| Friday, 27th February 2026, 8:00 am

തുറന്ന ജയിലുകളിൽനിന്നും സ്ത്രീകളെ മാറ്റി നിർത്തുന്നതിനെതിരെ സുപ്രീം കോടതി

മുഹമ്മദ് നബീല്‍

ന്യൂദൽഹി: സുരക്ഷാ കാരണങ്ങൾ പറഞ്ഞ് വനിതാ തടവുകാരെ തുറന്ന ജയിലിൽ നിന്നും മാറ്റിനിർത്തുന്നതിനെതിരെ സുപ്രീം കോടതി.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ മാറ്റിനിർത്തൽ നഗ്നമായ ലിംഗ വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയത്.

വനിതാ തടവുകാരെയും ഉൾകൊള്ളുന്ന രീതിയിൽ ജയിലുകൾ പുനക്രമീകരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ജസ്റ്റിസുമാർ നിർദേശം നൽകി.

‘സ്ത്രീ തടവുകാർക്ക് തുറന്ന ജയിൽ സൗകര്യങ്ങൾ നിഷേധിക്കുന്നതിന് സുരക്ഷാ ആശങ്കകൾ ഒരു കാരണമാക്കരുത്,’ കോടതി പറഞ്ഞു.

ജയിൽ തിരക്ക് പരിഹരിക്കുന്നതിനും പുനരധിവാസ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും തുറന്ന ജയിലുകൾ ഫലപ്രദമായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പൗരാവകാശ പ്രവർത്തകൻ സുഹാസ് ചക്മ സമർപ്പിച്ച ഹരജിയിലാണ് വിധി. മുതിർന്ന അഭിഭാഷകരായ കെ. പരമേശ്വറും വിജയ് ഹൻസാരിയയും അമിക്കസ് ക്യൂറിയായി കോടതിയെ സഹായിച്ചു.

അസം, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, തെലങ്കാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ സ്ത്രീകൾ തുറന്ന ജയിലുകളിലേക്ക് മാറ്റാൻ അർഹരല്ലെന്ന് പറഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി.

സ്ത്രീകളെ തുറന്ന ജയിലിൽ നിന്നും മാറ്റിനിർത്തുന്നത് 2016 ലെ മോഡേൺ പ്രിസൺ മാന്വലിനും നെൽസൺ മണ്ടേല നിയമം, ബാങ്കോക് നിയമം തുടങ്ങിയ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാനെന്നും കോടതി നിരീക്ഷിച്ചു.

തുറന്ന ജയിലുകളിൽനിന്നും സ്ത്രീകളെ മാറ്റിനിർത്തുന്ന നിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് കോടതി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.

നിലവിലെ സാഹചര്യത്തിൽ സ്ത്രീ സൗഹൃദമല്ലാത്ത തുറന്ന ജയിലുകൾ സ്ത്രീകളെക്കൂടി ഉൾകൊള്ളിക്കുന്നരീതിയിൽ പുനക്രമീകരിക്കണമെന്നും കോടതി പറഞ്ഞു.

Content highlight:The SC ruled that women prisoners cannot be excluded from open jail

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more