തിരുവനന്തപുരം: വോട്ടെണ്ണലിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് ബയോ തിരുത്തിയെന്ന സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം. വോട്ടെടുപ്പ് ഫലം ഭയന്ന് അദ്ദേഹം മുഖ്യമന്ത്രി പദവി ഒഴിയാന്‍ തയ്യാറെടുക്കുന്നു എന്ന രീതിയിലായിരുന്നു പ്രചാരണങ്ങള്‍.
എന്നാല്‍, മാസങ്ങള്‍ക്ക് മുമ്പ് സാങ്കേതികമായും ചട്ടങ്ങളനുസരിച്ചും നടത്തിയ മാറ്റത്തെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഫലത്തെ ഭയപ്പെട്ട് എന്ന തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത്. പല മാധ്യമങ്ങളും ഇത്തരത്തില്‍ വാര്‍ത്തകളും നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്, പെരുമാറ്റച്ചട്ടം നിലവില്‍ വന്ന മാര്‍ച്ച് 16ന് തന്നെ മുഖ്യമന്ത്രി തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ മാറ്റം വരുത്തിയിരുന്നു.
ഔദ്യോഗിക പദവികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത് എന്ന ചട്ടം പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതിനാല്‍ ‘ചീഫ് മിനിസ്റ്റര്‍’ എന്നതിന് പകരം ‘പോളിറ്റ് ബ്യൂറോ മെമ്പര്‍, സി.പി.ഐ.എം’ എന്ന് അദ്ദേഹം നേരത്തെ തന്നെ പുതുക്കിയിരുന്നു.
ഇതോടൊപ്പം ‘ചീഫ് മിനിസ്റ്റേഴ്‌സ് ഓഫീസ്, കേരള’ എന്ന ഔദ്യോഗിക പേജില്‍ നിന്ന് മുഖ്യമന്ത്രിയുടെ ചിത്രം മാറ്റി സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയാക്കിയിരുന്നു. ഇതും പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായിരുന്നു.
തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് മിനിമം ധാരണയില്ലാതെയാണ് ഇത്തരം വാര്‍ത്തകള്‍ ചമയ്ക്കുന്നതെന്ന് ബിനീഷ് കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.
ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും എല്‍.ഡി.എഫ് ചരിത്രം സൃഷ്ടിക്കുമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറയുമ്പോള്‍, യു.ഡി.എഫ് അധികാരം തിരിച്ചുപിടിക്കുമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
വോട്ടെണ്ണല്‍ ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ വ്യാജ പ്രചാരണം നടന്നത്.
Content Highlight: The social media campaign that Chief Minister Pinarayi Vijayan edited his Facebook bio just before the vote counting is baseless.