| Tuesday, 29th July 2025, 7:27 pm

ക്രൈസ്തവ ഭവനങ്ങളില്‍ കേക്കും സൗഹാര്‍ദച്ചിരിയുമായി കയറിയിറങ്ങുന്ന കൂട്ടര്‍ തന്നെയാണ് കന്യാസ്ത്രീകളെ വേട്ടയാടുന്നത്: പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കന്യാസ്ത്രീകള്‍ക്കെതിരായ ഛത്തീസ്ഗഢിലെ അതിക്രമം സംഘപരിവാറിന്റെ തനി സ്വഭാവത്തിന്റെ പ്രകടനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ വ്യാജപരാതിയിലാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത് എന്ന് സംശയരഹിതമായി വ്യക്തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ വെച്ച് മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍ വന്ദന എന്നിവരാണ് അറസ്റ്റിലായത്.

നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. കന്യാസ്ത്രീമാരുടെ അറസ്റ്റിനെ തുടര്‍ന്ന് നിരവധി ആളുകള്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

ക്രൈസ്തവ സമൂഹത്തിനെതിരായ സംഘപരിവാര്‍ അതിക്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം കൂടിയാണ് ഈ അറസ്റ്റെന്നും ക്രൈസ്തവ ഭവനങ്ങളിലും അരമനകളിലും കേക്കും സൗഹാര്‍ദച്ചിരിയുമായി കയറിയിറങ്ങുന്ന കൂട്ടര്‍ തന്നെയാണ് മതപരിവര്‍ത്തനവും മനുഷ്യക്കടത്തുമാരോപിച്ച് കന്യാസ്ത്രീകളെ പോലും വേട്ടയാടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘രാജ്യത്തിന്റെ ബഹുസ്വരതയേയും സഹവര്‍ത്തിത്വത്തേയും സംഘപരിവാര്‍ ഭയപ്പെടുന്നു. അതുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണം തുടരെ നടക്കുന്നത്. മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടനെ നീതി ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഉള്‍പ്പെടെ അറസ്റ്റിനെ ന്യായീകരിക്കുകയാണുണ്ടായത്. പിണറായി വിജയന്‍ പറഞ്ഞു.

വിദ്വേഷവും വിഭജന രാഷ്ട്രീയവും പയറ്റി രാജ്യത്തെ മതനിരപേക്ഷതയ്ക്ക് നിരന്തരം പരിക്കേല്‍പ്പിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും ന്യൂനപക്ഷാവകാശങ്ങളിന്മേലും ഭരണഘടന അനുവദിച്ചു നല്‍കുന്ന മൗലികാവകാശങ്ങളിന്മേലുമുള്ള കടന്നുകയറ്റങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കുക തന്നെ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

Content highlight: The same people who enter and leave Christian homes with cakes and friendly smiles are the ones who are hunting nuns: Pinarayi Vijayan

We use cookies to give you the best possible experience. Learn more