| Saturday, 9th August 2025, 3:35 pm

പ്രതിഫലം ചെറുതായി കൂട്ടി, സിനിമ വരാതായി: രമ്യ സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുട്ടൻ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് രമ്യ സുരേഷ്. ഇപ്പോൾ മലയാളത്തിൽ അധികം സിനിമകൾ ചെയ്യാത്തതിൻ്റെ കാരണം പറയുകയാണ് രമ്യ സുരേഷ്.

‘ഈയിടെയായി മലയാളത്തിൽ സിനിമ വളരെ കുറവാണ്. എന്തുപറ്റിയെന്നറിയില്ല. ഇപ്പോൾ എല്ലാവരും ചെറിയ ബജറ്റിലല്ലേ സിനിമ ചെയ്യുന്നത്. എന്നെക്കാൾ കുറച്ച് പ്രതിഫലം വാങ്ങുന്നവരും പ്രതിഫലം ചോദിക്കാത്തവരുമുണ്ട്. അപ്പോൾ പിന്നെ അവരെ കാസ്റ്റ് ചെയ്യുന്നതാകും നല്ലതെന്ന് അണിയറക്കാർക്ക് തോന്നിക്കാണും,’ രമ്യ പറയുന്നു.

എന്നാൽ താൻ വലിയ പ്രതിഫലമൊന്നുമല്ല ചോദിക്കുന്നതെന്നും വളരെ ചെറിയ പൈസയാണ് ചോദിക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു. അതേസമയം ചോദിച്ച പണം പോലും കൃത്യമായി തന്നില്ലെങ്കിൽ എന്ത് ചെയ്യുമെന്നും നടി ചോദിക്കുന്നു. പ്രതിഫലത്തെക്കുറിച്ച് ആദ്യം വാക്ക് പറയുമെന്നും എന്നാൽ പിന്നീട് അത് മാറുമെന്നും താൻ പിന്നീട് കടുംപിടിത്തം പിടിക്കില്ലെന്നും രമ്യ കൂട്ടിച്ചേർത്തു.

അങ്ങനെ മിസായി പോയ ഒരുപാട് കഥാപാത്രങ്ങളുണ്ടെന്നും സംവിധായകർ പറഞ്ഞിട്ട് നമ്മളെ സമീപിക്കുമെന്നും എന്നാൽ പ്രതിഫലത്തിന്റെ പേരുപറഞ്ഞ് ഒഴിവാക്കുമെന്നും നടി കൂട്ടിച്ചേർത്തു. അവർ സംവിധായകരോട് പറയുന്നത് തനിക്ക് ഡേറ്റില്ല, ബിസിയാണ് എന്നൊക്കെയാണെന്നും രമ്യ പറഞ്ഞു.

‘പ്രൊഡക്ഷൻ കൺട്രോളേഴ്‌സ് തന്നെ അത് പറയാറുണ്ട്. തുടക്കത്തിൽ കൈനിറയെ സിനിമകളുണ്ടായിരുന്നു. പതിയേ പ്രതിഫലം കൂട്ടിയപ്പോൾ സിനിമകൾ കുറഞ്ഞുതുടങ്ങി. അതിലെനിക്ക് സങ്കടമില്ല. ഒരേപോലെയുള്ള വേഷങ്ങൾ ചെയ്യുന്നതിനുപകരം വ്യത്യസ്ത വേഷങ്ങൾക്കായി കാത്തിരിക്കാമല്ലോ,’ അവർ കൂട്ടിച്ചേർത്തു.

ഇതുവരെ തനിക്ക് വന്ന കഥാപാത്രങ്ങളെല്ലാം ഏകദേശം ഒരേപോലെയുള്ളവയാണെന്നും ടൈപ്കാസ്റ്റായിപ്പോകുന്നുവെന്ന് തനിക്ക് തോന്നുന്നുണ്ടെന്നും നടി കൂട്ടിച്ചേർത്തു. സംഘട്ടനം, സൈക്കോ, റൗഡി, കുശുമ്പത്തി, നെഗറ്റീവ് ഷെയ്ഡ്‌സ് എന്നിങ്ങനെയുള്ള വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

കുട്ടൻ പിള്ളയുടെ ശിവരാത്രി എന്ന സിനിമയെക്കുറിച്ചും രമ്യ സുരേഷ് സംസാരിച്ചു.

കുട്ടൻപിള്ളയുടെ ശിവരാത്രിയിൽ ആദ്യംതന്നെ മരണസീനായിരുന്നു ചെയ്തത്. പേടിയായിരുന്നു. ചുറ്റിലും ഒരുപാട് ആളുകൾ. ശ്രിന്ദയുടെ പെർഫോമൻസ് കണ്ടിട്ട് ഞാൻ ഞെട്ടിപ്പോയി. ഈശ്വരാ ഇങ്ങനെയൊക്കെയാണോ ചെയ്യേണ്ടതെന്ന് തോന്നിപ്പോയി. ഇപ്പോഴും എല്ലാ സിനിമയിലും ആദ്യ ഷോട്ട് വെക്കുമ്പോൾ പേടിയാണ്. സത്യൻ അന്തിക്കാട് സാറിന്റെ ‘ഞാൻ പ്രകാശനി‘ലെ കഥാപാത്രം ഹിറ്റായതിന് ശേഷം ഞാൻ തിരിച്ച് ദുബായിലേക്ക് പോയി. ആ സമയത്ത് അവസരങ്ങളൊന്നും വന്നില്ല. അങ്ങനെ 2019ലാണ് നാട്ടിൽ സെറ്റിലാവുന്നത്. ഞാൻ പ്രകാശൻ കഴിഞ്ഞപ്പോൾ ശരിക്കും സിനിമചെയ്യണമെന്ന കൊതി വന്നു. പിന്നീട് ഗൗരവത്തോടെതന്നെയാണ് ഞാൻ സിനിമയെ സമീപിച്ചത്,’ രമ്യ സുരേഷ് പറയുന്നു.

Content Highlight: The remuneration was increased slightly, but the film did not come out says Remya Suresh

We use cookies to give you the best possible experience. Learn more