| Thursday, 12th November 2026, 7:10 pm

സര്‍വകലാശാലകളെ കാവിവത്കരിക്കാന്‍ ബി.ജെ.പി ഗവര്‍ണറെ ഉപയോഗിക്കുന്നു; ആര്‍.എസ്.എസിന് സര്‍ക്കാര്‍ കൂട്ടെന്ന് പി.എസ്. സഞ്ജീവ്

ശ്രീരാഗ് പാറക്കല്‍

തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളെ കാവിവത്കരിക്കാന്‍ ബി.ജെ.പി ഗവര്‍ണറെ ഉപയോഗിക്കുകയാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിസ തോമസ് ആര്‍.എസ്.എസിന്റെ താത്പര്യങ്ങള്‍ നടപ്പാക്കാനുള്ള ഉപകരണമായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കാലടി സര്‍വകലാശാലയിലെ പ്രശ്‌നങ്ങളില്‍ സര്‍ക്കാരും വി.സിയും വിദ്യാര്‍ത്ഥികള്‍ക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്നും സഞ്ജീവ് പറഞ്ഞു.

മൂന്ന് മാസം മുമ്പാണ് മതിയായ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുക, അധ്യാപക ഒഴിവുകള്‍ നികത്തുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളുന്നയിച്ച് എസ്.എഫ്.ഐ സര്‍വകലാശാലയില്‍ സമരം നടത്തിയത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് പകരം അവര്‍ക്കെതിരെ നടപടികള്‍ എടുക്കാനാണ് വിസിയും തയ്യാറായത്. കാരണമില്ലാതെ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ 75 ദിവസമായി ഇവര്‍ക്ക് സര്‍വകലാശാലയില്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണെന്നും സഞ്ജീവ് ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് സര്‍ക്കാരും മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ആര്‍.എസ്.എസ് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍.എസ്.എസ് അജണ്ടയ്ക്കും തീരുമാനങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കുകയാണ്. ലോക്ഭവന്റെ സഹായത്തോടെയാണ് വി.സി വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തത്. ലോക്ഭവന്റെ പ്രചാരണം ഉന്നതവിദ്യാഭ്യാസ മന്ത്രി തന്നെ ഏറ്റെടുക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട കേസില്‍ നാളെ കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പി.എസ്. സഞ്ജീവ് എ.എന്‍.ഐയോട് പ്രതികരിച്ചു.

അതേസമയം കാലടിയിലെ വിദ്യാര്‍ത്ഥികള്‍ മാപ്പ് പറഞ്ഞാല്‍ തിരികെ കോളേജിലേക്ക് കയറ്റുമെന്ന് പറഞ്ഞ മന്ത്രി റോജി എം. ജോണിനെതിരെ സഞ്ജീവ് നിലപാട് വ്യക്തമാക്കിയിരുന്നു. മാപ്പല്ല ഞങ്ങളുടെ പാരമ്പര്യമെന്നും സമരം ചെയ്ത് രക്തസാക്ഷിത്വം വഹിച്ച പാരമ്പര്യമാണ് തങ്ങളുടേതെന്നും സഞ്ജീവ് പറഞ്ഞു. കാലടിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യവുമായി സെക്രട്ടറിയേറ്റിലേക്ക് എസ്.എഫ്.ഐ ഡി.വൈ.എഫ്,ഐ മാര്‍ച്ചിനിടെ സംസാരിക്കുകയായിരുന്നു സഞ്ജീവ്.

Content Highlight: The SFI states that the BJP is using the Governor to ‘saffronize’ universities in Kerala

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more