| Wednesday, 12th December 2018, 12:39 pm

മധ്യപ്രദേശിലെ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; കമല്‍നാഥിന് അഭിനന്ദനങ്ങള്‍; രാജിക്ക് പിന്നാലെ ശിവരാജ് സിങ് ചൗഹാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പി നേരിട്ട തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നെന്ന് ശിവരാജ് സിങ് ചൗഹാന്‍. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“”ഞാന്‍ ഇപ്പോള്‍ സ്വതന്ത്രനായി. രാജിക്കത്ത് ഗവര്‍ണര്‍ക്ക് നല്‍കി കഴിഞ്ഞു. മധ്യപ്രദേശിലെ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. കമല്‍നാഥ് ജിയ്ക്ക് എന്റെ എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുകയാണ്.””- ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

മധ്യപ്രദേശില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെന്നും അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശ വാദം ഉന്നയിക്കാന്‍ കഴിയില്ലെന്നും ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കുകയാണെന്നും ശിവരാജ് സിങ് ചൗഹാന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപിച്ച് ശിവരാജ് സിങ് ചൗഹാന്‍ രംഗത്തെത്തിയത്.


രാജിവെക്കുകയാണെന്ന് ശിവരാജ് സിങ് ചൗഹാന്‍; ഭൂരിപക്ഷം ലഭിച്ചില്ല, സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ലെന്നും വിശദീകരണം


ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കാണും. മധ്യപ്രദേശില്‍ ബി.എസ്.പിയും എസ്.പിയും കോണ്‍ഗ്രസിനെ പിന്തുണച്ചിട്ടുണ്ട്. സ്വതന്ത്രന്മാരുടെ പിന്തുണയും കോണ്‍ഗ്രസിനുണ്ടെന്ന് നേതാക്കള്‍ അവകാശപ്പെട്ടു.

ഇന്ന് വൈകീട്ട് നാല് മണിക്ക് നിയമസഭാകക്ഷി യോഗം ചേരുന്നുണ്ട്. നിയമസഭാകക്ഷി നേതാവിനെ യോഗത്തില്‍ തെരഞ്ഞെടുക്കും. എന്നാല്‍ മുഖ്യമന്ത്രിയെ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.

114 സീറ്റുമായി കോണ്‍ഗ്രസാണ് സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോണ്‍ഗ്രസിന് കേവലഭൂരിപക്ഷം തികയ്ക്കാനായില്ല. 116 സീറ്റാണ് കേവലഭൂരിപക്ഷത്തിനാവശ്യം.

ബി.എസ്.പി രണ്ട് സീറ്റിലും എസ്.പി ഒരുസീറ്റിലും മറ്റുള്ളവര്‍ 4 സീറ്റിലും ജയിച്ചു. ഇവരുടെ പിന്തുണ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 121 പേരുടെ പിന്തുണയാകും. 109 സീറ്റിലാണ് ബി.ജെ.പി വിജയിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more