| Wednesday, 21st January 2026, 10:20 am

കിവീസിനെ തൂക്കിയടിക്കാന്‍ സഞ്ജു; പരമ്പര നിര്‍ണായകം...

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി-20 പരമ്പരയ്ക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ഇന്നാണ് തുടങ്ങുന്നത്. മത്സരത്തില്‍ മലയാളി സൂപ്പര്‍ താരമാണ് ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറും ഓപ്പണര്‍ ബാറ്ററും.

ലോകകപ്പിന് മുന്നോടിയായുള്ള നിര്‍ണായക പരമ്പരയില്‍ സഞ്ജുവിന് വെടിക്കെട്ട് പ്രകടനം നടത്താന്‍ കഴിയുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങുന്ന ഈ പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് ടീമിനുള്ള ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍.

അതുകൊണ്ടുതന്നെ ഓപ്പണിങ് പൊസിഷനില്‍ സഞ്ജുവിന് തിളങ്ങേണ്ടത് നിര്‍ണായകമാണ്. ആറ്റുനോറ്റ് ലഭിച്ച അവസരം സഞ്ജു കൃത്യമായി ഉപയോഗിക്കുമെന്നത് ഉറപ്പാണ്. നിലവില്‍ ഓപ്പണിങ് പൊസഷനില്‍ സഞ്ജുവിന്റെ പ്രകടനങ്ങളും മികച്ചതാണ് എന്നത് അഡ്വാന്റേജാണ്. എന്നാല്‍ മിന്നും ഫോമിലുള്ള ഇഷാന്‍ കിഷന്‍ കളത്തിലിറങ്ങുമെന്നത് ഉറപ്പായതോടെ സഞ്ജുവുമായുള്ള താരത്തിന്റെ റേസ് കടുക്കുമെന്നും ഉറപ്പിക്കാം.

നിലവില്‍ ഓപ്പണര്‍ എന്ന നിലയില്‍ 18 ഇന്നിങ്‌സില്‍ നിന്ന് 599 റണ്‍സാണ് സഞ്ജു നേടിയത്. 32.88 ആവറേജും 178.2 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

2024 ലോകകപ്പിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ ഏറ്റവും മികച്ച സ്‌കോര്‍ നേടുന്ന താരങ്ങളുടെ പട്ടിക പരിശേധിക്കുമ്പോള്‍ ഇത് വ്യക്തമാണ്. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ സഞ്ജു. വെറും 23 ഇന്നിങ്സില്‍ നിന്ന് 658 റണ്‍സാണ് താരം അടിച്ചെടുത്തത്. ലിസ്റ്റില്‍ ഒന്നാമന്‍ അഭിഷേക് ശര്‍മയും രണ്ടാമന്‍ തിലക് വര്‍മയുമാണ്.

നിലവില്‍ ടി-20യില്‍ 44 ഇന്നിങ്സില്‍ നിന്ന് 1032 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. 111 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 25.8 എന്ന ആവറേജും 148.1 എന്ന സ്ട്രൈക്ക് റേറ്റുമാണ് ഫോര്‍മാറ്റില്‍ സഞ്ജുവിനുള്ളത്.

മൂന്ന് സെഞ്ച്വറികളും മൂന്ന് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെയാണ് കുട്ടി ക്രിക്കറ്റില്‍ സഞ്ജു ആറാടുന്നത്. ഇതുവരെ 82 ഫോറും 58 സിക്സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

Content Highlight: The series against New Zealand is crucial for Sanju Samson

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more