| Wednesday, 17th September 2025, 9:44 pm

എ.കെ. ആന്റണി പുറത്തുവിടണമെന്ന് പറഞ്ഞ റിപ്പോര്‍ട്ടുകള്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ നിയമസഭ വെബ്‌സൈറ്റിലുള്ളത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി ഇന്ന് പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ച് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട റിപ്പോര്‍ട്ടുകളില്‍ രണ്ടെണ്ണം നിലവില്‍ നിയമസഭ വെബ്‌സൈറ്റില്‍ ലഭ്യമായിട്ടുള്ളത്. ശിവഗിരിയിലെ പൊലീസ് അതിക്രമം സംബന്ധിച്ചതും മാറാട് കലാപം സംബന്ധിച്ചുമുള്ള റിപ്പോര്‍ട്ടുകളാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നിയമസഭ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ശിവഗിരിയിലെ പൊലീസ് നടപടി സംബന്ധിച്ച് കേരള ഹൈക്കോടതിയിലെ മുന്‍ ജഡ്ജ് ജസ്റ്റിസ് വി. ഭാസ്‌കരന്‍ നമ്പ്യാരുടെ അന്വേഷണ റിപ്പോര്‍ട്ടും മാറാട് കലാപം സംബന്ധിച്ച് തോമസ് പി. ജോസഫിന്റെ അന്വേഷണ റിപ്പോര്‍ട്ടുമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നിയമസഭ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ശിവഗിരിയിലെ പൊലീസ് അതിക്രമം സംബന്ധിച്ചും മാറാട് കലാപം സംബന്ധിച്ചുമുള്ള ജൂഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടും മുത്തങ്ങ വെടിവെപ്പ് സംബന്ധിച്ചുള്ള സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവിടണമെന്നാണ് അദ്ദേഹമിന്ന് ആവശ്യപ്പെട്ടത്. ഇതില്‍ മുത്തങ്ങ വെടിവെപ്പ് സംബന്ധിച്ച സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട് 2004 ആഗസ്ത് 16ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതുമാണ്.

മുത്തങ്ങയിലെയും ശിവിഗിരിയിലെയും പൊലീസ് അതിക്രമങ്ങളില്‍ തനിക്ക് തെറ്റ് പറ്റി എന്ന് സമ്മതിക്കുന്നത് കൂടിയായിരുന്നു എ.കെ. ആന്റണി ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനം. ഈ രണ്ട് സംഭവങ്ങളുള്‍പ്പടെ തന്റെ ഭരണകാലത്ത് നടന്ന എല്ലാ പൊലീസ് അതിക്രമങ്ങളും കലാപങ്ങളും സംബന്ധിച്ച് അദ്ദേഹമിന്ന് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

നിയമസഭയില്‍ ആന്റണിയുടെ കാലത്തെ പൊലീസ് അതിക്രമങ്ങളെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്ക് പ്രതിപക്ഷത്ത് നിന്ന് ആരും മറുപടി പറയാത്തതിനാലാണ് അദ്ദേഹത്തിന് വാര്‍ത്താസമ്മേളനം വിളിക്കേണ്ടി വന്നത് എന്നും വ്യാഖ്യാനങ്ങളുണ്ട്.

മുഖ്യമന്ത്രിക്കുള്ള മറുപടി എന്ന നിലയില്‍ വ്യാഖ്യാനിക്കപ്പെട്ട പത്ര സമ്മേളനത്തില്‍ മുഖ്യമന്ത്രി സഭയില്‍ ഉന്നയിക്കാത്ത ശിവഗിരി പൊലീസ് നടപടിയില്‍ കൂടി ആന്റണി ഖേദം പ്രകടിപ്പിച്ചത് ഈ വിഷയങ്ങളിലെല്ലാം തനിക്ക് തെറ്റുപറ്റി എന്ന് ഏറ്റുപറയുന്നതായി വിലയിരുത്തപ്പെടുന്നു.

ഇന്ന് (17-09-2025)വൈകീട്ടായിരുന്നു മുന്‍മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയും രാജ്യത്തെ തന്നെ ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു അദ്ദേഹം ഇത്തരത്തില്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. യു.ഡി.എഫ് ഭരണകാലത്തെ പൊലീസ് അതിക്രമങ്ങളെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയായിരുന്നു വാര്‍ത്താസമ്മേളനത്തിന്റെ ലക്ഷ്യം.

മുത്തങ്ങയിലെ വെടിവെപ്പിലും ശിവഗിരിയിലെ പൊലീസ് നടപടിയിലും തനിക്ക് ഖേദമുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ എ.കെ. ആന്റണി പറഞ്ഞു. കോടതി ഉത്തരവ് നടപ്പിലാക്കാന്‍ വേണ്ടിയാണ് 1995ല്‍ ശിവഗിരിയില്‍ പൊലീസിന് ഇടപെടേണ്ടി വന്നതെന്നും ആന്റണി പറഞ്ഞു.

കേന്ദ്രത്തില്‍ നിന്നുള്ള സമ്മര്‍ദം കാരണമാണ് മുത്തങ്ങയില്‍ വെടിവെപ്പ് നടത്തേണ്ടി വന്നതെന്നും ആന്റണി പറഞ്ഞു. മുത്തങ്ങയില്‍ കുടില്‍കെട്ടിയവര്‍ക്ക് പിന്നില്‍ സമ്മര്‍ദ ശക്തികളുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികളെ മുത്തങ്ങയില്‍ നിന്ന് കുടിയിറക്കിയതിനെ വിമര്‍ശിച്ചവര്‍ പിന്നീട് അധികാരത്തിലെത്തിയപ്പോള്‍ അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്‌തോ എന്നും ആന്റണി ചോദിച്ചു. ആദിവാസികള്‍ക്ക് വേണ്ടി ഏറ്റവും അധികം ഭൂമി നല്‍കിയ തനിക്ക് ആദിവാസികളെ ചുട്ടെരിച്ചവന്‍ എന്ന പഴികേള്‍ക്കേണ്ടി വന്നെന്നും വാര്‍ത്താ സമ്മേളനത്തില്‍ ആന്റണി പറഞ്ഞിരുന്നു.

content highlights:  The reports that A.K. Antony wanted to release were on the assembly website years ago

We use cookies to give you the best possible experience. Learn more