിച്ചിരുന്നു.

ജില്ലാ റിസര്‍വ് ഗാര്‍ഡും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ നാരായണ്‍പൂര്‍, ബിജാപൂര്‍, ദന്തേവാഡ എന്നീ ജില്ലകളില്‍ നിന്നുള്ള സേനയും പങ്കെടുത്തിരുന്നു.

Content Highlight: The stance of the central and state governments to eliminate Maoists is not correct; the center should be ready for discussion: M.A. Baby

We use cookies to give you the best possible experience. Learn more