| Saturday, 30th August 2025, 8:21 pm

ട്രംപിനെ കൊന്ന സോഷ്യല്‍ മീഡിയ; അഭ്യൂഹങ്ങള്‍ക്ക് പിന്നിലെ കാരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മരിച്ചുവെന്ന അഭ്യൂഹങ്ങളുമായി സോഷ്യല്‍ മീഡിയ. ഗൂഗിള്‍ സെര്‍ച്ചിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ട്രംപിന്റെ മരണം ചര്‍ച്ചയാകുകയാണ്. എക്‌സില്‍ ഇന്നുമാത്രം ട്രംപ് ഈസ് ഡെഡ് എന്ന ഹാഷ് ടാഗില്‍ അറുപതിനായിരത്തോളം പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ യു.എസ് പ്രസിഡന്റ് മരണപ്പെട്ടുവെന്ന അഭ്യൂഹങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ല. നേരത്തെ തന്നെ ട്രംപിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയില്‍ ഉണ്ടായിരുന്നു.

ജൂലൈയില്‍ ട്രംപിന്റെ വലതു കയ്യില്‍ ചതവും കാലില്‍ നീരും കണ്ടതോടെയായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യം ഒരു ചര്‍ച്ചാവിഷയമായത്. എന്നാല്‍ വൈറ്റ് ഹൗസ് ഇതിനെ തള്ളിപറയുകയാണ് ചെയ്തത്.

പിന്നീട് ട്രംപ് തന്റെ കയ്യിലെ ചതവുകള്‍ മേക്കപ്പിട്ട് മറച്ചതാണെന്ന് കാണിക്കുന്ന തെളിവുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒടുവില്‍ 70 വയസിന് മുകളിലുള്ള ആളുകളില്‍ സാധാരണയായി കാണുന്ന ക്രോണിക് വീനസ് ഇന്‍സഫിഷ്യന്‍സിയാണെന്ന് പരിശോധനകളില്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ച വാര്‍ത്തകളും വന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ ട്രംപിന്റെ മരണം ചര്‍ച്ചയാകാന്‍ കാരണമായത് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ ഒരു അഭിമുഖമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് യു.എസ്.എ ടുഡേയ്ക്ക് വാന്‍സ് ഒരു അഭിമുഖം നല്‍കിയിരുന്നു.

ഭയാനകമായ ദുരന്തം സംഭവിച്ചാല്‍ താന്‍ യു.എസ് പ്രസിഡന്റ് സ്ഥാനമേല്‍ക്കാന്‍ തയ്യാറാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതേ അഭിമുഖത്തില്‍ തന്നെ ട്രംപ് ആരോഗ്യവാനും ഊര്‍ജസ്വലനുമാണെന്നും വാന്‍സ് പറഞ്ഞിരുന്നു.

പിന്നാലെയാണ് ട്രംപ് പൊതുവേദിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നത്. കുറച്ച് ദിവസങ്ങളായി പൊതുവേദികളിലൊന്നും ട്രംപ് പ്രത്യക്ഷപ്പെടാറില്ലായിരുന്നു. ആഗസ്റ്റ് 24നാണ് ട്രംപിനെ അവസാനമായി ലോകം നേരിട്ട് കണ്ടത്. വിര്‍ജീനിയയിലെ ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബില്‍ വെച്ചായിരുന്നു അത്.

പിന്നീട് ആഗസ്റ്റ് 26ന് അദ്ദേഹം ഒരു ടെലിവിഷന്‍ കാബിനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എന്നാല്‍ പിന്നീട് യു.എസ് പ്രസിഡന്റ് എവിടെയും നേരിട്ട് പ്രത്യക്ഷപ്പെട്ടില്ല. അതേസമയം ഇന്ന് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ അദ്ദേഹം ഒരു പോസ്റ്റിട്ടിരുന്നു.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് എതിരെ കൊണ്ടുവന്ന തീരുവ നിയമവിരുദ്ധമാണെന്ന് വിധിച്ച യു.എസ് അപ്പീല്‍ കോടതിക്ക് എതിരെ പ്രതികരിച്ചതായിരുന്നു പോസ്റ്റ്. അതേസമയം 2025 ആഗസ്റ്റില്‍ യു.എസ് പ്രസിഡന്റിന്റെ മരണം പ്രവചിച്ചതായി അവകാശപ്പെടുന്ന ദി സിംപ്‌സണ്‍സിന്റെ നിരവധി വീഡിയോ ക്ലിപ്പുകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

പലപ്പോഴും യഥാര്‍ത്ഥ ജീവിത സംഭവങ്ങള്‍ പ്രവചിക്കാനുള്ള കഴിവ് കൊണ്ട് ശ്രദ്ധ നേടിയിട്ടുള്ള അമേരിക്കന്‍ ആനിമേറ്റഡ് സിറ്റ്‌കോമാണ് ദി സിംപ്‌സണ്‍സ്. വൈറ്റ് ഹൗസില്‍ വെച്ച് സംസാരിക്കുന്നതിനിടെ നെഞ്ചുവേദന വന്ന് കുഴഞ്ഞുവീഴുന്ന കഥാപാത്രത്തെയാണ് വീഡിയോയില്‍ കാണിക്കുന്നത്.

Content Highlight: The Reason Behind Trump Is Dead Hashtag

We use cookies to give you the best possible experience. Learn more