മലയാള സിനിമയിൽ പതിറ്റാണ്ടുകളോളം ‘ക്രൂരനായ വില്ലൻ’ എന്ന ഇമേജിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച നടനാണ് ടി.ജി രവി. സ്വയം നിർമ്മിച്ച സിനിമയിൽ തന്നെ വില്ലൻ വേഷം ചെയ്ത അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പലതും കൊടും ക്രൂരതയുടെ അടയാളങ്ങളായി മാറിയിരുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുന്നത് അവതാരിക മീര, ടി.ജി രവിയോട് ചോദിച്ച ഒരു ചോദ്യവും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണ്.
‘സാർ പണ്ട് ഏറ്റവും കൂടുതൽ ബലാത്സംഗം മനോഹരമായി സ്‌ക്രീനിൽ ചെയ്‌തൊരാൾ ആണ്. അന്ന് ഇൻസ്റ്റാഗ്രാമില്ല, യൂട്യൂബില്ല, ട്രോളന്മാരില്ല ഒന്നുമില്ല.. അന്ന് അങ്ങനെ സോഷ്യൽ മീഡിയയേ ഇല്ല. സാറിന്റെ ആ സമയത്തായിരുന്നു സോഷ്യൽ മീഡിയ ഉണ്ടായിരുന്നതെങ്കിൽ എങ്ങനെ ആയേനെ?’ ഇതാണ് മീര ചോദിച്ച ചോദ്യം.
മീര അനിൽ, Photo: Meera Anil/ Facebook
ഇതിന് ടി.ജി രവി നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ‘എനിക്ക് മമ്മൂട്ടിയേക്കാൾ ആരാധകരുണ്ടായേനെ!’ എന്നാണ് ടി.ജി രവി നൽകിയ മറുപടി.
എന്നാൽ മീരയുടെ ഈ ചോദ്യത്തിനെതിരെ ഒരു വിഭാഗം പ്രേക്ഷകർ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. അതീവ ഗൗരവമുള്ള വിഷയമായ ബലാത്സംഗത്തെ ഇത്ര ലാഘവത്തോടെ ഒരു പൊതു വേദിയിൽ പരാമർശിച്ചത് ശരിയല്ലെന്നാണ് വിമർശകരുടെ അഭിപ്രായം. ഇത്തരം വിഷയങ്ങൾ എന്റർടൈൻമെന്റിന്റെ ഭാഗമായി അവതരിപ്പിക്കുന്നത് സാമൂഹികമായി തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ടി.ജി രവി, നിവിൻ പോളി, , Photo: IMDb
അതേസമയം, ടി.ജി രവിയുടെ മറുപടിയെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. ഇന്നത്തെ കാലത്ത് കുറ്റവാളികൾക്കും പീഡനാരോപിതർക്കുപോലും സോഷ്യൽ മീഡിയയിൽ ആരാധകരുണ്ടെന്ന യാഥാർത്ഥ്യത്തെയാണ് അദ്ദേഹം സർക്കാസമായി ചൂണ്ടിക്കാണിച്ചതെന്നാണ് ഒരു വിഭാഗം ആരാധകർ അഭിപ്രായപ്പെടുന്നത്. മീരയുടെ ചോദ്യം തന്നെ നിലവാരമില്ലാത്തതായതിനാലാണ് അത്തരമൊരു മറുപടി വന്നതെന്നും അവർ പറയുന്നു.
ഇത്തരത്തിലുള്ള ചോദ്യങ്ങൾ കേൾക്കുമ്പോൾ ഇന്നത്തെ തലമുറ എങ്ങനെയാണ് കാര്യങ്ങളെ കാണുന്നതെന്ന് ടി.ജി രവിക്ക് പോലും ആശ്ചര്യം തോന്നിയിട്ടുണ്ടാകാം. അതുകൊണ്ടുതന്നെ ‘മമ്മൂട്ടിയേക്കാൾ ഫാൻസ് ഉണ്ടായേനെ’ എന്നത് പരിഹാസ മറുപടി അദ്ദേഹം നൽകിയതെന്നും സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നു.
Content Highlight: The question asked by Anchor Meera became controversial.