ഏറെ നിരൂപക പ്രശംസ ഏറ്റു വാങ്ങിയ ചിത്രമാണ് 2004ൽ കമൽ സംവിധാനം ചെയ്ത പെരുമഴക്കാലം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ മീര ജാസ്മിനും കാവ്യാ മാധവനും മത്സരിച്ചഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. എം.ജയചന്ദ്രൻ ഈണം നൽകിയ സിനിമയിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുപാട് സംസ്ഥാന-ദേശീയ അവാർഡുകളും സിനിമ കരസ്ഥമാക്കിയിരുന്നു.
പെരുമഴക്കാലം ചെയ്യുമ്പോൾ അത് തിയേറ്ററിൽ ഹിറ്റാവുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് പറയുകയാണ് സംവിധായകൻ കമൽ. ഷോസ്കേപ്പിന് നല്കിയ അഭിമുഖത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭയങ്കര ഇമോഷണലി ആളുകളെ ഹുക് ചെയ്യുന്ന ഇന്റൻസിറ്റിയുള്ള സിനിമയാണ് പെരുമഴക്കാലം. അതുകൊണ്ട് തിയേറ്ററിലിരുന്ന് പടം കാണുന്നത് പ്രായാസമാണ്. ഇന്നാണെങ്കിൽ ആരും കാണില്ല. ഇത്രയും ഇമോഷൻസ് താങ്ങാൻ പറ്റണമെന്നില്ല ആളുകൾക്ക്. ആ വിഷയം ചെയ്യണമെന്ന് തോന്നിയതുകൊണ്ട് മാത്രം ചെയ്ത സിനിമയാണത്.’ കമൽ പറഞ്ഞു.
പെരുമഴക്കാലത്തിന്റെ സ്ക്രിപ്റ്റ് വായിച്ചിട്ട് കാവ്യ മാധവൻ തന്റെ റോൾ മീര ജാസ്മിന്റെ കഥാപാത്രത്തെ അപേക്ഷിച്ച് ചെറുതാണെന്ന് പറഞ്ഞ് സംശയം പ്രകടിപ്പിച്ചുവെന്നും തനിക്കൊന്നും ചെയ്യാനില്ലേയെന്ന് ചോദിച്ചുവെന്നും കമൽ പറഞ്ഞു. തമാശക്ക് ഈ സിനിമയിലെ അഭിനയത്തിന് കാവ്യക്ക് അവാർഡ് കിട്ടുമെന്ന് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെരുമഴക്കാലം.Photo.Screen Grab/IMDb
‘റസിയയുടെ ക്യാരക്ടർ മീര ജാസ്മിൻ തന്നെ ചെയ്യണം. തിരിച്ചത് ചെയ്താൽ എനിക്ക് അക്സപ്റ്റ് ചെയ്യാൻ പറ്റില്ല. ഗംഗയായിട്ട് മീര ജാസ്മിനും റസിയയായിട്ട് കാവ്യക്കും പറ്റുമായിരിക്കും, പക്ഷേ എനിക്കെന്തോ അക്സപ്റ്റ് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. ആദ്യം രണ്ടുപേരുടെയും വേറെ വേറെയാണ് ഷൂട്ട് ചെയ്തത്. എന്നാൽ കാവ്യക്ക് ഒരു കോൺഫിഡൻസ് വരാത്ത പോലെ എനിക്ക് തോന്നി.
ഈ ക്യാരക്ടർ ചെയ്താൽ തനിക്ക് പെർഫോം ചെയ്യാൻ പറ്റുമോയെന്നൊക്കെ കാവ്യ ചോദിച്ചു. ആ ഇമോഷൻസ് ഉള്ളിലേക്കെടുത്ത് വെറുതെ നിന്ന് തന്നാൽ മതിയെന്ന് ഞാൻ പറഞ്ഞു. ഒന്ന് രണ്ട് സീനുകൾ കഴിഞ്ഞപ്പോൾ അവളറിയാതെ തന്നെ ഇമോഷൻസ് വന്നു. പിന്നെ കാവ്യ പറഞ്ഞു ഇമോഷൻസ് വരുന്നുണ്ടെന്നും താൻ ഗംഗയായി മാറിയെന്നൊക്കെ. ഞാനവളെ ആശ്വസിപ്പിക്കാൻ തമാശക്കപ്പോൾ പറഞ്ഞതാണ്, ഈ പടമെങ്ങാനും അവാർഡിന് വരുകയാണെങ്കിൽ അവാർഡ് കിട്ടുന്നത് മീരക്കായിരിക്കില്ല കാവ്യക്കായിരിക്കുമെന്ന്.’ കമൽ പറഞ്ഞു.
കാവ്യയുടെ ഗംഗ എന്ന കഥാപാത്രത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. ദേശീയ തലത്തിൽ മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രം എന്ന അവാർഡും സിനിമക്ക് ലഭിച്ചു.
Content Highlight: The remark that Kavya would receive the award instead of Meera was made in jest, just to console Kavya said Kamal