റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന് ആശ്വാസം. കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ ആവശ്യം സൗദി സുപ്രീം കോടതി തള്ളി. കീഴ്‌കോടതിയുടെ വിധിയാണ് സുപ്രീം കോടതി ശരിവെച്ചത്. ഇതോടെ റഹീമിന്റെ മോചന നടപടികള്‍ വേഗത്തിലാകും.
സൗദി ബാലന്റെ മരണത്തില്‍ റഹീമിനെ 20 വര്‍ഷമായിരുന്നു തടവ് ശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ ഈ ശിക്ഷ പോരാ എന്നാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദം. റഹീമിന്റെ ശിക്ഷാ വിധി പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് എതിര്‍ ഭാഗം ഇത്തരമൊരു വാദം കോടതിയില്‍ ഉന്നയിച്ചത്. ഇതോടെ റഹീമിന്റെ ശിക്ഷാ വിധി എളുപ്പമാക്കുന്ന സാങ്കേതിക നടപടികള്‍ വേഗത്തിലാക്കുമെന്നാണ് റിപ്പോര്‍ട്ട്.
സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന അബ്ദുല്‍ റഹീമിന് പറ്റിയ കയ്യബദ്ധത്തില്‍ സ്പോണ്‍സറുടെ ഭിന്നശേഷിക്കാരനായ മകന്‍ മരിച്ചതോടെയാണ് റഹീം ജയിലിലാകുന്നത്. 2006 നവംബറിലാണ് സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് റഹീം അറസ്റ്റിലായത്.
നിരന്തരമായ ഇടപെടലുകളെ തുടര്‍ന്ന് 34 കോടി രൂപ മോചനദ്രവ്യമായി നല്‍കിയാല്‍ ശിക്ഷ ഒഴിവാക്കാമെന്ന് മരിച്ച കുട്ടിയുടെ കുടുംബം പറയുകയായിരുന്നു. തുടര്‍ന്ന് കേരളത്തിലെ ജനങ്ങള്‍ ഒന്നിച്ച് കൈകോര്‍ത്ത് പണം സ്വരൂപിക്കുകയായിരുന്നു.
2024 മെയ് മാസമായിരുന്നു പണം സ്വരൂപിച്ച് നല്‍കിയത്. തുടര്‍ന്ന് സൗദി കുടുംബത്തിനായുള്ള ദയാധനമായ 15 ദശലക്ഷം റിയാലിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് റിയാദിലെ ഇന്ത്യന്‍ എംബസി ഇഷ്യൂ ചെയ്തിരുന്നു.
ഗവര്‍ണറേറ്റിന്റെ നിര്‍ദേശപ്രകാരം റിയാദിലെ ക്രിമിനല്‍ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലാണ് ഡി.ഡി ഇഷ്യൂ ചെയ്യ്തിരുന്നത്. സാക്ഷികളായി റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോര്‍ണിയായ സിദ്ദിഖ് തുവ്വൂരും നിയമസഹായ സമിതി അംഗം മോയ്ഹുദ്ദിന്‍ സഫീറും എംബസിയിലെത്തിയിരുന്നു.
തുടര്‍ന്ന് ജൂണ്‍ 11ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഇന്ത്യന്‍ എംബസി ഗവര്‍ണറേറ്റിന് നല്‍കിയ ഒന്നരകോടി സൗദി റിയാലിന്റെ ചെക്കും കൊല്ലപ്പെട്ട അനസിന്റെ കുടുംബം അറ്റോര്‍ണി ഗവര്‍ണറേറ്റിലെത്തി ഒപ്പുവെച്ച മറ്റ് രേഖകളും കോടതിയില്‍ എത്തിച്ചതായി സിദിഖ് തുവ്വൂര്‍ അറിയിച്ചിരുന്നു.