അക്ഷരാര്‍ത്ഥത്തില്‍ ജേക്‌സ് ബിജോയിസമായിരുന്നു 2025. നരിവേട്ടയിലെ’ മിന്നല്‍ വള’ തുടങ്ങി ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയിലെ ‘തനിലോക മുറക്കാരി’ വരെ ഹിറ്റുഗാനങ്ങളുടെ പ്രവാഹമായിരുന്നു. റൊമാന്റിക് ട്രാക്കാണെങ്കിലും ഫീല്‍ഗുഡാണെങ്കിലും ഇനി മാസ് ഐറ്റമാണെങ്കിലും അത് ജേക്‌സ് ബിജോയ്‌യുടെ കയ്യില്‍ ഭദ്രമാണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന ജേക്‌സിന്റെ മറ്റൊരു പാട്ടുകൂടി ഇപ്പോള്‍ ട്രെന്‍ഡിങ് ലിസ്റ്റിലേക്ക് നീങ്ങുകയാണ്.
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ‘പള്ളിച്ചട്ടമ്പി’ എന്ന ചിത്രത്തിലെ ‘കാട്ടുചെമ്പകം’ എന്ന ഗാനമാണ് ഇപ്പോള്‍ ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. ഹിന്ദി, തമിഴ് സിനിമാലോകത്തെ വൈറല്‍ ഗായകന്‍ വിശാല്‍ മിശ്ര മലയാളത്തില്‍ ആദ്യമായി ആലപിച്ച ഗാനം എന്ന പ്രത്യേകതയും ‘കാട്ടുചെമ്പക’ത്തിനുണ്ട്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗാനരചയിതാവ് കൈതപ്രമാണ് ‘കാട്ടുചെമ്പക’ത്തിന് വരികളെഴുതിയിരിക്കുന്നത്. അരുണ്‍രാജ് മനോഹറിന്റെ സംവിധാനത്തില്‍ 2025ല്‍ ടൊവിനോ നായകനായെത്തിയ നരിവേട്ടയിലെ മിന്നല്‍വള എന്ന ഗാനംപോലെ കാട്ടുചെമ്പകവും ഇന്‍സ്റ്റ റീലുകളില്‍ ട്രെന്‍ഡിങ്ങാകുകയാണ്.
Photo: ടൊവിനോ തോമസ്, കയാദു ലോഹര്‍/ ‘കാട്ടുചെമ്പകം’ ഗാനരംഗത്തില്‍ നിന്ന്/ Yotube.com
ഫെബ്രുവരി 13ന് റിലീസ് ചെയ്ത ഈ ഗാനം യൂട്യൂബില്‍ 5.6 മില്യണ്‍ കാഴ്ച്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. 2026 കത്തിക്കാന്‍ പോകുന്ന പാട്ട്, കൈതപ്രത്തിന്റെ മനോഹരമായ വരികള്‍, ടൊവിനോയുടെ സിനിമകള്‍ക്ക് എങ്ങനെ ഇത്ര നല്ല പാട്ടുകള്‍ ജേക്‌സിന്റെ പവറാണ് എന്നീ കമന്റുകള്‍ പാട്ടിന് താഴെ കാണാം.
പഴയ കാല സിനിമകളിലെ ഭംഗിയുള്ള പാട്ടുകളോട് ചേര്‍ത്തുവെക്കാന്‍ പറ്റുന്ന തരത്തിലുള്ള പാട്ട് എന്നൊരു കമന്റും കാണാം. ഗാനരംഗത്തില്‍ ടൊവിനോയ്‌ക്കൊപ്പം നായിക കയാദു ലോഹറും എത്തുന്നുണ്ട്. വിശാല്‍ മിശ്രയുടെ കൂടെ ആവണി മല്‍ഹറാണ് കാട്ടുചെമ്പകം പാടിയിരിക്കുന്നത്.
ക്വീന്‍, ജനഗണ മന, എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. 1957, 58 കാലത്തെ മലയോര മേഖലയിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതം പശ്ചാത്തലമായെത്തുന്ന സിനിമയില്‍ വിജയരാഘവന്‍, തെലുങ്ക് നടന്‍ ശിവകുമാര്‍, സുധീര്‍ കരമന, ടി.ജി.രവി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫല്‍, ബ്രിജീഷ് എന്നിവര്‍ക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റര്‍ടൈന്മെന്റ് എന്ന ബാനറില്‍ ചാണക്യ ചൈതന്യ, ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് പള്ളിച്ചട്ടമ്പി നിര്‍മിക്കുന്നത്.
Content Highlight: The song Kattuchembakam, composed by Jakes Bejoy, from the movie Pallichattambi, is trending
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ