| Sunday, 14th December 2025, 1:57 pm

സന്ദീപ് പ്രദീപിന്റെ ഫാന്റസി പടം ലോഡിങ്; കോസ്മിക് സാംസണിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘എക്കോ’ നേടിയ വന്‍ വിജയത്തിന് ശേഷം സന്ദീപ് പ്രദീപ് നായകനാകുന്ന ‘കോസ്മിക് സാംസണി’ന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. സോഫിയോ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിജിത്ത് ജോസഫാണ്. ആന്റണി വര്‍ഗീസ് നായകനായ ‘കൊണ്ടലാ’ണ് വീക്കെന്‍ഡ് പ്രൊഡക്ഷന്‍സ് നിര്‍മിച്ച് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ബാഗ്ലൂര്‍ ഡെയ്സ്, മിന്നല്‍ മുരളി, ആര്‍.ഡി. എക്സ് ,ഡിറ്റക്ടീവ് ഉജ്ജ്വലന്‍ തുടങ്ങിയ ചിത്രങ്ങളാണ് വീക്കന്റ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ മറ്റ് പ്രൊഡക്ഷന്‍. കോസ്മിക് സാംസണിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചത്.

അഭിഷേക് വസന്ത്, അഭിജിത്ത് ജോസഫും ചേര്‍ന്ന് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ദീപക് മേനോനാണ്. ലോക, കള, ആര്‍.ഡി. എക്‌സ്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചമന്‍ ചാക്കോയാണ് കോസ്മിക് സാംസണിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.

സിബി മാത്യു അലക്സാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജോസഫ് നെല്ലിക്കലാണ് പ്രൊഡക്ഷന്‍ ഡിസൈനിങ്. സിനിമയില്‍ മിയ ജോര്‍ജ്, അല്‍ത്താഫ് സലിം, മുകേഷ് തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്. എക്കോ നേടിയ വമ്പന്‍ വിജയത്തിന് ശേഷം സന്ദീപ് ഭാഗമാകുന്ന ചിത്രത്തെ കുറിച്ച് വന്‍ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.

ഷോര്‍ട് ഫിലിമില്‍ നിന്ന് വെള്ളിത്തിരയിലേക്ക് ചേക്കേറിയ നടനാണ് സന്ദീപ് പ്രദീപ്. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ നടന്‍ ഫാലിമി, ആലപ്പുഴ ജിംഖാന എന്നീ സിനിമകളില്‍ ഭാഗമായി. എന്നാല്‍ പടക്കളമാണ് നടന് പ്രേക്ഷക പ്രീതി നേടി കൊടുത്തത്.

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോയിലെ സന്ദീപിന്റെ പ്രകടനത്തെ കുറിച്ചും സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമായിരുന്നു.

ontent Highlight: The shooting of Cosmic Samson, starring Sandeep Pradeep, has begun in Kochi

We use cookies to give you the best possible experience. Learn more