| Thursday, 19th November 2026, 12:59 pm

പിറക്കാത്ത കുഞ്ഞുങ്ങളെ പോലും കൊല്ലുന്ന സംഘപരിവാറും അതിജീവിച്ച പോരാളി ബിൽകീസ് ബാനുവും

അരുൺ എയ്ഞ്ചല

ആരാണ് ബിൽകീസ് ബാനു?

ഒറ്റ വാക്കിൽ പറഞ്ഞാൽ അവരൊരു പോരാളിയാണ്. മൂന്നര വയസുള്ള സ്വന്തം മകളെ തന്റെ കണ്മുന്നിൽ വച്ചു പാറക്കെട്ടിലെറിഞ്ഞു കൊന്നതിനു ശേഷം, 5 മാസം ഗർഭിണിയായിരുന്ന തന്നെ ഗ്യാങ്ങ് റേപ്പ് ചെയ്ത ഹിന്ദുത്വ തീവ്രവാദികളെ പൊരുതിതോൽപ്പിച്ച സ്ത്രീ.

2002 ഫെബ്രുവരി 27-ന് ഗുജറാത്തിലെ ഗോധ്ര റെയിൽവേ സ്റ്റേഷന് സമീപം സബർമതി എക്സ്പ്രസിന്റെ ഒരു കോച്ചിന് തീപിടിച്ചു. അയോധ്യയിൽനിന്ന് മടങ്ങുകയായിരുന്ന കർസേവകർ ഉൾപ്പെടെ 59 പേർ മരിച്ചു.

സബർമതി എക്സ്പ്രസിന്റെ കോച്ചിന് തീപിടിച്ചത്

അന്നത്തെ റിപ്പോർട്ടുകളനുസരിച്ച് , ഇതൊരു തിരക്കഥയാണോ എന്ന് സംശയിക്കേണ്ടതാണ്. ‘പെട്ടെന്നുണ്ടായ ജനക്കൂട്ടത്തിന്റെ രോഷത്തെ, പണം നൽകിയും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും കള്ളസാക്ഷികളെ ഉണ്ടാക്കി പൊലീസ് എങ്ങനെ മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയാക്കി മാറ്റി’ എന്ന് 2007 നവംബർ 3 ലെ തെഹൽക്ക (Tehelka) മാസികയുടെ പ്രത്യേക പതിപ്പിൽ ഇത് വ്യക്തമായി പറയുന്നുണ്ട് (The Truth: Gujarat 2002).

കാരണം ഇതിന് ശേഷമുള്ള ചരിത്രമെടുത്താൽ, അജയ്യനായത് നരേന്ദ്ര മോഡിയാണ്. എൽ.കെ അദ്വാനിയുടെ പിന്തുണയോടെ, രാജധർമം പാലിക്കണം എന്നു പറഞ്ഞ, അന്നത്തെ ബി.ജെ.പിയിലെ അതികായനും പാർട്ടിയുടെ ജ്ഞാനവൃദ്ധനുമായ എ.ബി വാജ്‌പേയിയെ ധിക്കരിക്കാൻ പോന്ന ശക്തിയായി അയാൾ മാറി. പിന്നീട് അയാൾക്ക്‌ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഫെബ്രുവരിയിൽ അന്നത്തെ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയിൽ നടന്ന ഒരു യോഗത്തിൽ താൻ പങ്കെടുത്തതായും ന്യൂനപക്ഷ സമുദായത്തിനെതിരെ ‘ഹിന്ദുക്കൾക്ക് അവരുടെ കോപം പ്രകടിപ്പിക്കാൻ അനുവദിക്കണമെന്ന്’ മോദി ഉദ്യോഗസ്ഥരോട് പറഞ്ഞതായും സുപ്രീം കോടതിയിൽ സഞ്ജീവ് ഭട്ട് കൊടുത്ത സത്യവാങ്മൂലം നമ്മുടെ മുൻപിലുണ്ട്.

സംഭവത്തിനുശേഷം ഗുജറാത്തിൽ വലിയ വർഗീയ സംഘർഷം ആരംഭിച്ചു. ഫെബ്രുവരി 28-ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച ബന്ദിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം വ്യാപിച്ചു.

ഗുജറാത്ത് കലാപത്തിന്റെ ദൃശ്യങ്ങൾ

പൊലീസ് കൈയും കെട്ടി നോക്കി നിന്നു. ഇതിന്റെ പ്രത്യാഘാതങ്ങൾ ബിൽക്കീസ് താമസിച്ചിരുന്ന ദാഹോദ് ജില്ലയിലെ രൺധിക്ക്പൂർ ഗ്രാമത്തിലും അനുഭവപ്പെട്ടു.

കലാപം രൂക്ഷമായതോടെ ബിൽക്കീസ് ബാനുവിന്റെ കുടുംബമടക്കം, മുസ്‌ലിം കുടുംബങ്ങൾ രൺധിക്ക്പൂരിൽനിന്ന് സുരക്ഷിതത്വം തേടി പലായനം ചെയ്യാൻ തുടങ്ങി. ബിൽക്കീസ് ബാനു അന്ന് ഏകദേശം 19 വയസ്സുള്ള യുവതിയായിരുന്നു. അഞ്ച് മാസം ഗർഭിണിയും.

ഭർത്താവ് യാക്കൂബ് റസൂൽ, മൂന്നര വയസുള്ള മകൾ സലേഹ, മാതാവ് ഹലീമ, ബന്ധുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ളവരായിരുന്നു ഒപ്പമുണ്ടായിരുന്നത്. മാർച്ച് 3-ന് ബിൽക്കീസും കുടുംബവും ഛപ്പർവാഡ് (Chhaparwad) ഗ്രാമത്തിലെ വയലുകളിലൂടെ പെണ്ണിവെൽ (Pannivella) ഭാഗത്തേക്ക് പോകുകയായിരുന്നു.

ജനവാസം കുറഞ്ഞ വയൽപ്രദേശത്തെത്തിയപ്പോൾ ഏകദേശം 20–30 പേരടങ്ങുന്ന ഒരു സംഘം അവരെ ആക്രമിച്ചു. ബിൽക്കീസ് ബാനുവിന്റെ മകൾ സലേഹയെ അക്രമികളിലൊരാളായ ഷൈലേഷ് ഭട്ട് (Shailesh Bhatt) അമ്മയുടെ കൈകളിൽനിന്ന് ബലമായി പിടിച്ചുവാങ്ങി പാറക്കെട്ടുള്ള നിലത്തേക്ക് എറിഞ്ഞ് തലയടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ബിൽക്കിസും കുടുംബവും

2017-ലെ ബോംബെ ഹൈക്കോടതി വിധിയിൽ രേഖപ്പെടുത്തിയ ബിൽക്കീസ് ബാനുവിന്റെ മൊഴിയിലും വിചാരണക്കോടതിയുടെ കണ്ടെത്തലുകളിലും ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന് ശേഷം അക്രമികൾ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്തു. അന്ന് അവർ അഞ്ച് മാസം ഗർഭിണിയായിരുന്നു. അവരുടെ അമ്മ ഹലീമയും ബന്ധുവായ ഷമീമും ഉൾപ്പെടെയുള്ള മറ്റ് സ്ത്രീകളും ലൈംഗികാതിക്രമത്തിനിരയായി. 14 കുടുംബാംഗങ്ങളെയാണ് ബിൽകീസ് ബാനുവിന് നഷ്ടമായത്.

ആക്രമണത്തിൽ ബോധം നഷ്ടപ്പെട്ട ബിൽക്കീസ് പിന്നീട് ബോധം വന്നപ്പോൾ സമീപത്തുള്ള ഒരു കുന്നിൻപ്രദേശത്ത് അഭയം തേടി. അടുത്ത ദിവസം താഴെയിറങ്ങിയപ്പോൾ ഒരു കൈപ്പമ്പിന് സമീപം ഒരു ആദിവാസി സ്ത്രീയെ കണ്ടുമുട്ടി.

ആ സ്ത്രീ ബിൽക്കീസിന് വസ്ത്രം നൽകി സഹായിച്ചു. പിന്നീട് അവർ പൊലീസിനെ സമീപിച്ചു. മാർച്ച് നാലിന് ബിൽക്കീസിനെ ലിംഖേഡ പൊലീസ് സ്റ്റേഷനിലെത്തിച്ചു. അവിടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയതു. എന്നാൽ സഞ്ജീവ് ഭട്ടിന്റെ ആരോപണങ്ങൾ ശരി വയ്ക്കുന്ന രീതിയിലാണ് കാര്യങ്ങൾ നടന്നത്. ആദ്യ എഫ്.ഐ.ആറിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടായിരുന്നു.

ബിൽക്കീസ് കൂട്ടബലാത്സംഗത്തിനിരയായ വിവരം അവർ തിരിച്ചറിഞ്ഞ പ്രതികളുടെ പേരുകൾ, എന്നിവ എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയില്ല. മാർച്ച് 5-ന് ബിൽക്കീസിനെ ഗോധ്രയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു. അവിടെ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് അവരുടെ മൊഴി രേഖപ്പെടുത്തി.

അതേ ദിവസം ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബാംഗങ്ങളിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. പിന്നീട് മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികളിലും ഗുരുതരമായ വീഴ്ചകളും തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളും അന്വേഷണത്തിൽ പുറത്തുവന്നു.

2002 നവംബർ ആറിന് പൊലീസ് കേസ് അവസാനിപ്പിക്കാൻ ‘A Summary Report‘ സമർപ്പിച്ചു. ആദ്യഘട്ടത്തിൽ മജിസ്‌ട്രേറ്റ് ഈ റിപ്പോർട്ട് അംഗീകരിച്ചില്ല. കൂടുതൽ അന്വേഷണം നടത്താൻ നിർദേശിച്ചു.

2003 ഫെബ്രുവരിയിൽ വീണ്ടും കേസ് അവസാനിപ്പിക്കാൻ പൊലീസ് അപേക്ഷിക്കുകയും മജിസ്‌ട്രേറ്റ് അതംഗീകരിക്കുകയും ചെയ്തു. 2002 മാർച്ച് 19 മുതൽ 22 വരെ അധ്യക്ഷൻ ജസ്റ്റിസ് ജെ.എസ്. വർമ്മയുടെ നേതൃത്വത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) സംഘം ഗുജറാത്ത് സന്ദർശിച്ചു. ഗോധ്രയിലെ ഇഖ്ബാൽ പ്രൈമറി സ്കൂൾ ദുരിതാശ്വാസ ക്യാമ്പിൽവെച്ചാണ് അദ്ദേഹം ബിൽക്കീസ് ബാനുവിനെ നേരിൽ കണ്ടത്.

ബിൽക്കീസ് താൻ കൂട്ടബലാത്സംഗത്തിനിരയായ വിവരം കമ്മീഷനോട് പറഞ്ഞു. എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ 12 പേരുടെ പേരുകൾ പറഞ്ഞിരുന്നുവെന്ന് ജില്ലാ മജിസ്‌ട്രേറ്റ് എൻ.എച്ച്.ആർ.സി സംഘത്തെ അറിയിച്ചു. എന്നാൽ എഫ്.ഐ.ആറിൽ മൂന്ന് പേരുടെ പേരുകൾ മാത്രമാണ് ഉണ്ടായിരുന്നത്.

ബാക്കി പേരുകൾ പൊലീസിനെ അറിയിക്കുമെന്ന് ജില്ലാ ഭരണകൂടം പറഞ്ഞിരുന്നു. അതായത്, അന്വേഷണത്തിലെ ഗുരുതരമായ വൈരുധ്യം എൻ.എച്ച്.ആർ.സിയുടെ ശ്രദ്ധയിൽ വന്നു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, 2002-ൽ ജസ്റ്റിസ് ജെ.എസ്. വർമ്മയെ കണ്ടതിനു ശേഷവും കേസ് മുന്നോട്ടുപോയില്ല.

മറിച്ച് 2003 ഫെബ്രുവരിയിൽ പൊലീസ് സമർപ്പിച്ച രണ്ടാമത്തെ A Summary റിപ്പോർട്ട് മജിസ്‌ട്രേറ്റ് അംഗീകരിച്ചു. തുടർന്ന് ബിൽക്കീസ് 2003 ഏപ്രിൽ 29-ന് എൻ.എച്ച്.ആർ.സിക്ക് വിശദമായ പരാതി നൽകി. ഈ സമയത്ത് ജസ്റ്റിസ് എ.എസ്. ആനന്ദ് പുതിയ എൻ.എച്ച്.ആർ.സി അധ്യക്ഷനായി ചുമതലയേറ്റിരുന്നു.

ബിൽക്കീസിന്റെ കേസ് സുപ്രീംകോടതിയിൽ അവതരിപ്പിക്കുന്നതിന് എൻ.എച്ച്.ആർ.സി അന്നത്തെ പ്രമുഖ അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായിരുന്ന ഹരീഷ് സാൽവെയെ നിയോഗിച്ചു.

മജിസ്‌ട്രേറ്റ് അംഗീകരിച്ച A Summary റിപ്പോർട്ട് റദ്ദാക്കുക, ഗുജറാത്ത് പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ചകൾ പരിശോധിക്കുക, കേസ് സി.ബി.ഐക്ക് കൈമാറുക എന്നിവയായിരുന്നു ഹരീഷ് സാൽവെ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ട പ്രധാന കാര്യങ്ങൾ.

2003 ഡിസംബർ ആറിന് സുപ്രീംകോടതി അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ ഉത്തരവിട്ടു. ഒരു പൗരന് നീതി ഉറപ്പാക്കേണ്ട സംസ്ഥാനത്തിന്റെ പൊലീസ് സംവിധാനത്തിനെതിരെ അതേ പൗരന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സഹായം തേടേണ്ടിവന്നു.

2022ൽ ഗോധ്രയിലെ ബി.ജെ.പി എം.എൽ.എയും കുറ്റവാളികളുടെ മോചനത്തിന് ശുപാർശ നൽകിയ സമിതിയിലെ അംഗവുമായിരുന്ന സി.കെ. റൗൾജി 2022 ഓഗസ്റ്റിൽ കുറ്റവാളികളുടെ മോചനത്തെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞത്, പ്രതികളിൽ ചിലർ ബ്രാഹ്മണരാണ്, അവർക്ക് നല്ല സംസ്കാരമുണ്ട് (Good Sanskaar). ജയിലിലെ അവരുടെ പെരുമാറ്റവും നല്ലതായിരുന്നു എന്നൊക്കെയാണ്.

കേസിലെ ഏറ്റവും ഗൗരവമുള്ള രാഷ്ട്രീയ വശം ഇതാണ്. 2022 ഓഗസ്റ്റ് 15-ന് ഗുജറാത്ത് സർക്കാർ 11 കുറ്റവാളികളെയും മോചിപ്പിച്ചു. ഇത് ഒറ്റപ്പെട്ട ഒരു ഉദ്യോഗസ്ഥന്റെ തീരുമാനമായിരുന്നില്ല. ബി.ജെ.പി സർക്കാർ രൂപീകരിച്ച ജയിൽ ഉപദേശക സമിതി (Jail Advisory Committee) മോചനത്തിന് ശുപാർശ നൽകിയിരുന്നു.

സമിതിയിൽ ഉണ്ടായിരുന്നത്, സി.കെ. റൗൾജി ബി.ജെ.പി എം.എൽ.എ, മുരളീധർ മുല്‌ചന്ദാനി മുൻ ഗോത്ര മുനിസിപ്പാലിറ്റി അധ്യക്ഷനും ബി.ജെ.പി നേതാവും, സുമൻ ചൗഹാൻ ബി.ജെ.പി എം.എൽ.എ, സ്നേഹ ഭാട്ടിയ ബി.ജെ.പിയുടെ ഗോധ്ര നഗരഘടകത്തിലെ ഭാരവാഹി. ഞാനും അപ്പനും സുഭദ്രയും എന്ന് ആറാം തമ്പുരാൻ സിനിമയിൽ പറയുന്ന പോലെയൊരു സമിതി.

ബിൽകീസ് ബാനു കേസിലെ 11 പ്രതികളെ 2022 ഓഗസ്റ്റ് 15-ന് ജയിലിൽനിന്ന് മോചിപ്പിച്ചപ്പോൾ ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള വ്യക്തികളും രാഷ്ട്രീയ നേതാക്കളും അവരെ സ്വീകരിച്ചത് പൂമാലകൾ അണിയിച്ച്, നെറ്റിയിൽ തിലകം ചാർത്തി, മധുരപലഹാരങ്ങൾ നൽകി, ആലിംഗനം ചെയ്തിരുന്നു.

എന്തിനാണിവർ ജയിലിൽ പോയത്?

ഒരു ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കുറ്റത്തിന്. ജയിലിൽനിന്നുള്ള മോചനത്തിനുശേഷം പ്രതികളെ ഗോത്രയിലെ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) ഓഫീസിൽ മാലയിട്ട് സ്വീകരിച്ചു. (2022 ഓഗസ്റ്റ് 17-ന് ഇന്ത്യാ ടുഡേ റിപ്പോർട്ട്) ഇത് പ്രധാനമാണ്.

കാരണം സ്വീകരണം പ്രതികളുടെ ബന്ധുക്കളിൽ മാത്രം ഒതുങ്ങിയില്ല, ഒരു സംഘടനയുടെ ഓഫീസിൽ നടന്ന പൊതുചടങ്ങായി. ചെയ്തതനുസരിച്ച്, പ്രതികൾ പിന്നീട് ദീൻദയാൽ ഉപാധ്യായ ട്രസ്റ്റിന്റെ ഓഡിറ്റോറിയത്തിലും എത്തിയിരുന്നു.

അവിടെ അവരെ സ്വീകരിച്ചവരിൽ ആർ.എസ്.എസ് അംഗമായ അരവിന്ദ് സിസോഡിയയും ഉണ്ടായിരുന്നു. (scroll.in റിപ്പോർട്ട്)

മോചനത്തിന് സർക്കാർ നൽകിയ പ്രധാന വിശദീകരണം പ്രതികളുടെ ജയിലിലെ നല്ല പെരുമാറ്റമായിരുന്നു. എന്നാൽ Scroll.in 2022 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച അന്വേഷണത്തിൽ ചില ഗൗരവമുള്ള വിവരങ്ങൾ പുറത്തുവന്നു. പ്രതികളിൽ ഒരാൾക്കെതിരെ ജയിലിന് പുറത്തായിരുന്ന സമയത്ത് സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചതടക്കമുള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ട എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.

പത്ത് പ്രതികൾ പല അവസരങ്ങളിലും പരോൾ കഴിഞ്ഞു വൈകിയാണ് ജയിലിൽ തിരിച്ചെത്തിയത്. അതുകൊണ്ട് ‘നല്ല പെരുമാറ്റം’ എന്ന വാദത്തിന്റെ വിശ്വാസ്യത തകർന്നു. ഈ സംഭവത്തിനെതിരെ രാജ്യവ്യാപകമായി വിവിധ തലങ്ങളിൽ പ്രതിഷേധമുണ്ടായി.

വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധിച്ചു. രാഷ്ട്രീയ നേതാക്കളായ മഹുവ മൊയ്ത്ര, സുഭാഷിണി അലി എന്നിവർ ശിക്ഷായിളവിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചു.

അക്കാദമിക് രംഗത്തുനിന്നും സിവിൽ സൊസൈറ്റിയിൽനിന്നും വിമർശനങ്ങളുണ്ടായി. ബിൽകീസ് ബാനുവിന്റെ കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർന്നു. 2022 ഓഗസ്റ്റ് 15-ലെ മോചനത്തിനെതിരെ പിന്നീട് സുപ്രീംകോടതിയിൽ നിരവധി ഹരജികൾ എത്തുന്ന സ്ഥിതിയുണ്ടായി. പിന്നീട് സുപ്രീം കോടതി ഈ ശിക്ഷായിളവ് റദ്ദാക്കി.

2026 ഒക്ടോബർ 28-ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് നവംബർ 16–17 തീയതികളിലാണ് വാർത്തയായത്. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് രണ്ട് പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ താത്ക്കാലികമായി മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്.

എന്നാൽ ഇവിടെ ഉള്ള ഒരു പ്രധാന പ്രശ്നം. ബിൽകീസ് ബാനുവിനെ അറിയിക്കാതെയും അവരുടെ വാദം കേൾക്കാനുള്ള അവസരം ഉറപ്പാക്കാതെയുമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നവംബർ 16-ന് പുറത്തിറക്കിയ പ്രസ്താവനയിൽ ബിൽകീസ് ഇക്കാര്യം ചോദ്യം ചെയ്തു.

ഉത്തരവിനെക്കുറിച്ച് മാധ്യമവാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും അവർ പറഞ്ഞു. ഇത് Victim’s Right to Be Heard, എന്നതിന്റെ നിഷേധമാണ്. ഒരു ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട സ്ത്രീക്കെതിരായ കൂട്ടബലാത്സംഗവും കുടുംബാംഗങ്ങളുടെ കൊലപാതകവും നടന്ന കേസിൽ, കുറ്റവാളികൾക്ക് രാഷ്ട്രീയ അധികാരത്തിന്റെ പിന്തുണയോടെ ശിക്ഷായിളവ് ലഭിക്കുകയും പിന്നീട് പൊതുവേദിയിൽ ആദരിക്കപ്പെടുകയും ചെയ്യുന്ന നാട്ടിൽ എന്ത്‌ റൂൾ ഓഫ് ലോ ആണുള്ളത്?

മൂന്നര വയസുള്ള സലേഹയുടെ ദുരന്തം മാർച്ച് 3 ന് നടന്ന ആക്രമണത്തോടെ ആരംഭിക്കുന്ന ഒന്നല്ല. ഗുജറാത്തിലെ സാമുദായിക അക്രമം രൂക്ഷമായതിനെത്തുടർന്ന് ഫെബ്രുവരി 28-ന് സ്വന്തം വീട് ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം പലായനം ചെയ്യേണ്ടിവന്നപ്പോഴേ അവളുടെ സുരക്ഷിതമായ ബാല്യലോകം തകരാൻ തുടങ്ങിയിരുന്നു.

ഡിസ്പ്ലേസ്‌മെന്റ് ട്രോമാ എന്നൊന്നുണ്ട്. യുദ്ധം, വംശീയ അക്രമം, സാമുദായിക കലാപം എന്നിവ മൂലം സ്വന്തം വീടും ഗ്രാമവും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവരുന്ന മനുഷ്യർക്ക്‌, കുട്ടികൾക്ക് കൂടുതലായും പ്രത്യേകതരം മാനസിക ആഘാതങ്ങൾ ഉണ്ടാകുന്നതിനെ, സാധാരണയായി ഫലസ്‌തീൻ പോലെയുള്ള രാജ്യങ്ങളിലെ കാര്യങ്ങളെക്കുറിച്ച് പറയുമ്പോളാണ് യുണൈറ്റഡ് നേഷൻസ് ഇക്കാര്യങ്ങൾ എടുത്തു പറയാറുള്ളത്.

ഇന്ത്യയിലും ഇതനുഭവിക്കുന്ന മനുഷ്യരുണ്ട്. അവരുടെ ജീവിതത്തിൽ നഷ്ടമാകുന്നത് വീട് മാത്രമല്ല കളിച്ചിരുന്ന ഇടങ്ങൾ, പരിചിതമായ അയൽവാസികൾ. സുഹൃത്തുക്കൾ, പതിവ് ഭക്ഷണവും ഉറക്കവും, കുടുംബത്തിന്റെ സാമൂഹികബന്ധങ്ങൾ, സ്വന്തം ലോകത്തെക്കുറിച്ചുള്ള സുരക്ഷിതത്വബോധം എന്നിവയൊക്കെയാണ്. ഒടുവിൽ ഹിന്ദുത്വ ഭീകരർ അവളെ പാറക്കെട്ടിലെറിഞ്ഞു കൊല്ലുന്നു.

ഗർഭകാലത്തെ അതികഠിനമായ സമ്മർദ്ദം ഗർഭസ്ഥശിശുവിന്റെ വളർച്ചയെ സ്വാധീനിക്കാം എന്നതിന് ശാസ്ത്രീയ തെളിവുകളുണ്ട്. അപ്പോൾ അന്നത്തെ സംഭവങ്ങൾ അഞ്ചുമാസം ഗർഭിണിയായിരുന്ന ബിൽകീസ് ബാനുവിനെയും ഗർഭസ്ഥശിശുവിനെയും എത്രമാത്രം ബാധിച്ചിരിക്കും എന്നതാണ്. ഇവിടെ സംഭവിച്ചത് Intergenerational Trauma (തലമുറാന്തര ട്രോമ) എന്നതും കൂടിയാണ്. ബിൽകീസിന്റെ കാര്യമെടുത്താൽ ഈയൊരൊറ്റ കാര്യത്തിൽ, അവർ മൂന്ന് തരത്തിൽ ബാധിക്കപ്പെട്ടു.

  1. Maternal Trauma: അമ്മ നേരിട്ട കൂട്ടബലാത്സംഗം, ജീവന് ഭീഷണിയായ അക്രമം, കുടുംബനഷ്ടം.
  2. Prenatal Stress Exposure: ഗർഭസ്ഥശിശു അമ്മയുടെ അതിതീവ്രമായ സമ്മർദ്ദാവസ്ഥയുള്ള ജൈവപരിസരത്തിൽ വളരേണ്ടിവന്ന സാഹചര്യം.
  3.  Postnatal Trauma Environment: കുഞ്ഞ് ജനിച്ചതിനുശേഷം അമ്മയുടെ മാനസികാരോഗ്യം, കുടുംബത്തിന്റെ സുരക്ഷ, സാമൂഹികമായ പുനരധിവാസം തുടങ്ങിയ ഘടകങ്ങൾ.

ഈ സംഭവത്തെ സ്ത്രീക്കെതിരായ ലൈംഗികാതിക്രമം എന്ന ഒറ്റ തലത്തിൽ മാത്രമല്ല, മാതൃത്വത്തെയും ഗർഭസ്ഥശിശുവിന്റെ സുരക്ഷയെയും കുടുംബത്തിന്റെ തുടർജീവിതത്തെയും ബാധിക്കുന്ന അക്രമമായിട്ടാണ് കാണേണ്ടത്.

ഇത് ഒരു Intersectional Analysis കൂടിയാണ്;

മുസ്‌ലിം ന്യൂനപക്ഷ സ്വത്വം, സ്ത്രീത്വം, ഗർഭിണിയായിരിക്കുക, മാതൃത്വം, സാമുദായിക പലായനം, ലൈംഗികാതിക്രമണത്തിനു ഇരയാവുക, ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന അനുഭവങ്ങളാണ്. സ്ത്രീയുടെ ശരീരം പലപ്പോഴും രാഷ്ട്രത്തിന്റെയും മതത്തിന്റെയും വംശീയ സാമുദായിക സ്വത്വത്തിന്റെയും പ്രതീകമായി അവതരിപ്പിക്കപ്പെടുന്നു.

അതിനാൽ സ്ത്രീകൾക്കെതിരായ അതിക്രമം വ്യക്തിക്കെതിരായ കുറ്റകൃത്യം മാത്രമല്ലാതായി, ഒരു സമൂഹത്തെ അപമാനിക്കാനും ഭയപ്പെടുത്താനും കീഴ്പ്പെടുത്താനുമുള്ള രാഷ്ട്രീയ ഉപാധിയായി മാറുന്ന കാഴ്ചയാണ് ഗുജറാത്ത്‌ കലാപത്തിൽ കണ്ടത്.

ബിൽകീസ് ബാനു 2002-ലെ ഗുജറാത്ത് കലാപസമയത്ത് അഞ്ചുമാസം ഗർഭിണിയായിരുന്നു. ആ ഗർഭസ്ഥശിശു പെൺകുട്ടിയായിരുന്നു. 2002-ൽ കൊല്ലപ്പെട്ട മൂത്ത മകൾ സലേഹയുടെ ഓർമ്മയ്ക്കായി ബിൽകീസ് പിന്നീട് ജനിച്ച ഇളയ മകൾക്കും സലേഹ എന്നുതന്നെയായിരുന്നു പേരിട്ടത്. ഇപ്പോളാ കുഞ്ഞിന് ഏകദേശം 23 വയസ് ആയിരിക്കും.

ബിൽകീസ് ബാനു കേസിലെ പ്രതികളുടെ ജയിൽമോചനം ഒരു ഭരണപരമായ തീരുമാനമായിരുന്നെങ്കിൽ, അവരെ മാലയിട്ട് സ്വീകരിച്ചത് ഒരു സാമൂഹിക രാഷ്ട്രീയ സന്ദേശമായിരുന്നു. സംഘപരിവാർ മറ്റുള്ളവർക്ക് കൊടുക്കുന്ന ഒരു താക്കീത്.

Institutional Capture എന്നൊന്നുണ്ട്. ജനാധിപത്യത്തിന്റെ അടിത്തറയായി നിലകൊള്ളുന്ന നാല് പ്രധാന ഘടകങ്ങൾ അഥവാ, ജനാധിപത്യത്തിന്റെ നാല് തൂണുകളായ ലെജിസ്ലേച്ചർ, എക്‌സൈക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ, ഇവ സ്വതന്ത്രമായി പ്രവർത്തിക്കണം എന്നാണ് വയ്പ്പ്.

എന്നാൽ ഈ സ്ഥാപനങ്ങൾ രാഷ്ട്രീയ നേതൃത്വത്തിന്റെ താത്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ തുടങ്ങുന്നതിനെയാണ് Institutional Capture എന്ന് പറയുന്നത്. ബിൽക്കീസ് ബാനു കേസിൽ, 2022-ൽ കുറ്റവാളികളുടെ മോചനത്തിന് ശുപാർശ നൽകിയ ജയിൽ ഉപദേശക സമിതിയിൽ രാഷ്ട്രീയ നേതാക്കളും ഭരണസംവിധാനവുമായി ബന്ധമുള്ളവരും ഉണ്ടായിരുന്നു.

അവരുടെ ശുപാർശയുടെ നിയമസാധുതയും മോചന തീരുമാനത്തിന്റെ അധികാരപരിധിയും പിന്നീട് സുപ്രീംകോടതി പരിശോധിച്ചു. 2024 ജനുവരി ഏട്ടിലെ വിധിയിൽ ഗുജറാത്ത് സർക്കാരിന്റെ മോചന ഉത്തരവുകൾ നിയമവിരുദ്ധമാണെന്ന് കണ്ടെത്തി.

ദൈവത്തോട് വഴി ചോദിച്ചു ദൈവം കാണിച്ച വഴിയേ അയോധ്യ കേസിന്റെ വിധി പറഞ്ഞ മുൻ സി.ജെ.ഐ ഡി വൈ ചന്ദ്രചൂഡ്, പശു, പശുക്കിടാവ്, കാള, മൂരി എന്നിവയെ കശാപ്പ് ചെയ്യുന്നതിന് ജീവപര്യന്തം വരെ ശിക്ഷ നൽകാൻ 2017 ൽ ഭേദഗതി കൊണ്ട് വന്ന ഗുജറാത്ത്‌ നിയമസഭ, സത്യം വിളിച്ചു പറഞ്ഞ എക്സെക്യൂട്ടീവിന്റെ ഭാഗമായ സഞ്ജീവ് ഭട്ടിനെ തടവിലിട്ട് വരുതിയിലാക്കാൻ ശ്രമിക്കുന്ന സംവിധാനം, അർണാബ് ഗോസ്വാമി നയിക്കുന്ന ഗോഡി മീഡിയ. മേൽപ്പറഞ്ഞവയൊക്കെയാണ് ഇന്ത്യയിലെ Institutional Capture ന്റെ ഉദാഹരണങ്ങൾ.

‘എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. പത്ര റിപ്പോർട്ടുകളിലൂടെയാണ് ഞാൻ ഇതിനെക്കുറിച്ച് അറിഞ്ഞത്.’
‘എന്റെ ലോകം, എന്റെ കുഞ്ഞ് മകൾ, എന്റെ കുടുംബം, എന്റെ വീട്, മനുഷ്യത്വത്തിലുള്ള എന്റെ വിശ്വാസം എന്നിവ എന്നെ ക്രൂരമായി തകർത്തപ്പോൾ ഞാൻ വെറും 19 വയസുള്ള ഒരു പെൺകുട്ടിയായിരുന്നു.

ആ ദിവസം മുതൽ 24 വർഷമായി, നീതിക്കുവേണ്ടിയും, എനിക്കും എല്ലായിടത്തും സ്ത്രീകൾക്കും വേണ്ടിയും പോരാടാൻ ഞാൻ വീണ്ടും വീണ്ടും നിലകൊണ്ടു. 24 വർഷമായി എനിക്ക് അറിയാത്ത ധൈര്യത്തിന്റെ സംഭരണികൾ ഞാൻ തിരയുകയും കണ്ടെത്തുകയും ചെയ്തു, കാരണം പിന്തുണയുടെയും ഐക്യദാർഢ്യത്തിന്റെയും ഒരു ദശലക്ഷം ശബ്ദങ്ങൾ എന്റെ വഴിയിൽ വന്നതുകൊണ്ടാണ്,

ഞാൻ കോടതിമുറികളിലേക്ക് നടന്നു, ഓരോ തവണയും എന്നെ ന്യായീകരിച്ചപ്പോഴും നന്ദിയുള്ളവളായിരുന്നു; നീതി എന്ന ആശയത്തിലുള്ള എന്റെ വിശ്വാസം പുനസ്ഥാപിക്കപ്പെട്ടപ്പോഴെല്ലാം. എന്റെ ജീവിതത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന്, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്നേഹത്തോടെ ഞാൻ പുനർനിർമിച്ചു. സമാധാനത്തിനായി ഞാൻ കൊതിച്ചു. പുഞ്ചിരിക്കാൻ ഞാൻ പഠിച്ചു.

എന്നിട്ടും ഞാൻ ഇത്രയധികം പൊരുതി നേടിയ നീതി ഇന്ന് എനിക്ക് നഷ്ടമായി. പരിചിതമായ ഭയങ്ങൾ വീണ്ടും ഉയർന്നുവരുന്നു. എനിക്ക് വീണ്ടും ഭയമാണ്. എനിക്കും എന്റെ കുടുംബത്തിനും കുട്ടികൾക്കും. നീതിയിലുള്ള വിശ്വാസം വീണ്ടും നഷ്ടപ്പെടുമോ എന്ന് ഞാൻ ഭയപ്പെടുന്നു.

എന്നോട് ഇത് ചെയ്ത പുരുഷന്മാരുടെ ശിക്ഷ ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക് എങ്ങനെ താൽക്കാലികമായി നിർത്തിവയ്ക്കാൻ കഴിയും? എന്നെ അറിയിക്കാൻ പോലും അവർക്ക് എങ്ങനെ കഴിഞ്ഞില്ല? അവരുടെ കോടതിമുറിയിൽ എന്റെ ശബ്ദം കേൾക്കുന്നുണ്ടെന്ന് അവർക്ക് എങ്ങനെ ഉറപ്പാക്കാൻ കഴിഞ്ഞില്ല?

ജീവിക്കാൻ അർഹതയുള്ള, നീതി ആവശ്യപ്പെടുന്ന എന്റെ മൂന്ന് വയസുകാരി സലേഹയ്ക്കുവേണ്ടിയാണ് ഞാൻ ഇത് ചെയ്യുന്നത്. എല്ലായിടത്തും സ്ത്രീകൾക്കുവേണ്ടിയാണ് ഞാൻ ഇത് ചെയ്യുന്നത്. കാരണം ഒരു സ്ത്രീക്കും, അതിജീവിച്ചയാൾക്കും, ഒരു പൗരനും സ്വത്വത്തിന്റെയും സമത്വത്തിന്റെയും ഈ ശാശ്വത പരീക്ഷണം സഹിക്കേണ്ടി വരരുത്, ജീവിതകാലം മുഴുവൻ നീതിക്കായി പോരാടേണ്ടി വരരുത്,’ ബിൽകീസ് ബാനുവിന്റെ വാക്കുകളാണ്.

2002 ലെ കൂട്ടബലാത്സംഗ, കൊലപാതക കേസിലെ രണ്ട് പ്രതികൾക്ക് സുപ്രീം കോടതി ജീവപര്യന്തം തടവ് ശിക്ഷ റദ്ദാക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തതിനെത്തുടർന്ന് സുരക്ഷ ഭയന്ന് ബിൽക്കീസ് ​​ബാനുവും കുടുംബവും ഗുജറാത്ത് വിട്ടു. ഇത്രയുമധികം അനുഭവിച്ച അവർ വീണ്ടും Displacement Trauma യിലേക്ക് എടുത്തറിയപ്പെട്ടിരിക്കുന്നു.

സംഘപരിവാർ ഭരിക്കുന്ന രാജ്യത്ത്, അവർ Institutional Capture ലൂടെ ഭരണഘടനാസ്ഥാപനങ്ങൾ പിടിച്ചെടുക്കുന്ന കാലത്ത്, താൻ നേരിട്ട അതിക്രമത്തിന് പതിറ്റാണ്ടുകൾക്ക് ശേഷവും, ജീവനും കൈയ്യിൽ പിടിച്ചു ബിൽകീസ് ബാനു എന്ന സ്ത്രീ പലായനം ചെയ്യേണ്ടി വരുന്നു.

ബിൽകീസിന്റെ മകളോ, അമ്മയുടെ ഉദരത്തിൽ അഞ്ച് മാസം പ്രായമുള്ളപ്പോൾ അനുഭവിക്കാൻ തുടങ്ങിയതാണ് ആ പെൺകുട്ടി. എന്ത്‌ F____ ഡെമോക്രസിയാണ് ഇവിടെയുള്ളത്. ഇത് ഹിന്ദുത്വ ഭീകരവാദമാണ്, അല്ലെങ്കിൽ പൊളിറ്റിക്കൽ ഹിന്ദുത്വ.

ബാബറി മസ്ജിദ് തകർത്ത മണ്ണിൽ ചവിട്ടി നിന്ന്, 11 ദിവസത്തെ വ്രതമെടുത്ത്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലെ രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്ന രാജ്യത്തു നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാൻ?

സംഘപരിവാറിന്റെ, ഹിന്ദുത്വയുടെ വെറുപ്പ് ഭൂമിയിൽ പിറക്കാത്ത കുഞ്ഞുങ്ങളോടും കൂടിയാണ്. ആദ്യമായല്ല അവരത് ചെയ്യുന്നത്. 2002 ഫെബ്രുവരി, ഗുജറാത്ത്‌ വംശഹത്യയിൽ, ഹിന്ദുത്വ തീവ്രവാദികൾ നാരോദാ പാട്യയിലെ ഖാലിദ് നൂർ മുഹമ്മദ് ഷെയഖ് എന്നയാളുടെ, പൂർണഗർഭിണിയായിരുന്ന കൗസർ ബാനു എന്ന മകളെ കൊന്ന് അവരുടെ നിറവയറിൽ നിന്ന് കുഞ്ഞിനെ വാളിൽ കോർത്തു പുറത്തെടുത്തു തീയിലിട്ട് കൊന്നു.

സംഭവം നടന്നിട്ടില്ലെന്ന് സംഘപരിവാർ വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ പ്രചരിപ്പിക്കുന്നുണ്ട്. കൊന്നു പക്ഷെ ഭ്രൂണം പുറത്തെടുത്തില്ല എന്നാണ് പ്രചരണം. 2010 ൽ അന്ന് പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർ കനോരിയ ഇതേ കാര്യം കോടതിയിൽ പറഞ്ഞു. (കനോരിയക്ക് ജീവനിൽ കൊതിയുണ്ടാകും) പക്ഷെ മാർച്ച് രണ്ട്, 2002-ന് പോസ്റ്റ്മോർട്ടം നടത്തുമ്പോൾ മൃതദേഹത്തിന്റെ വ്യക്തിത്വം തിരിച്ചറിഞ്ഞിരുന്നില്ല.

2004 ഓഗസ്റ്റ് 13-ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടിൽ കൗസർ ബാനുവിന്റെ പേര് ചേർത്തത്. 2018-ലെ ഗുജറാത്ത് ഹൈക്കോടതി ഈ റിപ്പോർട്ട് കൗസർ ബാനുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടായി തെളിവിൽ സ്വീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി.

പക്ഷെ 2003 ൽ Human Rights Watch സംഘം കൗസർ ബാനുവിന്റെ അപ്പൻ ഖാലിദ് നൂർ മുഹമ്മദ് ഷെയഖിനെ നേരിട്ട് ഇന്റർവ്യൂ ചെയ്യുകയും, തന്റെ മുന്നിൽ വച്ചാണ് തന്റെ മകളുടെ കുഞ്ഞിനെ വയർ കീറി പുറത്തെടുത്തത് എന്ന് അയാൾ പറയുകയും അത് എച്ച്.ആർ.ഡബ്ള്യു രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സ്വന്തം മകളുടെ കാര്യം ആ അച്ഛൻ പറയുന്നതാണ് വിശ്വസനീയം.

2018-ലെ ഗുജറാത്ത് ഹൈക്കോടതി വിധിയിൽ (ഗുജറാത്ത് ഹൈക്കോടതി 2018 ഏപ്രിൽ 20-ന് പുറപ്പെടുവിച്ച വിധിയുടെ ഖണ്ഡിക 328.6-ൽ പറയുന്നത്) കൗസർ ബാനുവിനെ വാട്ടർ ടാങ്കിന് സമീപമുള്ള വഴിയിലേക്ക് കൊണ്ടുവന്നു, വാൾകൊണ്ട് വയറിൽ വെട്ടി, ഗർഭസ്ഥശിശുവിനെ വാളിന്റെ അഗ്രത്തിൽ പുറത്തെടുത്ത് ഉയർത്തി വീശി, കൗസർ ബാനുവിനെയും കുഞ്ഞിനെയും തീയിൽ എറിഞ്ഞ് കത്തിച്ചു. ഹൈക്കോടതി ഈ സംഭവത്തിന്റെ സ്ഥലവും നടന്ന രീതിയും പ്രോസിക്യൂഷൻ സംശയാതീതമായി തെളിയിച്ചതായി പ്രഖ്യാപിച്ചു.

ഒന്നാലോചിച്ചു നോക്കൂ, പശുവിനെ കൊന്നാൽ ജീവപര്യന്തം ലഭിക്കുന്ന നാട്ടിലാണ്, പാർക്കിൻസൺസ് രോഗബാധിതനായ ഫാ. സ്റ്റാൻ സ്വാമി സിപ്പർ കപ്പ് കൊടുക്കാതിരുന്ന , ആ മനുഷ്യന് ജാമ്യം കൊടുക്കാതിരുന്ന സംവിധാനമാണ് മൂന്നര വയസ്സുള്ള ഒരു കുഞ്ഞിനെ അമ്മയുടെ മുന്നിൽ വച്ചു തറയിലെറിഞ്ഞു കൊന്നിട്ട്, അവരെ ഗ്യാങ് റേപ്പ് ചെയ്ത, ഏഴ് കൊലപാതകം ചെയ്ത കുറ്റവാളികളുടെ ശിക്ഷ താത്കാലികമായി മരവിപ്പിക്കുകയും ജാമ്യം കൊടുക്കുകയും ചെയ്യുന്നത്. 24 വർഷമായി കീഴടങ്ങാതെ പോരാടുന്ന സ്ത്രീയാണ്.

ആക്രമിക്കപ്പെടുമ്പോൾ വെറും 19 വയസ്സാണ് ബിൽകീസ് ബാനുവിന്റെ പ്രായം. നാസി ജർമ്മനിയിലെ വൈറ്റ് റോസ് എന്ന വിദ്യാർത്ഥി പ്രതിരോധസംഘടനയിലെ സോഫി ഷോൾ എന്നൊരു 21 കാരി പെൺകുട്ടിയുണ്ട് ചരിത്രത്തിൽ.

സോഫിയും സഹപ്രവർത്തകരും ഹിറ്റ്‌ലറിന്റെ അധികാരത്തിന്റെ ധാർമികതയെ ചോദ്യം ചെയ്തു. 1943 ഫെബ്രുവരി 18-ന് മ്യൂണിച്ച് സർവകലാശാലയിൽ ലഘുലേഖകൾ വിതരണം ചെയ്യുന്നതിനിടെ പിടിക്കപ്പെട്ടു.

1943 ഫെബ്രുവരി 22-ന് സഹോദരൻ ഹാൻസിനും ക്രിസ്റ്റോഫ് പ്രോബ്സ്റ്റിനുമൊപ്പം സോഫി ഷോൾ, ഗില്ലറ്റിൻ ഉപയോഗിച്ച് വധിക്കപ്പെട്ടു. ഇന്ന് സോഫി ഷോൾ ജർമ്മനിയിലെ പൗരധൈര്യത്തിന്റെയും നാസിവിരുദ്ധ പ്രതിരോധത്തിന്റെയും ഏറ്റവും പ്രശസ്തമായ പ്രതീകങ്ങളിലൊന്നാണ്.

ചരിത്രത്തിൽ ഹിറ്റ്‌ലറിന്റെ സ്ഥാനം എവിടെയാണെന്ന് നമുക്കറിയാം. സോഫി ഷോളിനൊപ്പമായിരിക്കും നാളെ ലോകചരിത്രത്തിൽ ബിൽകീസ് ബാനു അടയാളപ്പെടുത്തപ്പെടുക, നരേന്ദ്ര മോഡി ഹിറ്റ്‌ലറിനൊപ്പവും.

ജവഹർലാൽ നെഹ്‌റു തന്റെ പുസ്തകമായ ഡിസ്‌കവറി ഓഫ് ഇന്ത്യ യിൽ ഇവിടുത്തെ സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരോട്, നിങ്ങളോരോരുത്തരുമാണ് ഭാരതമാതാവ് എന്ന് പറയുന്നുണ്ട്.

അദ്ദേഹത്തിന്റെ ഭാഷ കടമെടുത്താൽ, ഇന്ന് സംഘപരിവാർ വയർ കീറി കൊല്ലുന്നത് ഭാരതമാതാവിനെ തന്നെയാണ്, അവർ വാളിൽ കോർക്കുന്നതാവട്ടെ ഭാരതമാതാവിന്റെ പിറക്കാത്ത കുഞ്ഞിനേയും!

Content Highlight:The Sangh Parivar, which kills even unborn children, and the resilient survivor Bilkis Bano.

അരുൺ എയ്ഞ്ചല

ഫോട്ടോ ജേര്‍ണലിസ്റ്റ്

We use cookies to give you the best possible experience. Learn more