| Thursday, 7th May 2026, 2:46 pm

D.Y.F.I ക്കും പാര്‍ട്ടിയെ തിരുത്താന്‍ സാധിച്ചില്ല എന്നതിലാണ് സങ്കടം

താഹ മാടായി

ഇലക്ഷന് തൊട്ടു മുമ്പ് മാതൃഭൂമി ദിനപത്രത്തില്‍ ഈ ലേഖകന്‍ എഴുതിയ കുറിപ്പില്‍, ഒരു വോട്ടര്‍ ഇലക്ഷന്‍കാല യാത്രയ്ക്കിടയില്‍ സൂചിപ്പിച്ചത് ഓര്‍മിപ്പിച്ചിരുന്നു.

മത്സരിക്കുമ്പോള്‍ കൈ കൂപ്പി നില്‍ക്കുകയും ജയിച്ചു കഴിഞ്ഞാല്‍ രാജാവിനെ പോലെ  പെരുമാറുകയും ചെയ്യുന്ന ജനപ്രതിനിധികളെ ജനങ്ങള്‍ക്ക് മടുത്തു…

റിസള്‍ട്ട് വന്നപ്പോള്‍ അത്തരം രാജാക്കന്മാരെ ജനങ്ങള്‍ തിരഞ്ഞു പിടിച്ച് തോല്‍പ്പിച്ചിരിക്കുന്നു. ആ കുറിപ്പ് വീണ്ടും വായിക്കുമ്പോള്‍ ജനങ്ങള്‍ അന്നേ തീരുമാനിച്ചതായിരുന്നു എല്ലാം എന്ന് മനസ്സിലാകുന്നു. എം.ടി യുടെ ഒരു കഥാപാത്രം പറയുന്നത് പോലെ, എല്ലാം നേരത്തേ നിശ്ചയിച്ചതാണ്.

വാസ്തവത്തില്‍ മലയാളികള്‍ വൈകാരികമായി വിങ്ങിപ്പൊട്ടിയ കോവിഡ് / പ്രളയ നാളുകളില്‍ മുഖ്യമന്ത്രി കാണിച്ച രാഷ്ട്രീയ ഉത്തരവാദിത്വങ്ങള്‍ ക്രിയാത്മകവും അനുഭാവ പൂര്‍ണ്ണവുമായിരുന്നു. എന്നാല്‍ , അത് വൈകാരികമായി ചൂഷണം ചെയ്ത് ജനസമ്മിതി നിര്‍മ്മിച്ച് മുന്നേറുകയായിരുന്നു പിന്നീട് ഇടതുപക്ഷം.

ഈ പ്രതീതി നിര്‍മ്മിതിക്ക് പ്രകൃത്യാ പിന്നെ ഒരു തുടര്‍ച്ച വന്നില്ല. വയനാട് ദുരന്തം , കേരളത്തെ മുഴുവന്‍ ഉലച്ചുമില്ല. വയനാടിനെ മുന്‍ നിര്‍ത്തി രക്ഷാകര്‍തൃത്വ പ്രതീതി നിര്‍മ്മിതി വലിയ രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ ഏശിയില്ല. ഒരാള്‍ മാത്രം , ഒരാള്‍ മാത്രം / എന്ന ഈ നരേറ്റീവ് ജനങ്ങള്‍ സ്വീകരിക്കുമോ തിരസ്‌കരിക്കുമോ ? മെയ് നാലിന് കേരളം ആ ഉത്തരം കണ്ടെത്തി . പാര്‍ട്ടി പ്രതീകമായി കണ്ടെത്തിയ ആ ഒരാള്‍ ചമല്‍ക്കാരങ്ങള്‍ മാത്രമാണ്.

പിണറായി വിജയന്‍ Photo: Facebook

‘ഒരാള്‍ മാത്രം’ എന്ന , ഒരേയൊരു രക്ഷകനെ സംബന്ധിക്കുന്ന വാഴ്ത്തു പാട്ടുകള്‍ കോണ്‍ഗ്രസ്സില്‍ ഇല്ല. നിര്‍ലജ്ജമായ അധികാര മോഹമാണ് പുറത്തു വരുന്നത് എങ്കിലും , ജനാധിപത്യത്തെ ഫ്‌ലവറിങ് ആക്കുന്ന ഘടകങ്ങള്‍ ആണവ. ഒരാള്‍ കൂട്ടുന്ന കടുപ്പത്തിലൊരു ചായക്കു പകരം , സ്‌ട്രോങ് , മീഡിയം സ്ട്രോങ്ങ് , ചായകള്‍. ജനാധിപത്യത്തിന്റെ ചായക്കട ചര്‍ച്ചകളാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത്.

കാലിക്കടവിലെ ചായക്കടയില്‍ ഇരുന്ന് ഒരാള്‍ പറഞ്ഞു: ‘പാര്‍ട്ടിയുടെ ഉറച്ച കോട്ടകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ജയിക്കും എന്നുറപ്പാണ്. അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന ചിഹ്നം മനസ്സില്‍ പതിഞ്ഞ തലമുറയുടെ വോട്ട്’.

ആ പ്രവചനം പോലും ഫലിച്ചില്ല.

ചിഹ്നം നോക്കി വോട്ട് അടയാളപ്പെടുത്തിയ ഒരു വംശാവലിയുടെ അവസാന തെരഞ്ഞെടുപ്പ് കാലങ്ങളാണ് കടന്നു പോയത്. എന്റെ നാട്ടിലെ മറിയാമ്മ വല്യമ്മക്ക് കോണ്‍ഗ്രസ്സിനോട് ഉള്ള കൂറ് സ്വന്തം കൈയോടുള്ള കൂറ് മാത്രമാണ്. ‘തിന്നാന്‍ കര്‍ത്താവ് തന്ന കൈയല്ലേ മോനെ, എനിക്കതു മതി’.

എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡ്

എന്റെ നാട്ടിലെ ഒരു കോണ്‍ഗ്രസ്സ് ചെറുപ്പക്കാരന്‍ ഇടതുപക്ഷത്തേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂറു മാറി. ഒരു തെരഞ്ഞെടുപ്പ് കാലമായിരുന്നു , അത്. ചിഹ്നവും പേരും ചുവരെഴുത്തായി പ്രത്യക്ഷപ്പെടുന്ന കാലം. രാത്രി കരീംക്കാന്റെ ചായപ്പീടിക ചുവരില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം വരക്കുമ്പോള്‍ അവനു തലകറക്കം വന്നു. അവന്‍ കൈയടയാള രാഷ്ട്രീയത്തിലേക്ക് തിരിച്ചു പോയി.

അതെ ,ചിഹ്നം മനസ്സില്‍ പതിഞ്ഞ വംശാവലി.

എന്നാല്‍, പേരും മുഖവും നോക്കി വോട്ട് ചെയ്യുന്ന ഒരു തലമുറ വരികയാണ്. വംശാനന്തര തലമുറ. അവര്‍ക്കു മുന്നില്‍ അനേകം മുഖങ്ങള്‍ വേണം. സിനിമയില്‍ തന്നെ , നമുക്കപരിചിതമായ എത്രയോ താരങ്ങളുടെ സിനിമകള്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ അവര്‍ വിജയിപ്പിക്കുന്നു

ഇനിയാണ് ചോദ്യം:

സി.പി.ഐ.എമ്മിലെ രണ്ടാംനിര ആരാണ് ? ഗ്യാലറിയില്‍ കാണികളുണ്ട്. കളിക്കാരെവിടെ?

കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല Photo: മനോരമ

കോണ്‍ഗ്രസ്സില്‍ കളി തുടങ്ങി. ജനങ്ങള്‍ക്ക് അത് കാണാന്‍ ഇഷ്ടവുമാണ്. അധികാര തര്‍ക്കങ്ങള്‍ ജനാധിപത്യത്തിന്റെ ചാലകശക്തിയാണ് . നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെ ഈ പല മുഖങ്ങള്‍ പ്രതിഫലിപ്പിക്കുന്നുമുണ്ട്.

ഒരര്‍ത്ഥത്തില്‍ , കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കുന്ന ഒരേയൊരു ബദല്‍ ഏക വ്യക്തി രക്ഷാകര്‍തൃത്വ മോഡലുകള്‍ എടുത്തു മാറ്റുന്നു എന്നതാണ്. ഒരു തരം കിണ്ണാങ്കൃതി ആയി നമുക്ക് തോന്നും. ‘നീ മാത്രം അങ്ങനെ വല്യ ആളാവണ്ട’ എന്ന ധ്വനി അതിലുണ്ട്.

ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. മനോഹരമായി പെരുമാറുന്നത് ഒരു രാഷ്ട്രീയ കലയാണ്. ഡി.വൈ.എഫ്.ഐക്കും പിണറായിയെ/ പാര്‍ട്ടിയെ തിരുത്താന്‍ സാധിച്ചില്ല എന്നതിലാണ് സങ്കടം.

Content Highlight: The sadness lies in the fact that even the DYFI could not correct the Party

താഹ മാടായി

എഴുത്തുകാരന്‍

Latest Stories

We use cookies to give you the best possible experience. Learn more