| Friday, 12th December 2025, 8:14 am

നടിയെ ആക്രമിച്ച ആദ്യ കേസ്; പ്രതികളുടെ ശിക്ഷാവിധി ഇന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് ശിക്ഷ വിധിക്കുന്നത്.

കേസിലെ ഒന്ന് മുതല്‍ ആറ് വരെ പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ക്കുള്ള ശിക്ഷയാണ് വിധിക്കുന്നത്. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി വിജീഷ്, എച്ച്. സലീം, പ്രദീപ് എന്നിവരാണ് യഥാക്രമം ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍.

രാവിലെ പതിനൊന്നോടെ പ്രതികളെ കോടതിയിലെത്തിക്കും. പ്രതികള്‍ക്ക് പറയാനുള്ളതുകൂടി കേട്ട ശേഷമായിരിക്കും ശിക്ഷ വിധിക്കുക.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 20 വര്‍ഷം വരെ കഠിന തടവോ, ജീവപര്യന്തം തടവോ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം അടക്കം പത്ത് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കണ്ടെത്തിയത്.

ഒപ്പം കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിന് അനുകൂലമായി വിധി പ്രസ്താവിച്ചതിന്റെ കാരണങ്ങളും വിധിന്യായത്തിലുണ്ടാകും. ദിലീപിന് പുറമേ മറ്റ് മൂന്ന് പ്രതികളെ കൂടി കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

ഏഴാം പ്രതി ചാര്‍ളി തോമസ്, ഒമ്പതാം പ്രതി സനില്‍ കുമാര്‍, 15ാം പ്രതിയായ ദിലീപിന്റെ സുഹൃത്ത് ജി. ശരത് എന്നിവരെയാണ് തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടത്.

ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷന്‍ നല്‍കിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസാണിത്.

2017 ഫെബ്രുവരി പതിനേഴിന് രാത്രിയായിരുന്നു സംഭവം നടന്നത്. അങ്കമാലി അത്താണിക്ക് സമീപം കാര്‍ തടഞ്ഞുനിര്‍ത്തി നടിയെ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയും അശ്ലീല വീഡിയോ പകര്‍ത്തുകയും ചെയ്‌തെന്നാണ് കേസ്. പ്രതികള്‍ നിലവില്‍ വിയ്യൂരിലെ അതീസുരക്ഷാ ജയിലിലാണ്.

Content Highlight:  The sentence for the accused in the actress attack case will be handed down today.

We use cookies to give you the best possible experience. Learn more