| Tuesday, 10th March 2026, 10:23 pm

'രാഹുല്‍ ഗാന്ധി പറയുന്ന സത്യങ്ങള്‍ ഭരണപക്ഷത്തിന് ദഹിക്കുന്നില്ല' ലോക്‌സഭയില്‍ പ്രിയങ്ക ഗാന്ധി

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന് മുന്നില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തല കുനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. സഭയില്‍ രാഹുല്‍ ചൂണ്ടിക്കാട്ടുന്ന സത്യങ്ങള്‍ ഭരണപക്ഷത്തിന് ദഹിക്കുന്നില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

സഭാ സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച പാര്‍ലമെന്റ് കാര്യമന്ത്രി കിരണ്‍ റിജിജുവിന് മറുപടി നല്‍കുകയായിരുന്നു പ്രിയങ്ക ഗാന്ധി.

തന്റെ പെരുമാറ്റങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തുന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്നും പ്രിയങ്ക പറഞ്ഞു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് റിജിജു രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചത്.

‘പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ച്, ശേഷം തന്റെ ചെയറിലിരുന്ന് മറ്റു എം.പിമാരെ നോക്കി കണ്ണിറുക്കുന്ന ഒരു നേതാവിനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല,’ എന്നായിരുന്ന റിജിജുവിന്റെ പരാമര്‍ശം. 2018ല്‍ ഉണ്ടായ സംഭവത്തെ മുന്‍നിര്‍ത്തിയായിരുന്നു കേന്ദ്ര മന്ത്രിയുടെ വിമര്‍ശനം.

രാഹുല്‍ ഗാന്ധിയെ സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് എം.പി ഗൗരവ് ഗംഗോയ്‌യ്ക്കും റിജുജു മറുപടി നല്‍കി. രേഖകള്‍ അനുസരിച്ച്, പ്രതിപക്ഷത്തെ സംസാരിക്കുന്നതില്‍ നിന്നും ഏറ്റവും കൂടുതല്‍ തടസപ്പെടുത്തിയത് കിരണ്‍ റിജിജുവാണെന്നും ഗംഗോയ് ചൂണ്ടിക്കാട്ടിയിരുന്നു.

സഭയില്‍ താന്‍ സ്പീക്കറേക്കാള്‍ മുകളിലാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിന് മരുന്നില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ (ബുധന്‍) മറുപടി സംസാരിക്കും.

മുന്‍ ഇന്ത്യന്‍ ആര്‍മി മേധാവി ജനറല്‍ എം.എം. നരവാനെയുടെ ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’ എന്ന ഓര്‍മക്കുറിപ്പിലെ ഭാഗങ്ങള്‍ സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ ഓം ബിര്‍ള വിമര്‍ശിക്കുകയും സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തത്.

പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ വിവരങ്ങളാണ് സഭയില്‍ അവതരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തടസപ്പെടുത്തിയത്.

Content Highlight: ‘The ruling party does not accept the truths that Rahul Gandhi tells’, says Priyanka Gandhi in Loksabha

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more