| Tuesday, 12th August 2025, 5:49 pm

ഇന്ത്യന്‍ മുതലാളിത്തത്തിന്റെ Laissez-faire

അഖില്‍ കുന്നത്ത്

വര്‍ത്തമാന ഇന്ത്യയിലെ മുതലാളിത്ത വ്യവസ്ഥിതിയെ നിര്‍വ്വചിക്കുന്നതിനും വിമര്‍ശിക്കുന്നതിനും അടിസ്ഥാനപരമായി കൈവരിക്കേണ്ടത് അതിന്റെ ചരിത്രപരമായ വളര്‍ച്ചയെക്കുറിച്ചുള്ള പരിജ്ഞാനമാണ്. ഇവിടെ ഇന്ത്യ എന്ന രാഷ്ട്രീയ യൂണിറ്റിന്റെ സ്ഥാപനത്തെയും, അതിലേക്കു നയിച്ച ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രത്തേയും പരിശോധിക്കേണ്ടതുണ്ട്.

ദേശീയപ്രസ്ഥാനത്തിന്റെ പരിപൂര്‍ണതയെന്നത് വിവിധങ്ങളായ സാമുദായിക, വര്‍ഗ്ഗ-ബഹുജന സംഘടനകളുടെ കുത്തൊഴുക്കും ഇതിന്റെയെല്ലാം ആകെ തുകയായിട്ടുള്ള ബ്രിട്ടിഷ് വിരുദ്ധതയുമാണ്.

ദേശീയ പ്രസ്ഥാനത്തിന്റെ ഗതിയും വിധിയും നിര്‍ണ്ണയിക്കുന്നതില്‍ ഇന്ത്യന്‍ മുതലാളിത്ത സമൂഹത്തിന്റെ ഇടപെടല്‍ പ്രധാനപ്പെട്ടതാണ്. എന്നാലിത് തീര്‍ത്തും വര്‍ഗ്ഗതാത്പര്യങ്ങളിലധിഷ്ഠിതമായിരുന്നുവെന്നത് തുറന്നു സമ്മതിക്കേണ്ട കാര്യംകൂടിയാണ്.

ഇന്ത്യന്‍ മുതലാളിത്തത്തിന്റെ ഉദയം

ഇന്ത്യന്‍ മുതലാളിത്തം ബ്രിട്ടീഷ് കോളനിവാഴ്ചയുടെ ഉപോത്പന്നമാണെന്നു പറഞ്ഞാല്‍ തെറ്റാവില്ല. അതേസമയം, ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥിതിയോട് പരമ്പരാഗതമായിത്തന്നെ ഇഴ ചേര്‍ന്നുകൊണ്ടാണ് അത് ഉദയം കൊണ്ടത്.

കൊളോണിയലിസത്തോട് മത്സരിക്കാന്‍ വേണ്ടി ദേശീയതയെ ഒരു ജനകീയ ആയുധമാക്കി മാറ്റിയതും ഇതേ വ്യാവസായിക മുതലാളിത്തമാണ്. മറ്റു പല മൂന്നാം ലോക ഏഷ്യന്‍ രാഷ്ട്രങ്ങളേയും പോലെത്തന്നെ മുതലാളിത്ത-ജനാധിപത്യത്തിനു കീഴില്‍ ഇന്ത്യയും പരമാധികാരത്തിലേക്ക് (osvereignty) നയിക്കപ്പെട്ടു.

ഇവിടെ പരമാധികാരമെന്നത് മുതലാളിത്തത്തിന് ഇന്ത്യയുടെ പൊതു സമ്പത്തിനും വിഭവങ്ങള്‍ക്കും മേലുള്ള പരമാധികാരം കൂടിയാണ്[ Oliver C. Cox, Capitalism as a system, Monthly review press, New York, 1964,p.27].

സമ്പത്തിന്റെ വിതരണവും ഉത്പാദന ബന്ധങ്ങളുമെല്ലാം നിര്‍വ്വചിക്കാനുള്ള പരിപൂര്‍ണ്ണാധികാരം മുതലാളിത്തത്തിനു ലഭിക്കുകയും, അതൊരു സാധാരണ രീതിയായി തുടരുകയും ചെയ്യുന്നു.

പരമ്പരാഗതമായിത്തന്നെ സ്വദേശത്തും വിദേശത്തും പണമിടപാടുകള്‍ നടത്തിയിരുന്ന കച്ചവടക്കാരായ മാര്‍വാര്‍, ഗുജറാത്തി പോലുള്ള വിഭാഗങ്ങള്‍ ഒന്നാം ലോകമഹായുദ്ധത്തോടനുബന്ധിച്ചുണ്ടായ പുതിയ സാമ്പത്തിക സ്വരൂപത്തിനകത്ത് ‘നിക്ഷേപകരായി’ മാറിയത് ഇന്ത്യന്‍ മുതലാളിത്ത ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരേടാണ്.

അന്നത്തെ പ്രധാനപ്പെട്ട രണ്ട് സാമ്പത്തിക ബന്ധങ്ങളെ ഇവിടെ എടുത്തു പറയേണ്ടതുണ്ട്;
കൊളോണിയല്‍ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരും ഉത്പാദകരും ബ്രിട്ടീഷ് ഗവര്‍ണ്‍മെന്റാണെന്നിരിക്കെത്തന്നെ, ഈ മൂലധനത്തോട് ഇണങ്ങിയും പിരിഞ്ഞുമാണ് തദ്ദേശീയ പണമിടപാടു സംഘങ്ങള്‍ നിക്ഷേപ മുതലാളിമാരായി വളരുന്നത്.

ഇന്ത്യയിലെ തദ്ദേശിയ വ്യവസായികള്‍ ഒരു സംഘടിത മുതലാളിത്ത ശക്തിയായി വളരുന്നത് ഒന്നാം ലോകമഹായുദ്ധത്തോടു കൂടിയാണ്.

ഇന്ത്യന്‍ ഫ്യൂഡലിസവും അതിന്റെ വ്യക്തിരൂപങ്ങളായ ഭൂപ്രഭുക്കന്‍മാരും ഭൂമിയധിഷ്ഠിത മൂലധനം കൈയ്യാളുന്നവരായിരിക്കത്തന്നെയാണ് ബ്രിട്ടീഷ്-ഇന്ത്യന്‍ ഗവര്‍ണ്‍മെന്റ് ഭൂമിയെ ഒരു വില്‍പനച്ചരക്കാക്കി മാറ്റിയത്.

മേല്‍ പറഞ്ഞ രണ്ട് ചലനങ്ങളും ഭൂപ്രഭുക്കന്‍മാരും വ്യവസായിക നിക്ഷേപകരും തമ്മിലുള്ള ക്രയവിക്രയങ്ങളിലേക്ക് വഴിതെളിച്ചു. ഇതോടൊപ്പം തന്നെ ഇന്ത്യന്‍ ഭൂപ്രഭുക്കന്‍മാര്‍ കൊളോണിയല്‍ അധികാര വ്യവസ്ഥയുമായും ബന്ധിപ്പിക്കപ്പെടുന്നുണ്ട്.

1851ല്‍ ഇന്ത്യന്‍ ഭൂപ്രഭുക്കന്‍മാരുടെ മുന്‍ തൂക്കത്തില്‍ ബ്രിട്ടീഷ് ഇന്ത്യന്‍ അസോസിയേഷന്‍ സ്ഥാപിക്കപ്പെടുകയും, ഒരു സ്വയം സേവന സംഘടനയായിരിക്കത്തന്നെ 1861ലെ ഇന്ത്യന്‍ കൗണ്‍സില്‍ ആക്ട് പ്രകാരം ഇതിന് നിയമനിര്‍മാണസഭയില്‍ പരിമിതമായ പങ്കാളിത്തം നേടിയെടുക്കുകയും ചെയ്തു.

വൈദേശിക മൂലധനവും, ശൈശവാവസ്ഥയിലുള്ള ഇന്ത്യന്‍ മുതലാളിത്തവും തമ്മിലുള്ള ഇണ ചേരലിന്റെ ആദ്യ സൂചനകളിലൊന്നായി ഇതിനെ കാണുന്നവരുണ്ട് [ SR Mehrotra, The emergence of the Indian National Congress, Vikas, Delhi, 1971, p.61].

ഇന്ത്യയിലെ തദ്ദേശിയ വ്യവസായികള്‍ ഒരു സംഘടിത മുതലാളിത്ത ശക്തിയായി വളരുന്നത് ഒന്നാം ലോകമഹായുദ്ധത്തോടു കൂടിയാണ്. ഈ സാഹചര്യത്തിലുണ്ടായ വ്യവസായിക ആവശ്യങ്ങളും അതുമായി ബന്ധപ്പെട്ട കൊളോണിയല്‍ സാമ്പത്തിക നയങ്ങളും ഇന്ത്യന്‍ മുതലാളിത്തത്തിന്റെ വളര്‍ച്ചയില്‍ പ്രകടമാണ്.

ഒന്നാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥക്കും അതിന്റെ കമ്പോളത്തിനും നേരിടേണ്ടി വന്ന വെല്ലുവിളികള്‍ മറികടക്കാന്‍ ഇറക്കുമതി വസ്തുക്കളില്‍ നല്‍കിയ സംരക്ഷണ താരിഫ് ആണ് ഇന്ത്യന്‍ മുതലാളിത്ത വര്‍ഗ്ഗത്തിന് ഉദയം നല്‍കിയതെന്ന് ശേഖര്‍ ബന്ദോപാധ്യായ് അഭിപ്രായപ്പെടുന്നുണ്ട്[ Sekhar Bandyopadhyay, From Plassey to Partition and After: A history of modern India, 2nd edition,Orient BlackSwan,Hyderabad,2022,p.313].

ഈയവസരത്തില്‍ ബ്രിട്ടീഷ് സാമ്പത്തിക നയങ്ങളില്‍ വീര്‍പ്പുമുട്ടിയ ഇന്ത്യയിലെ ചെറുകിട കച്ചവട മേഖലക്കും തദ്ദേശീയരുടെ വളരേ ശോഷിച്ചതെങ്കിലും, നിലനില്‍ക്കുന്ന വാങ്ങല്‍ ശേഷിക്കുമിടയില്‍ ഇന്ത്യന്‍ മുതലാളിത്തം സ്വന്തം മാര്‍ക്കറ്റ് കണ്ടെത്തിയെന്നതാണ് യാഥാര്‍ഥ്യം.

കോണ്‍ഗ്രസിനകത്ത് ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന വ്യാവസായിക മുതലാളിമാരുടെ സ്വാധീനം ഇതില്‍ പ്രകടമാണ്.

ഇന്ത്യന്‍ തൊഴിലാളികള്‍ വര്‍ഗ്ഗബോധത്തിലൂന്നിയ സാമൂഹികശക്തിയായി വളരുന്നതിനു മുന്‍പേ തന്നെ ഇന്ത്യന്‍ മുതലാളിത്തം വിപണിയിലും തൊഴില്‍ ബന്ധങ്ങളിലും പിടിമുറുക്കിയിരുന്നു. 1920കളോടുകൂടിത്തന്നെ ഇന്ത്യന്‍ മുതലാളിത്തവും യൂറോപ്യന്‍ മുതലാളിത്തവും തമ്മില്‍ പരോക്ഷമായ കിടമത്സരം തുടങ്ങിയിരുന്നുവെന്നത് ശ്രദ്ധിക്കപ്പെട്ടേണ്ട കാര്യമാണ്. ഇതിനു മധ്യവര്‍ത്തിയായി നിന്നത് ബ്രിട്ടീഷ് കൊളോണിയലിസമാണുതാനും. ഈ മത്സരം തന്നെയാണ് ഇന്ത്യയിലെ മൂലധന ബന്ധങ്ങള്‍ക്ക് ശക്തി പകര്‍ന്നതും.

ഒന്നാം ലോകയുദ്ധം നിര്‍മ്മിച്ചെടുത്ത കമ്പോള സാധ്യതകളും വ്യാവസായിക ആവശ്യങ്ങളും യൂറോപ്യന്‍ വ്യവസായികളില്‍ താത്കാലികമായെങ്കിലും സംഘടിതബോധം നിര്‍മ്മിച്ചെടുത്തിരുന്നു. 1921ല്‍ യൂറോപ്യന്‍ വ്യാപാരികളും വ്യവസായികളും ചേര്‍ന്ന് അവരുടെ സംഘടനയായ അസോസിയേറ്റഡ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് (ASSOCHAM) സ്ഥാപിക്കുകയും, വ്യാപാര ബന്ധങ്ങളില്‍ ഇതുണ്ടാക്കിയ സമ്മര്‍ദ്ദം കാരണം, മറുവശത്ത് ഇന്ത്യന്‍ ബൂര്‍ഷ്വാകള്‍ക്കിടയിലും സമാന സംഘടിത നീക്കങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്.

പുരുഷോത്തം ദാസ് ഠാക്കൂര്‍ദാസ്

ഇതിന്റെ പ്രതിഫലമെന്നോണം സാമുദായികപരമായ വൈരുദ്ധ്യങ്ങള്‍ക്കിടയിലും ഇന്ത്യന്‍ മുതലാളിത്തം സംഘടിക്കപ്പെടുന്നുണ്ട്. 1927ല്‍ ഇന്ത്യന്‍ വ്യവസായികള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (FICCI) രൂപീകരിക്കുകയും ഇതിന്റെ അധികാര സ്ഥാനങ്ങളിലേക്ക് പുരുഷോത്തം ദാസ് ഠാക്കൂര്‍ദാസിനെ പോലുള്ള ഒന്നാം തലമുറ ഇന്ത്യന്‍ വ്യവസായികള്‍ എത്തിചേര്‍ന്നതും ഇന്ത്യന്‍ മുതലാളിത്തത്തിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലാണ്.

ഗ്ലോബല്‍ ക്യാപിറ്റലിസവും ഇന്ത്യന്‍ വ്യവസായിക മുതലാളിത്തവും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടര്‍ന്നും പ്രകടമാണ്. 1930ല്‍ കോട്ടന്‍ സംരക്ഷണ നിയമം (Cotton protection Act of 1930) പാസാക്കപ്പെട്ടു. എന്നാലിത് കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി ബ്രിട്ടീഷ് കച്ചവടക്കാര്‍ക്ക് നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ച് ബിര്‍ള , ഠാക്കൂര്‍ദാസ് തുടങ്ങിയവര്‍ നിയമ നിര്‍മ്മാണ സഭയില്‍ നിന്നും രാജിവെച്ചതും ചരിത്രമാണ്.

മുതലാളിത്തം ദേശീയപ്രസ്ഥാനത്തില്‍

ഇന്ത്യന്‍ മുതലാളിത്തവും ദേശീയപ്രസ്ഥാനവും തമ്മിലുള്ള ബന്ധവും മേല്‍ പറഞ്ഞതുപോലെ കലുഷിതമാണ്. മുതലാളിത്തത്തിന്റെ ആത്യന്തിക ലക്ഷ്യം ഇന്ത്യന്‍ മൂലധനത്തിനുമേലുള്ള കുത്തകയാണ്. സ്വാതന്ത്രാനന്തര ഇന്ത്യയിലും ബോംബേ പ്ലാനിങ്ങിലൂടെ ഈ താത്പര്യങ്ങള്‍ക്ക് തുടര്‍ച്ച ലഭിച്ചുവെന്നത് യാഥാര്‍ഥ്യമാണ്.

ഇന്ത്യന്‍ വ്യവസായികളെ സംബന്ധിച്ച് ദേശീയ പ്രസ്ഥാനത്തോടും ‘സ്വരാജ്’ നോടും എപ്പോഴൊക്കെ ഐക്യപ്പെടണമെന്നും എതിര്‍ക്കണമെന്നുമൊക്കെയുള്ള തീരുമാനങ്ങള്‍ കച്ചവടശക്തികളുടെ ഗതിയെ ആശ്രയിച്ചു കൂടിയുള്ളതായിരുന്നു.

അക്കാലത്ത് ദേശീയ പ്രസ്ഥാനത്തിലെ വലിയൊരു ചാലകശക്തിയായിരുന്ന ഇടതുപക്ഷ-വിപ്ലവ പ്രസ്ഥാനങ്ങളോട് ആശയപരമായോ പ്രായോഗികമായോ വ്യാവസായിക മുതലാളിത്തത്തിന് യോജിക്കാന്‍ കഴിയില്ലായിരുന്നു.

ഇന്ത്യന്‍ ഇടതുപക്ഷമാകട്ടെ റഷ്യന്‍ വിപ്ലവത്തിന്റെ സ്വാധീനഫലമായി കടുത്ത മുതലാളിത്ത വിരുദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ പ്രബല വിഭാഗമായിരുന്ന മിതവാദികള്‍ മുതലാളിത്ത പ്രവണതകളോട് അനുനയം പ്രകടിപ്പിക്കുകയും, ഇത് കോണ്‍ഗ്രസും വ്യാവസായിക മുതലാളിത്തവും തമ്മിലുള്ള ഉള്‍ച്ചേര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്തു.

ദേശീയപ്രസ്ഥാനത്തിലെ ഗാന്ധിയന്‍ ഇടപെടലും ഇതോടൊപ്പാം എടുത്തു പറയേണ്ടതുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനകത്ത് പരസ്പരം പോരടിച്ചിരുന്ന മിതവാദികളെയും (Moderates) തീവ്രവാദികളെയും(Extremists) ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഗാന്ധിക്ക് കഴിഞ്ഞു.

മഹാത്മാ ഗാന്ധി

ഗാന്ധിയുടെ അഹിംസാവാദം പൊതുവില്‍ ഇടതുപക്ഷത്തിന്റെ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് ബദലായി തുടങ്ങിയിരുന്നു. മാത്രവുമല്ല കോണ്‍ഗ്രസിനെ ഒരു മുതലാളിത്ത വിരുദ്ധ ചേരിയാവാതെ സംരക്ഷിക്കാന്‍ ഗാന്ധിയന്‍ മാര്‍ഗ്ഗങ്ങള്‍ക്ക് കഴിയുമെന്ന തിരിച്ചറിവ് കൂടിയാണ് വ്യാവസായിക മുതലാളിമാരെ പലപ്പോഴും ഗാന്ധിയന്‍ ആശയങ്ങളിലേക്കടുപ്പിച്ചത്.

ഇങ്ങിനെയൊക്കെയാണെങ്കിലും ഗാന്ധിയുടെ നിസ്സഹകരണപ്രസ്ഥാനം പോലുള്ള പദ്ധതികളോട് ഇന്ത്യന്‍ മുതലാളിത്തം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. വിദേശ വസ്ത്ര വര്‍ജനം പോലുള്ള ഗാന്ധിയന്‍ മാര്‍ഗ്ഗങ്ങളോടും ഇന്ത്യന്‍ വ്യവസായികള്‍ പലപ്പോഴായി വിമുഖത പ്രകടിപ്പിച്ചു.

ഈ സാഹചര്യത്തില്‍ തന്നെയാണ് ബോംബേയില്‍വെച്ച് ഗാന്ധിയന്‍ നീക്കങ്ങള്‍ക്ക് തടയിടാന്‍ ആന്റി-നോണ്‍ കോ ഓപ്പറേഷന്‍ സൊസൈറ്റി (Anti- NoN Cooperation Society) സ്ഥാപിക്കപ്പെടുകയും, ഇതിന് പുരുഷോത്തം ദാസ് ഠാക്കൂര്‍ ദാസിന്റെയും ആര്‍.ഡി. ടാറ്റയുടെയുമെല്ലാം സാമ്പത്തിക പിന്തുണ ലഭിക്കുകയും ചെയ്യുന്നത്[ Ibd,p.361].

ജെ.ആര്‍.ഡി ടാറ്റ

നിസ്സഹകരണപ്രസ്ഥാനവും വിദേശ ഉത്പന്ന വര്‍ജനവും ഇറക്കുമതിയില്‍ വലിയ ആഘാധങ്ങളുണ്ടാക്കുകയും കൊളോണിയല്‍ ഗവര്‍ണ്‍മെന്റിനുണ്ടായതിന്റെ സമാന വെല്ലുവിളികള്‍ ഇന്ത്യന്‍ മുതലാളിത്തത്തിനു വരുത്തി തീര്‍ക്കുകയും ചെയ്തു.

ഇത്തരം സാമ്പത്തിക പ്രശ്‌നങ്ങളാണ് ദേശീയപ്രസ്ഥാനത്തിനെതിരായ നയ പരിപാടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ വ്യവസായികളെ നിര്‍ബന്ധിച്ചത്. എന്നിരിക്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വലതുവത്ക്കരിക്കുന്നതിനും മൂലധന താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതിനും ഏറ്റവും അനുയോജ്യമായ ആയുധങ്ങളാണ് ഗാന്ധിയും കോണ്‍ഗ്രസുമെന്ന കാര്യത്തില്‍ ഇന്ത്യന്‍ മുതലാളിത്തത്തിന് പൂര്‍ണ ബോധ്യമുണ്ടായിരുന്നു.

1937 ലെ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയം വ്യാവസായിക മൂലധനത്തിന്റെ പിന്തുണയിലുളളതായിരുന്നു. 1937 നു ശേഷം കോണ്‍ഗ്രസിന്റെ നയങ്ങളില്‍ വന്ന മാറ്റം ഇതിനു തെളിവാണ്. ഇതിന്റെ പിന്‍ബലത്തില്‍ 1938ല്‍ കോണ്‍ഗ്രസ് മന്ത്രിസഭ പാസാക്കിയ ബോംബേ ട്രേഡ് ഡിസ്പ്യൂട്ട്‌സ് ആക്ട് (Bombay Trade Disputes Act of 1938) തൊഴിലാളി സമരങ്ങളും പണിമുടക്കുകളും നിരോധിക്കുന്നതിന് കാരണമായി.

കോണ്‍ഗ്രസിനകത്ത് ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന വ്യാവസായിക മുതലാളിമാരുടെ സ്വാധീനം ഇതില്‍ പ്രകടമാണ്. വ്യാവസായിക മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന ഇടതുപക്ഷ ട്രേഡ് യൂണിയന്‍ സംഘടനകളെ തകര്‍ക്കുകയെന്ന ലക്ഷ്യം ഇവിടെ നിയമപരമായി സ്ഥാപിക്കപ്പെടുകയും ചെയ്തു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളില്‍ പോലും ഇത്തരം താല്‍പര്യങ്ങള്‍ പ്രകടമാണ്. ആദിത്യ മുഖര്‍ജി അഭിപ്രായപ്പെടുന്നത് പോലെ; ഇടതു പക്ഷത്തോടും സംഘടിത തൊഴില്‍ ശക്തികളോടുമെല്ലാം ഭയം പുലര്‍ത്തിയിരുന്ന ഇന്ത്യന്‍ മുതലാളിത്തം കോളനി വാഴ്ച്ചയെ നേരിട്ട് അംഗീകരിക്കുകയല്ല ചെയ്തത്, മറിച്ച് , ഇന്ത്യന്‍ വ്യാവസായിക മുതലാളിത്തത്തെയും അതിന്റെ താത്പര്യങ്ങളെയും സ്ഥാപനവത്കരിക്കുന്നതിന്, കോണ്‍ഗ്രസിനെയും അതിന്റെ സംഘാനാ ശേഷിയെയും ശാക്തീകരിക്കുകയും തത്ഫലമായി സ്വാതന്ത്ര്യാനന്തരം മുതലാളിത്ത താല്‍പര്യങ്ങളെ ഭരണഘടനാപരമായി തന്നെ നിലനിര്‍ത്തുകയും ചെയ്തു [ S.Battacharya, R.Thapar, edited, Situating Indian history for Sarvepalli Gopal, Oxford University Press, Delhi, 1986, p.263].

മേല്‍പറഞ്ഞതു പോലെ തന്നെ സ്വതന്ത്ര്യാനന്തര ഇന്ത്യയുടെ സാമ്പത്തിക പദ്ധതി മുതലാളിത്ത താല്‍പര്യങ്ങള്‍ക്കനുകൂലമായിരുന്നു. ഇതിന് ഭരണഘടനാ സാധുത വരുത്തിയെടുക്കാനുള്ള ഇടപെടലുകളും മുതലാളിത്തം നടത്തുകയും ചെയ്തു.

1944 ലെ ബോംബേ പദ്ധതി( Bombay Plan) ഇതിനൊരു ഉത്തമ ഉദാഹരണമാണ്. സ്വകാര്യ സ്വത്ത് സ്ഥാപിച്ചെടുക്കുക, അത് ചോദ്യം ചെയ്യപ്പെടാതെ നിലനിര്‍ത്തുക, സോഷ്യലിസ്റ്റ് വ്യവസ്ഥയിലധിഷ്ഠിതമായ ഭൂപരിഷ്‌കരണനിയമങ്ങള്‍ ഒരിക്കലും നടത്താതിരിക്കുക എന്നിവയെല്ലാം ബോംബേ പ്ലാനിന്റെ ലക്ഷ്യങ്ങളായിരുന്നു. ഇത് ഇന്ത്യയിലെ പരമ്പരാഗത മുതലാളിത്ത കുത്തകകള്‍ക്കും അവരുടെ ബൂര്‍ഷ്വാ-വ്യാവസായിക വിപ്ലവത്തിനും വഴിതെളിച്ചു [ Vijay Prashad, No Free Left; The future of Indian Communism, Leftward books, New Delhi, 2015, p.32].

ജവഹര്‍ലാല്‍ നെഹ്‌റു

ഇവിടെ നെഹ്‌റൂവിയന്‍ ഇടതുപക്ഷ ആശയങ്ങളെയും വളരെ ഫലപ്രദമായി വിഴുങ്ങുവാന്‍ മുതലാളിത്തത്തിന് കഴിഞ്ഞുവെന്നത് പ്രധാനപ്പെട്ട കാര്യമാണ്. രണ്ടാം ലോകയുദ്ധത്തിനു ശേഷം നെഹ്‌റുവിന്റെ കീഴില്‍ സോവിയറ്റ് യൂണിയനോട് അടുപ്പം കാണിച്ച ഇന്ത്യ പക്ഷേ, ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ വിജയകരമായ പദ്ധതികളെല്ലാമുപയോഗിച്ച് മുതലാളിത്തത്തെ ശക്തിപ്പെടുത്തുകയാണുണ്ടായത് [ Maurice Dobb, Capitalism yesterday and today, Monthly review press, New York, 1962,p.79]. സോഷ്യലിസ്റ്റ് ‘ലേബലില്‍’ നെഹ്‌റൂവിയന്‍ പദ്ധതികള്‍ മുന്നേറിയപ്പോഴും ഇന്ത്യന്‍ മൂലധനത്തിനു മേലുള്ള മുതലാളിത്ത കുത്തകക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലായിരുന്നു.

ഇന്ത്യന്‍ മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ‘പൂര്‍ണ്ണ സ്വരാജ്, സ്വയംഭരണം’ എന്നിവയെല്ലാം മൂലധന സ്വരൂപണത്തിനുള്ള വഴികളായിരുന്നു. ഭരണഘടനാ-ജനാധിപത്യമാകട്ടെ സമ്പത്തിനുമേലുള്ള പൊതുവായ കുത്തകാവകാശം മുതലാളിത്തത്തിനു നല്‍കിക്കഴിഞ്ഞു.

ഭരണഘടനയെന്ന ഇടനാഴി വഴി ഇന്ത്യയുടെ മൊത്തം മൂലധനവും കൊളോണിയല്‍ ക്രമങ്ങളില്‍ നിന്നും ദേശീയ മുതലാദ്ധിത്തത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു. കൊളോണിയലിസത്തെക്കാള്‍ ശക്തമായ സാംസ്‌കാരികാധിപത്യം എന്തുകൊണ്ടും ഇന്ത്യന്‍ മുതലാളിത്തത്തിന് ഇപ്പോഴിവിടെയുണ്ട്. ഇതാകട്ടെ സാമുദായിക-ജാതി ബന്ധങ്ങളാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ സാംസ്‌കാരികാധിപത്യവും സാമ്പത്തിക ബന്ധങ്ങളും തകര്‍ക്കപ്പെടുന്നതുവരെ മുതലാളിത്തം അതിന്റെ പടയോട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും.

Content Highlight: The rise of Indian capitalism writeup by Akhil Kunnath

അഖില്‍ കുന്നത്ത്

ചരിത്ര സംബന്ധമായ വിഷയങ്ങളിൽ അന്വേഷണം നടത്തുന്നു. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദം. 2023 ലെ 42-ാം ദക്ഷിണേന്ത്യൻ ചരിത്ര കോൺഗ്രസിൽ "Interpriting the theory of self in Buddhist anatta and Marxian dialectics" എന്ന വിഷയത്തിൽ പ്രബന്ധം പ്രസിദ്ധീകരിച്ചു.

We use cookies to give you the best possible experience. Learn more